
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. ഇലോൺ മസ്കിനോട് സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. അങ്ങനെ ആലോചന പോലുമില്ലെന്ന് ട്രംപ് പറഞ്ഞു. എലോൺ മസ്‌കുമായി ഇന്ന് വൈകുന്നേരം ഒരു ഫോൺ കോൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെന്ന റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ, ആ മനോനില തെറ്റിയ ആളോടോ എന്ന് ട്രംപ് ചോദിച്ചതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ട്രംപും മസ്കും തമ്മിൽ ഫോൺ സംഭാഷണം നടന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം, തർക്കം രൂക്ഷമാകുന്നതിനിടെ തൻ്റെ ചുവപ്പ് ടെസ്‌ല കാർ ട്രംപ് വിൽക്കാനൊരുങ്ങുന്നതായും റിപ്പോർട്ട്. മാർച്ചിൽ വാങ്ങിയ ടെസ്‌ല മോഡൽ എസ് കാർ വിൽക്കുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ആഴ്ചകളായി ആ കാർ വൈറ്റ് ഹൗസിൽ പാർക്ക് ചെയ്തിരിക്കുകയാണെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.
യുഎസ് കാര്യക്ഷമതാ വകുപ്പില്‍ (DOGE) നിന്ന് പടിയിറങ്ങിയതിനു പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമർശനങ്ങളായിരുന്നു മസ്ക് ഉയർത്തിയത്. ട്രംപിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ ടെസ്‌ല സിഇഒ റിപ്പബ്ലിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സമൂഹമാധ്യമമായ എക്സ് വഴിയായിരുന്നു മസ്കിന്റെ ആരോപണങ്ങള്‍.
ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്സ്റ്റീന്റെ കേസ് ഫയലുകളില്‍ ട്രംപിൻ്റെ പേരുണ്ടെന്നാണ് ഇലോണ്‍ മസ്കിന്റെ പ്രധാന ആരോപണം. അതുകൊണ്ടാണ് കേസ് ഫയലുകൾ പുറത്ത് വരാത്തതെന്നും മസ്ക് ആരോപിച്ചു. "ശരിക്കും ഒരു വലിയ ബോംബ് ഇടേണ്ട സമയമായിരിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ പേര് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാർഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു! ഈ പോസ്റ്റ് ഭാവിയിലേക്ക് അടയാളപ്പെടുത്തുക. സത്യം പുറത്തുവരും," മസ്‌ക് എക്സില്‍ കുറിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ യുഎസ് പ്രസിഡൻ്റാക്കണമെന്നും മസ്ക് ആവശ്യപ്പെട്ടിരുന്നു. താൻ ഇല്ലായിരുന്നെങ്കിൽ ഡൊണാള്‍ഡ് ട്രംപ് 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നുവെന്നും ഇലോണ്‍ മസ്ക് പറഞ്ഞിരുന്നു. രാജിവെച്ച ഡോജ് മുൻ മേധാവിയിൽ താൻ 'നിരാശനാണെന്ന്' ട്രംപ് പറഞ്ഞതിന് പിന്നാലെയായിരുന്നു മസ്കിൻ്റെ പ്രതികരണങ്ങള്‍.