ധാക്ക: താരിഖ് റഹ്മാൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ബംഗ്ലാദേശിൽ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ മുൻ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെതിരെ ഗുരുതര ആരോപണവുമായി ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ. മുൻ മുഖ്യ ഉപദേഷ്ടാവും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ് തന്നെ ഭരണഘടനാ വിരുദ്ധമായ രീതിയിൽ സ്ഥാനത്തുനിന്ന് നീക്കാൻ ഗൂഢാലോചന നടത്തിയതായി ഷഹാബുദ്ദീൻ ആരോപിച്ചു. ഒരു ബംഗാളി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ യൂനുസിൻ്റെ ഭരണകാലത്ത് ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താനും ഭരണഘടനാ ശൂന്യത സൃഷ്ടിക്കാനും ശ്രമങ്ങൾ നടന്നതായും ഷഹാബുദ്ദീൻ പറഞ്ഞു.
ആ ഒന്നര വർഷത്തിനിടയിൽ, ഒരു ചർച്ചയിലും പങ്കെടുക്കാതിരിന്നിട്ടും തനിക്കെതിരെ വിവിധ ഗൂഢാലോചനകൾ നടന്നതായും രാജ്യത്തിൻ്റെ സമാധാനവും ക്രമസമാധാനവും ശാശ്വതമായി തകർക്കാനും ഭരണഘടനാപരമായ ഒരു ശൂന്യത സൃഷ്ടിക്കാനും നിരവധി ശ്രമങ്ങൾ നടന്നതായും ഷഹാബുദ്ദീൻ ആരോപിച്ചു. ഇടക്കാല സർക്കാരിൻ്റെ കാലത്ത് മുൻ മുഖ്യ ഉപദേഷ്ടാവ് യൂനസ് തന്നോട് ഭരണഘടനാപരമായി ആവശ്യമായ ആശയവിനിമയം നടത്തിയിരുന്നില്ലെന്നും, വിദേശ സന്ദർശനങ്ങളെക്കുറിച്ച് തനിക്ക് അറിയിപ്പോ സംസ്ഥാന സംബന്ധിയായ കാര്യങ്ങളെക്കുറിച്ച് വിശദീകരണമോ ലഭിച്ചിട്ടില്ലെന്നും പ്രസിഡൻ്റ് കലർ കാന്തോയോട് പറഞ്ഞു.
ഭരണഘടനയിലെ ഒരു വ്യവസ്ഥയും മുഖ്യ ഉപദേഷ്ടാവ് പാലിച്ചിരുന്നില്ല. വിദേശത്തേക്ക് പോയി തിരിച്ചെത്തിയ ശേഷം പ്രസിഡൻ്റിനെ കാണുകയും പോയ കാര്യങ്ങൾ സംബന്ധിച്ച് രേഖാമൂലം എന്നെ അറിയിക്കുകയും ചെയ്യണമായിരുന്നു. അദ്ദേഹം 14 മുതൽ 15 തവണ വിദേശയാത്ര നടത്തിയിരുന്നു. പക്ഷേ ഒരിക്കൽ പോലും എന്നെ അറിയിച്ചില്ല. അദ്ദേഹം ഒരിക്കലും എന്നെ കാണാൻ വന്നില്ല. ഷഹാബുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ തന്നെ കൊട്ടാര തടവുകാരനാക്കിയെന്നും കൊസോവോയിലേക്കും ഖത്തറിലേക്കും നടത്തിയ രണ്ട് വിദേശ സന്ദർശനങ്ങൾ യൂനുസ് ഭരണകൂടം തടഞ്ഞുവെന്നും ഷഹാബുദ്ദീൻ ആരോപിച്ചു.തെരഞ്ഞെടുപ്പിന് മുമ്പ് ഇടക്കാല സർക്കാർ അമേരിക്കയുമായി ഉണ്ടാക്കിയ അവസാന കരാറിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായ മാർഗങ്ങളിലൂടെ ഒരു മുൻ ചീഫ് ജസ്റ്റിസിനെ കൊണ്ടുവന്ന് എൻ്റെ സ്ഥാനത്ത് ഇരുത്താൻ ഗൂഢാലോചന നടന്നിരുന്നു. എന്നാൽ ഭരണഘടനാ പരിമിതികൾ ചൂണ്ടിക്കാട്ടി ജഡ്ജി ആ നിർദേശം നിരസിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.