ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും യുഎസിനോട് ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു. വ്യോമാക്രമണത്തില്‍ 24 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വടക്കന്‍ ഗാസ സിറ്റിയില്‍ ആദ്യ ആക്രമണം ഒരു കാറില്‍ ഇടിച്ചതായും തുടര്‍ന്ന് മധ്യ ദെയ്ര്‍ എല്‍-ബലാഹിലും നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പിലും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ഗാസ സിറ്റിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദെയ്ര്‍ എല്‍-ബലാഹില്‍ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
ഒക്ടോബര്‍ 10 ന് യുഎസ് മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ കുറഞ്ഞത് 497 തവണയെങ്കിലും ലംഘിച്ചിട്ടുണ്ടെന്ന് ഗാസ മീഡിയ ഓഫീസ് അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും വൃദ്ധരും അടക്കം 342 സിവിലിയന്‍സാണ് കൊല്ലപ്പെട്ടത്.
ഇസ്രയേലിന്റെ പ്രകോപനം അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും കരാറുമായി ബന്ധപ്പെട്ട മാനുഷിക പ്രോട്ടോക്കോളിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ഗാസ വ്യക്തമാക്കി. ശനിയാഴ്ച മാത്രം 27 ആക്രമണങ്ങളാണ് ഇസ്രയേലിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതില്‍ 24 പേര്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.
അതേസമയം, ഇസ്രായേല്‍ അധീനതയിലുള്ള പ്രദേശത്ത് ഹമാസ് നടത്തിയ ആക്രമണത്തിന്റെ മറുപടിയാണിതെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ആക്രമണത്തില്‍ ഹമാസിന്റെ അഞ്ച് പേരെ വധിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു.