ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റങ്ങൾ ചുമത്തി പ്രോസിക്യൂട്ടർമാർ. 2024ലെ വിദ്യാർഥി നേതൃത്വത്തിലുള്ള കലാപത്തിനിടെ അക്രമാസക്തമായ അടിച്ചമർത്തലുകളിൽ പങ്കുവഹിച്ചുവെന്നാരോപിച്ചാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെ ബംഗ്ലാദേശ് പ്രോസിക്യൂട്ടർമാർ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചുമത്തിയത്.
സുരക്ഷാ സേനയോടും രാഷ്ട്രീയ പാർട്ടിയോടും അനുബന്ധ ഗ്രൂപ്പുകളോടും ഹസീന നേരിട്ട് ഓപ്പറേഷൻ നടത്താൻ ഉത്തരവിട്ടതായും അതിന്റെ ഫലമായി വൻ നാശനഷ്ടങ്ങൾ ഉണ്ടായതായും അന്വേഷണ റിപ്പോർട്ട് കണ്ടെത്തിയിരുന്നു. "ഈ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതായിരുന്നു," വീഡിയോ തെളിവുകളും വിവിധ ഏജൻസികൾ തമ്മിലുള്ള എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങളും ഉദ്ധരിച്ച് ഞായറാഴ്ച നടന്ന ഒരു ടെലിവിഷൻ ഹിയറിംഗിൽ ചീഫ് പ്രോസിക്യൂട്ടർ താജുൽ ഇസ്‌ലാം പറഞ്ഞു.
കേസിൽ 81 പേരെ സാക്ഷികളാക്കിയതായും ഇസ്‌ലാം പറഞ്ഞു. കലാപ സമയത്ത് സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളുടെ കമാൻഡ് ഉത്തരവാദിത്തം ഹസീനയ്ക്കായിരുന്നുവെന്നും പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
15 വർഷം പ്രധാനമന്ത്രിയായി ഭരിച്ച ഹസീന ഓഗസ്റ്റിൽ രാജിവയ്ക്കുകയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളോളം തെരുവിലിറങ്ങിയ ദശലക്ഷക്കണക്കിന് പ്രതിഷേധക്കാരുടെ സമ്മർദത്തെത്തുടർന്ന് ബംഗ്ലാദേശിൽ നിന്ന് ന്യൂ ഡൽഹിയിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു. ഇവരും കുടുംബാംഗങ്ങളും അഴിമതി ആരോപണങ്ങളും നേരിടുന്നുണ്ട്.