ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസിൻ്റെ ബി 2 ബോംബർ വിമാനങ്ങൾ നടത്തിയ വ്യോമാക്രമണങ്ങളെ അസാധാരണ വിജയമാണെന്ന് വിശേഷിപ്പിച്ചത് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപാണ്. എന്നാൽ, യുഎസ് ആക്രമണങ്ങൾ യഥാർഥത്തിൽ ഉദ്ദേശിച്ചത്ര തീവ്രതയിൽ തന്നെ ഇറാൻ്റെ ആണവ സമ്പുഷ്ടീകരണ പ്രക്രിയയെ തടസപ്പെടുത്തിയോ എന്ന സംശയമാണ് നിലവിൽ ഉയരുന്നത്.
ട്രംപിൻ്റെ ഏകപക്ഷീയ നിലപാടിനെ തള്ളാതെയും കൊള്ളാതെയും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധികളും സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്ന് നടത്തിയത്. ചിലർ ട്രംപിൻ്റെ തീരുമാനങ്ങളെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചപ്പോൾ, മറ്റു ചിലർ പ്രശംസ ചൊരിയാനും മറന്നില്ല.
എന്നാൽ, യുഎസ് ആക്രമണത്തിൻ്റെ മൂർച്ച കുറയ്ക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളാണ് ഇറാൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ ഫോർദോയ്ക്ക് കാര്യമായ തകർച്ചയൊന്നും നേരിട്ടിട്ടില്ലെന്നാണ് ഇറാൻ എംപിയായ മനൻ റെയ്സി പറഞ്ഞതെന്ന് തസ്നിം ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. യുഎസിൻ്റെ അവകാശവാദങ്ങൾക്ക് വിപരീതമായി ഫോർദോയ്ക്ക് കാര്യമായ കേടുപാടുകൾ ഇല്ലെന്നാണ് ഇറാനിയൻ പാർലമെൻ്റംഗം പറയുന്നത്.
"നുണ പറയുന്ന യുഎസ് പ്രസിഡൻ്റിൻ്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി ഫോർദോ ആണവ കേന്ദ്രത്തിന് ഗുരുതരമായ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. കേടുപാടുകൾ സംഭവിച്ചതിൽ ഭൂരിഭാഗവും നിലത്ത് മാത്രമാണ്. അത് പുനഃസ്ഥാപിക്കാൻ കഴിയും. യുഎസ് ആക്രമണങ്ങൾക്ക് ശേഷം റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച കണ്ടെത്തിയിട്ടില്ല," തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഫോർദോവിലെ യുഎസ് ആക്രമണത്തിന് ശേഷം പ്രദേശവാസികൾക്ക് വലിയ സ്ഫോടനത്തിൻ്റെ ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നാണ് ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പറയുന്നത്. പ്രദേശത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലായിരുന്നു എന്നും കൂടുതൽ വിവരങ്ങൾ സാങ്കേതിക വിദഗ്ധർ റിപ്പോർട്ട് ചെയ്യുമെന്നും ഇറാൻ സർക്കാർ പ്രതിനിധി അറിയിച്ചു. ഫോർദോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ആളുകൾക്കും യാതൊരു വിധ അപകടവുമില്ലെന്നാണ് ഖോം പ്രതിനിധികൾ അറിയിക്കുന്നത്.
ഫോർദോയിലെ ഭൂഗർഭ പ്ലാൻ്റിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഇതിനോടകം തന്നെ സ്ഥലത്ത് നിന്ന് മാറ്റിയതായി ഇറാനിയൻ ഉദ്യോഗസ്ഥർ സൂചന നൽകിയിട്ടുണ്ട്. അതേസമയം, യുഎസ് വ്യോമാക്രമണം ആക്രമണങ്ങൾ ഇറാനിയൻ ആണവ പദ്ധതിയെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.