1999-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗായ 77.7% രേഖപ്പെടുത്തിക്കൊണ്ട് ഇസ്രായേൽ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ രാജ്യം ചെന്നുപെട്ടിരിക്കുന്നത് സമാനതകളില്ലാത്ത ഒരു രാഷ്ട്രീയ അനിശ്ചിതത്വത്തിലാണ് . 120 അംഗങ്ങളുള്ള പാർലമെന്റിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ തികയ്ക്കാൻ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോ, അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായ മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിനോ സാധിക്കില്ലെന്നാണ് സൂചനകള്‍.
ഈ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള താക്കോൽ ഇപ്പോൾ എത്തിനിൽക്കുന്നത് ഇത്രയും കാലം ജൂത രാഷ്ട്രീയ പാർട്ടികൾ "തീണ്ടിക്കൂടാത്തവർ" എന്ന് മുദ്രകുത്തി മാറ്റിനിർത്തിയ അറബ് രാഷ്ട്രീയ പാർട്ടികളുടെ കൈകളിലാണ്.
75% കടന്ന അറബ് പോളിംഗും 19 സീറ്റുകളും
ഇസ്രായേലിലെ ജനസംഖ്യയുടെ 21 ശതമാനത്തോളം വരുന്ന അറബ് വോട്ടർമാർ ചരിത്രത്തിലാദ്യമായി 75 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയതാണ് തിരഞ്ഞെടുപ്പ് ചിത്രത്തെ മാറ്റിമറിച്ചത്. ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാരെ പ്രതിനിധീകരിക്കുന്ന രണ്ട് പ്രധാന രാഷ്ട്രീയ കൂട്ടായ്മകളായ റാം പാർട്ടിയും ജോയിന്റ് ലിസ്റ്റും ചേർന്ന് 13 മുതൽ 16 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. ഇസ്രായേൽ ചരിത്രത്തിൽ അറബ് ജനത നേടുന്ന ഏറ്റവും വലിയ പ്രാതിനിധ്യമാണിത്.
1948-ൽ ഇസ്രായേൽ സ്ഥാപിതമായപ്പോൾ അവിടെ അവശേഷിച്ച പാലസ്തീനികളുടെ പിൻതലമുറക്കാരാണിവർ. പൗരത്വവും വോട്ടവകാശവുമുണ്ടെങ്കിലും, ഭൂമി അനുവദിക്കുന്നതിലും വികസന ഫണ്ടുകളിലും കടുത്ത വിവേചനം ഇവർ നേരിടുന്നുണ്ട്. പ്രത്യേകിച്ച് 2018-ലെ വിവാദപരമായ 'നേഷൻ സ്റ്റേറ്റ് നിയമം' വഴി ഇസ്രായേലിനെ ജൂത ജനതയുടെ മാത്രം ദേശീയ രാഷ്ട്രമായി പ്രഖ്യാപിച്ചത് ഇവരെ രണ്ടാം തരം പൗരന്മാരാക്കി മാറ്റിയെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
നെതന്യാഹുവിന്റെ തിരിച്ചടി
തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കടുത്ത അറബ് വിരുദ്ധതയായിരുന്നു നെതന്യാഹുവിന്റെ പ്രധാന ആയുധം. ഇസ്രായേലിലെ ഏറ്റവും വലിയ അറബ് നഗരമായ നസ്രത്തിന്റെ കവാടത്തിൽ പോലും ഒന്നുകിൽ ജൂത വലതുപക്ഷം അല്ലെങ്കിൽ ഫലസ്തീൻ എന്ന ബോർഡുകൾ വെച്ചും, എതിരാളികൾ അറബ് നേതാക്കളുമായി സഖ്യമുണ്ടാക്കാൻ പോകുന്നുവെന്ന് ഭയപ്പെടുത്തിക്കൊണ്ടുമുള്ള എഐ വീഡിയോകൾ പ്രചരിപ്പിച്ചും നെതന്യാഹു വോട്ട് തേടി. എന്നാൽ ഈ ഭയപ്പെടുത്തൽ തന്ത്രം അറബ് വോട്ടർമാരെ കൂട്ടത്തോടെ പോളിംഗ് ബൂത്തുകളിലേക്ക് എത്തിക്കാൻ കാരണമായി.
ഐസൻകോട്ടിന്റെ നിബന്ധനകളും മൻസൂർ അബ്ബാസിന്റെ നിലപാടും
ഭരണം പിടിക്കാൻ അറബ് പാർട്ടികളുടെ പിന്തുണ അനിവാര്യമാണെങ്കിലും, സ്വന്തം വലതുപക്ഷ വോട്ടർമാരെ ഭയന്ന് ഗാദി ഐസൻകോട്ട് നാല് കഠിനമായ മുൻവ്യവസ്ഥകൾ മുന്നോട്ടുവെച്ചിട്ടുണ്ട്: ഇസ്രായേലിനെ ജൂത-ജനാധിപത്യ രാഷ്ട്രമായി അംഗീകരിക്കുക. ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപന മൂല്യങ്ങൾ സ്വീകരിക്കുക. അറബ് പൗരന്മാർക്ക് നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തുക. ഹമാസിനെ നിരുപാധികം ഭീകര സംഘടനയായി തള്ളിപ്പറയുക. എന്നിവയാണ് ഇവ.
ഇതിൽ റാം പാർട്ടിയുടെ നേതാവ് മൻസൂർ അബ്ബാസ് വിട്ടുവീഴ്ചകൾക്ക് തയ്യാറുള്ള ഒരു പ്രായോഗിക രാഷ്ട്രീയക്കാരനാണ്. 2021-ൽ നഫ്താലി ബെന്നറ്റ് സർക്കാരിൽ പങ്കാളിയായ അബ്ബാസ്, നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ മന്ത്രിമാരായ സ്മോട്രിച്ചിനെയും ബെൻ-ഗ്വിറിനെയും പുറത്താക്കുക എന്നതാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. "വെറും പാർലമെന്റ് പ്രാതിനിധ്യമല്ല, മറിച്ച് തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന അധികാര പങ്കാളിത്തമാണ് ഞങ്ങൾക്ക് വേണ്ടത്" അദ്ദേഹം ബിബിസിയോട് പറഞ്ഞു.
എന്നാൽ 11-ലധികം സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്ന ജോയിന്റ് ലിസ്റ്റ് അത്ര പെട്ടെന്ന് വഴങ്ങില്ല. "ഞങ്ങൾക്ക് മേൽ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കാൻ ഐസൻകോട്ടിന് കഴിയില്ല, ഞങ്ങൾ തുല്യരായി മാത്രമേ ചർച്ചകൾക്ക് ഇരിക്കൂ" എന്ന് ഹദാഷ് പാർട്ടി ജനറൽ സെക്രട്ടറി അംജദ് ഷബിത വ്യക്തമാക്കി.
ചുരുക്കത്തിൽ, ഇത്രയും കാലം അരികുവൽക്കരിക്കപ്പെട്ട അറബ് ന്യൂനപക്ഷത്തിന്റെ പിന്തുണയില്ലാതെ ഇസ്രായേലിൽ ഒരു സർക്കാരിനും നിലനിൽക്കാനാവില്ല എന്ന അവസ്ഥ വന്നിരിക്കുന്നു. അധികാരത്തിനായി തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളുമായി ആര് സഖ്യമുണ്ടാക്കും എന്നതാണ് വരും ദിവസങ്ങളിൽ പശ്ചിമേഷ്യ ഉറ്റുനോക്കുന്നത്.