WORLD

"നെതന്യാഹുവിനൊപ്പമല്ല , അറബ് പാര്‍ട്ടികൾക്കും പിന്തുണയില്ല"; പ്രതിപക്ഷ സഖ്യകക്ഷികളുമായുള്ള ബന്ധം വിഛേദിച്ച് അവിഗ്‌ദോര്‍ ലിബര്‍മാന്, ലക്ഷ്യമെന്ത്?

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ് അവിഗ്‌ദോര്‍.

Author : ന്യൂസ് ഡെസ്ക്

ടെല്‍ അവീവ്: യിസ്രായേല്‍ ബെയ്തേനു പാര്‍ട്ടി ചെയര്‍മാന്‍ അവിഗ്‌ദോര്‍ ലിബര്‍മാന്‍ പ്രതിപക്ഷ സഖ്യകക്ഷികളുമായുള്ള ബന്ധം വിഛേദിച്ചെന്ന് റിപ്പോര്‍ട്ട്. നെതന്യാഹുവിന്റെ സര്‍ക്കാരില്‍ ചേരില്ലെന്നും അറബ് പാര്‍ട്ടികളുടെ പിന്തുണയെ ആശ്രയിക്കുന്ന ന്യൂനപക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്നും അവിഗ്‌ദോര്‍ ലിബര്‍മാന്‍ പറഞ്ഞു. അതേസമയം യാഷര്‍ ചെയര്‍മാന്‍ ഗാദി എയ്‌സന്‍കോട്ടിന്റെയോ ബെയാഖാഡ് ചെയര്‍മാന്‍ നഫ്താലി ബെന്നെറ്റിന്റെയോ ഫോണ്‍ കോളുകള്‍ സ്വീകരിച്ചിട്ടുമില്ല.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ് അവിഗ്‌ദോര്‍. ഇസ്രയേലിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയാണ് യിസ്രായേല്‍ ബെയ്‌തേനു. അതേസമയം ഇക്കുറി എയ്സൻകോട്ട്- നെതന്യാഹു സഖ്യ സർക്കാർ അധികാരത്തിൽ വരുമെന്നാണ് അവിഗ്ദോർ പ്രതീക്ഷിക്കുന്നതെന്നും ഇസ്രയേൽ മാധ്യമമായ ഇസ്രയേൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി നയിക്കുന്ന വലതുപക്ഷ സഖ്യമാണ് നിലവില്‍ മുന്നില്‍, എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 61 സീറ്റുകള്‍ ഒരു മുന്നണിക്കും ലഭിച്ചിട്ടുമില്ല.

90 ശതമാനം വോട്ടും എണ്ണിക്കഴിയുമ്പോഴും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റ് നിലയില്‍ ലികുഡ് പാര്‍ട്ടി മുന്നിലാണെങ്കിലും നെതന്യാഹുവിന്റെ വിധി നിര്‍ണയിക്കുന്നതില്‍ അറബ് സഖ്യങ്ങളുടെ നിലപാട് നിര്‍ണായകമാകും. നിലവില്‍ 53 സീറ്റുകളില്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ഒതുങ്ങിയേക്കുമെന്നാണ് വിലയിരുത്തലുകള്‍.

യാഷര്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിന് നിലവില്‍ 48 സീറ്റുകളുണ്ട്. എന്നാല്‍ അറബ് പാര്‍ട്ടികള്‍ 19 സീറ്റുകള്‍ നേടി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

നവംബര്‍ നാലിനാണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുക. അതിന് ശേഷം ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പ്രസിഡന്റ് ക്ഷണിക്കും. സഖ്യകക്ഷികളെ കൂടി ചേര്‍ത്ത് കേവലഭൂരിപക്ഷം തികയ്ക്കാനായാല്‍ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാം.

SCROLL FOR NEXT