അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ലയുടെ യാത്രയുടെ കാത്തിരിപ്പ് ഇനിയും നീളും. ശുഭാൻഷു ശുക്ല ഉൾപ്പെട്ട ആക്സിയം 4 ദൗത്യത്തിൻ്റെ വിക്ഷേപണം വീണ്ടും മാറ്റി. റോക്കറ്റിൻ്റെ സാങ്കേതിക തകരാർ കാരണമാണ് ദൗത്യം മാറ്റിവെച്ചത്. വിക്ഷേപണം മാറ്റിവെച്ചതായി സ്പേസ്‌എക്സ് എക്സ് പോസ്റ്റിൽ അറിയിച്ചു.
വിക്ഷേപണത്തിൻ്റെ പുതുക്കിയ തിയതിയെ കുറിച്ച് സ്ഥിരീകരിച്ചിട്ടില്ല. നാളെ വിക്ഷേപണം നടന്നേക്കാനും സാധ്യതയുണ്ട്. സാങ്കേതിക തകരാറുകൾ പരിഹരിച്ച് കഴിഞ്ഞാൽ പുതിയ വിക്ഷേപണ തീയതി അറിയിക്കുമെന്നും എക്സ് പോസ്റ്റിൽ പറയുന്നു. നാലാം തവണയാണ് ആക്സിയം 4 വിക്ഷേപണം മാറ്റിവെക്കുന്നത്.
ആക്സിയം സ്പേസ്, നാസ, സ്പേസ് എക്സ്, ഐഎസ്ആർഒ എന്നിവരുടെ സംയുക്ത പരിശ്രമമാണ് ആക്സിയം -4 ദൗത്യം. രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും, അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാകാനാണ് 39-കാരനായ ശുഭാൻഷു ശുക്ല തയ്യാറെടുക്കുന്നത്.
രണ്ടാഴ്ച ബഹിരാകാശത്ത് ചിലവഴിച്ച ശേഷമാകും ശുഭാൻഷു അടക്കമുള്ള നാലംഗ സംഘം തിരിച്ചെത്തുക. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് ദൗത്യസംഘത്തില്‍ ശുഭാൻഷുവിനൊപ്പമുള്ളത്. ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റനാണ് ശുഭാൻഷു ശുക്ല. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്നാണ് വിക്ഷേപണം നടക്കുക.
ബഹിരാകാശ നിലയത്തിൽ കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളിൽ ശുഭാൻഷു ഏഴ് പരീക്ഷണങ്ങൾ നടത്തും. ഗുരുത്വാകർഷണബലം തീരെ കുറഞ്ഞ ബഹിരാകാശ നിലയത്തിൽ ഭക്ഷ്യവിത്തുകളുടെ വളർച്ച എങ്ങനെയാണെന്നും, ഇതിൽ നിന്നുള്ള വിളവ് സംബന്ധിച്ചുമുള്ള പഠനമാണ് ഇതിൽ ഒന്ന്. വെള്ളായണി കാർഷിക കോളേജും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുമടക്കം ചേർന്നാണ് ഈ പരീക്ഷണം പൂർത്തിയാക്കിയത്.
ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ ദൗത്യം. കാരണം ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഐഎസ്ആർഒയുടെ നാല് ബഹിരാകാശ യാത്രികരിൽ ഒരാളാണ് ശുഭാൻഷു. അതുകൊണ്ട് തന്നെ ശുഭാൻഷുവിൻ്റെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.