ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റനാണ് ശുഭാൻഷു ശുക്ല Source: Axiom Space
WORLD

ചരിത്രം സൃഷ്ടിക്കാൻ ശുഭാൻഷു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ജൂൺ 10ന്

രണ്ടാഴ്ച ബഹിരാകാശത്ത് ചിലവഴിച്ച ശേഷമാകും ശുഭാൻഷു അടക്കമുള്ള നാലംഗ സംഘം തിരിച്ചെത്തുക

Author : ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായി, ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. മൂന്ന് തവണ മാറ്റിവെച്ച ആക്സിയം 4 ദൗത്യം ഈ മാസം 10 ന് വീണ്ടും വിക്ഷേപണം നടത്തും. രണ്ടാഴ്ച ബഹിരാകാശത്ത് ചിലവഴിച്ച ശേഷമാകും ശുഭാൻഷു അടക്കമുള്ള നാലംഗ സംഘം തിരിച്ചെത്തുക.

മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് ദൗത്യസംഘത്തില്‍ ശുഭാൻഷുവിനൊപ്പമുള്ളത്. ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റനാണ് ശുഭാൻഷു ശുക്ല. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് ജൂൺ 10 വൈകുന്നേരം 5:52 നാണ് വിക്ഷേപണം.

ബഹിരാകാശ നിലയത്തിൽ കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളിൽ ശുഭാൻഷു ഏഴ് പരീക്ഷണങ്ങൾ നടത്തും. ഗുരുത്വാകർഷണബലം തീരെ കുറഞ്ഞ ബഹിരാകാശ നിലയത്തിൽ ഭക്ഷ്യവിത്തുകളുടെ വളർച്ച എങ്ങനെയാണെന്നും, ഇതിൽ നിന്നുള്ള വിളവ് സംബന്ധിച്ചുമുള്ള പഠനമാണ് ഇതിൽ ഒന്ന്. വെള്ളായണി കാർഷിക കോളേജും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുമടക്കം ചേർന്നാണ് ഈ പരീക്ഷണം പൂർത്തിയാക്കിയത്.

ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ ദൗത്യം. കാരണം ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഐഎസ്ആർഒയുടെ നാല് ബഹിരാകാശ യാത്രികരിൽ ഒരാളാണ് ശുഭാൻഷു. അതുകൊണ്ട് തന്നെ ശുഭാൻഷുവിൻ്റെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

ഗഗൻയാൻ യാത്രയ്ക്ക് വേണ്ടി സ്വീകരിച്ചിട്ടുള്ള തയ്യാറെടുപ്പുകളുടെ പ്രായോഗികതയും പോരായ്മയും മനസിലാക്കാൻ ശുഭാൻഷുവിൻ്റെ ഈ യാത്ര ഉപകരിക്കും. ശുഭാൻഷുവിൻ്റെ യാത്ര ചിലവ് വഹിക്കുന്നതും ഇന്ത്യയാണ്. ഇതിനായി 413 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ട്.

ആരാണ് ശുഭാൻഷു ശുക്ല

ഇന്ത്യൻ വ്യോമസേനയുടെ പരിചയസമ്പന്നനായ ടെസ്റ്റ് പൈലറ്റും, ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് പറക്കുന്ന നാല് ബഹിരാകാശ യാത്രികരിൽ ഒരാളുമാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. ഫ്ലൈയിംഗ് ഓഫീസർ റാങ്കോടെ ഇന്ത്യൻ എയർഫോഴ്‌സിൻ്റെ ഫൈറ്റർ സ്ട്രീമിലേക്ക് ശുഭാൻഷു കമ്മീഷൻ ചെയ്യപ്പെട്ടിരുന്നു. സുഖോയ് 30 MKI, മിഗ് 21, മിഗ് 29, ജാഗ്വാർ, ഹോക്ക്, ഡോർണിയർ 228, എഎൻ 32 എന്നിവയുൾപ്പെടെ വിവിധ വിമാനങ്ങളിൽ ഏകദേശം 2000 മണിക്കൂർ പറക്കൽ പരിചയമുള്ള പരിചയ സമ്പന്നനായ ടെസ്റ്റ് പൈലറ്റാണ് അദ്ദേഹം. 2006 ജൂണിലാണ് എയർ ഫോഴ്സ് അക്കാദമിയിൽ നിന്ന് ബിരുദം സ്വന്തമാക്കിയത്.

SCROLL FOR NEXT