IMAGE: x  
WORLD

ഷെയ്ഖ് ഹസീനയുടെ പിതാവിന് പകരം ക്ഷേത്രങ്ങളും പൈതൃക ചിഹ്നങ്ങളും; ബംഗ്ലാദേശില്‍ പുതിയ കറന്‍സി നോട്ടുകള്‍

പുതിയ നോട്ടുകളില്‍ വ്യക്തികളുടെ ചിത്രങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് വക്താവ്

Author : ന്യൂസ് ഡെസ്ക്

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പുതിയ നീക്കം. രാജ്യത്ത് പുതുതായി പുറത്തിറക്കിയ കറന്‍സികളില്‍ നിന്ന് ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശ് സ്ഥാപക പ്രസിഡന്റുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തു. ഞായറാഴ്ചയാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്.

ഹസീനയ്‌ക്കെതിരെ വിചാരണ നടപടികള്‍ ആരംഭിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. പുതിയ നോട്ടുകളില്‍ വ്യക്തികളുടെ ചിത്രങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും ബംഗ്ലാദേശിലെ പ്രകൃതിദൃശ്യങ്ങളും പൈതൃക ചിഹ്നങ്ങളുമാകും ഉണ്ടാകുക എന്നാണ് ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് വക്താവ് ആരിഫ് ഹുസൈന്‍ ഖാന്റെ വിശദീകരണം.

ഇതുവരെ ബംഗ്ലാദേശിലെ കറന്‍സി നോട്ടുകളിലെല്ലാം ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. 1971 ല്‍ ബംഗ്ലാദേശ് സ്വതന്ത്രമായതു മുതല്‍ 1975 ല്‍ പട്ടാള അട്ടിമറിയില്‍ കൊല്ലപ്പെടുന്നതു വരെ മുജീബുറഹ്‌മാന്‍ ആയിരുന്നു രാജ്യത്തെ നയിച്ചത്.

പുതിയ കറന്‍സി നോട്ടുകളില്‍ ബംഗ്ലാദേശിലെ ഹിന്ദു, ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്തരിച്ച ചിത്രകാരന്‍ സൈനുല്‍ ആബിദിന്റെ ചിത്രങ്ങളും പാകിസ്ഥാനുമായുള്ള സ്വാതന്ത്ര്യ സമര കാലത്ത് കൊല്ലപ്പെട്ട രക്തസാക്ഷികളുടെ സ്മാരകങ്ങളും പുതിയ നോട്ടുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

മൂന്ന് നോട്ടുകളാണ് ഇന്ന് പുറത്തിറങ്ങിയത്. കൂടുതല്‍ കറന്‍സി നോട്ടുകള്‍ വരും ദിവസങ്ങളില്‍ പുറത്തിറക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് വക്താവ് അറിയിച്ചു. പുതിയ നോട്ടുകള്‍ക്കൊപ്പം നിലവിലുള്ള നോട്ടുകളും നാണയങ്ങളും പ്രചാരത്തിലുണ്ടാകും.

അതേസമയം, 2024ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നടന്ന അടിച്ചമര്‍ത്തലുകളില്‍ ഹസീനയ്‌ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റങ്ങള്‍ ചുമത്തി. സുരക്ഷാ സേനയോടും രാഷ്ട്രീയ പാര്‍ട്ടിയോടും അനുബന്ധ ഗ്രൂപ്പുകളോടും ഹസീന നേരിട്ട് ഓപ്പറേഷന്‍ നടത്താന്‍ ഉത്തരവിട്ടതായും അതിന്റെ ഫലമായി വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു.

SCROLL FOR NEXT