WORLD

ഓസ്‌ട്രേലിയയില്‍ കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ വിലക്ക്; നിയമനടപടിയുമായി റെഡ്ഡിറ്റ്

'പ്രായപരിധി നിര്‍ണ്ണയിച്ചിട്ടുള്ള' ആപ്പ് അല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ നിരോധിത പ്ലാറ്റ്ഫോമുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും റെഡ്ഡിറ്റ്

Author : ന്യൂസ് ഡെസ്ക്

പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കുള്ള സോഷ്യല്‍മീഡിയ വിലക്കില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെതിരെ നിയമനടപടിയുമായി റെഡ്ഡിറ്റ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയ ആദ്യത്തെ രാജ്യമാണ് ഓസ്‌ട്രേലിയ.

ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, എക്‌സ്, ടിക് ടോക്ക് അടക്കമുള്ള വമ്പന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെല്ലാം ഉള്‍പ്പെടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് ലംഘിക്കുന്ന കമ്പനികള്‍ക്ക് കനത്ത പിഴയും ചുമത്തുന്നതാണ് നിയമം.

ഈ നിയമത്തിനെതിരെയാണ് യുഎസ് ആസ്ഥാനമായ റെഡ്ഡിറ്റ് കോടതിയെ സമീപിച്ചത്. നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്താണ് റെഡ്ഡിറ്റ് കോടതിയെ സമീപിച്ചത്. കൂടാതെ 'പ്രായപരിധി നിര്‍ണ്ണയിച്ചിട്ടുള്ള' ആപ്പ് അല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ നിരോധിത പ്ലാറ്റ്ഫോമുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും റെഡ്ഡിറ്റ് വാദിക്കുന്നു.

നിയമം, രാഷ്ട്രീയ ആശയവിനിമയത്തിന്റെ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്നും റെഡ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു. നിയമം ഓസ്ട്രേലിയന്‍ ഹൈക്കോടതി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു. ഏതൊക്കെ പ്ലാറ്റ്‌ഫോമുകളാണ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതെന്നതില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് കൃത്യമായ ധാരണയില്ലെന്നും റെഡ്ഡിറ്റ് ചൂണ്ടിക്കാട്ടി. 16 വയസ്സിന് താഴെയുള്ള വലിയ ഉപയോക്തൃ ഗ്രൂപ്പുകളുള്ള ചില ആപ്പുകളെ ഒഴിവാക്കിയിട്ടുണ്ട്.

റോബ്ലോക്‌സ്, പിന്‍ട്രെസ്റ്റ്, വാട്ട്സ്ആപ്പ് എന്നിവ അടക്കമുള്ള ആപ്പുകളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, പട്ടിക അവലോകനം തുടരുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനായാണ് 16 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കിയത്. മൊബൈല്‍ സ്‌ക്രീനുകളോടുള്ള ആസക്തിയെ സിഗരറ്റും മദ്യവും ഉപയോഗിക്കുന്നതുമായാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ താരതമ്യപ്പെടുത്തുന്നത്.

ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടിയോട് അനുകൂല സമീപനമാണ് മറ്റ് പല രാജ്യങ്ങളും സ്വീകരിച്ചത്. ഓസ്ട്രേലിയന്‍ മോഡല്‍ പഠിക്കുകയും വേണ്ടി വന്നാല്‍ നടപ്പിലാക്കുമെന്നുമാണ് ഡെന്മാര്‍ക്ക്, ന്യൂസിലന്‍ഡ്, മലേഷ്യ പോലുള്ള രാജ്യങ്ങള്‍ അറിയിച്ചത്.

SCROLL FOR NEXT