Image: X  
WORLD

'Playing for Peace'; ഡൊണാള്‍ഡ് ട്രംപിന് റൊണാള്‍ഡോയുടെ സന്ദേശം

ജി-7 ഉച്ചകോടിക്കായി ട്രംപ് കാനഡയില്‍ എത്തിയപ്പോഴാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ട്രംപിന് ജെഴ്‌സി കൈമാറിയത്.

Author : ന്യൂസ് ഡെസ്ക്

ഇസ്രയേല്‍-ഇറാന്‍ യുദ്ധ ഭീതിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാന സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 'സമാധാനത്തിനായി കളിക്കുന്നു' എന്നെഴുതിയ പോര്‍ച്ചുഗീസ് ജെഴ്‌സിയാണ് നായകന്‍ ട്രംപിന് സമ്മാനിച്ചത്. ജി-7 ഉച്ചകോടിക്കായി ട്രംപ് കാനഡയില്‍ എത്തിയപ്പോഴാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ട്രംപിന് ജെഴ്‌സി കൈമാറിയത്.

'പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപിന്, സമാധാനത്തിനായി കളിക്കുന്നു' എന്നാണ് റൊണാള്‍ഡോയുടെ കൈപ്പടയിവല്‍ ജെഴ്‌സിയില്‍ എഴുതിയത്. ഇസ്രയേല്‍-ഇറാന്‍ യുദ്ധ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഡൊണാള്‍ഡ് ട്രംപ് ജി-7 ഉച്ചകോടിക്കായി കാനഡയില്‍ എത്തിയത്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, പ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തി.

അതേസമയം, ജി-7 ഉച്ചകോടിയില്‍ നിന്ന് ട്രംപ് നേരത്തേ മടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധാനാഴ്ച വാഷിങ്ടണില്‍ തിരിച്ചെത്തേണ്ടിയിരുന്ന ട്രംപ് തിങ്കളാഴ്ച തന്നെ മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ടെഹ്‌റാനില്‍ നിന്ന് എല്ലാവരും ഒഴിയണമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ഉച്ചകോടിയില്‍ നിന്ന് ട്രംപിന്റെ നേരത്തേയുള്ള മടക്കം.

തന്നെ അനുസരിച്ച് ഇറാന്‍ ആണവ കരാറില്‍ നേരത്തേ ഒപ്പു വെക്കേണ്ടതായിരുന്നുവെന്നായിരുന്നു സോഷ്യല്‍മീഡിയയിലൂടെയുള്ള ട്രംപിന്റെ പ്രസ്താവന. ഇറാന് ആണവായുധം കൈവശം വെക്കാനാകില്ലെന്ന് താന്‍ വീണ്ടും വീണ്ടും പറയുന്നുവെന്നും എല്ലാവരും അടിയന്തരമായി ടെഹ്‌റാനില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്നുമായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

SCROLL FOR NEXT