WORLD

WORLD MATTERS | അര്‍ധരാത്രി ആകാശത്തേക്ക് വെടിവയ്പ്പ്; ശത്രു ആരെന്നറിയാതെ നടത്തിയ യുദ്ധം; യുഎസ് സൈനിക ചരിത്രത്തിലെ നിഗൂഢത

ഒടുവില്‍, ഓള്‍ ക്ലിയര്‍ സന്ദേശമെത്തിയതോടെ യുദ്ധം അവസാനിപ്പിച്ചു. പക്ഷേ, ശത്രു ആക്രമണത്തിന്റെ തെളിവുകളൊന്നും കണ്ടെത്താനായില്ല.

Author : എസ്. ഷാനവാസ്

1942 ഫെബ്രുവരി 24. സമയം പുലര്‍ച്ചെ രണ്ട് മണി. യുഎസിലെ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസ് നഗരം ഉറക്കത്തിലായിരുന്നു. പൊടുന്നനെ, ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് സൈറണുകള്‍ മുഴങ്ങി. നഗരത്തില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുന്നു. വീടുകളിലെയും, നഗരങ്ങളിലെയും ലൈറ്റുകള്‍ എല്ലാം അണഞ്ഞു. പക്ഷേ, പുറത്ത് ശക്തിയേറിയ വെളിച്ചമുണ്ടായിരുന്നു. ആളുകള്‍ പരിഭ്രാന്തരായി ജനാലകളിലൂടെ പുറത്തേക്ക് നോക്കി. നഗരത്തിന്റെ വിവിധയിടങ്ങളില്‍ യു.എസ് സൈന്യം നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. അവര്‍ അതിശക്തിയേറിയ സെര്‍ച്ച് ലൈറ്റുകള്‍ ആകാശത്തേക്ക് തെളിച്ചുവച്ചിരിക്കുന്നു. മൂന്ന് മണിയോടെ യുഎസ് സൈന്യം ആകാശത്തേക്ക് വെടിവയ്പ്പ് ആരംഭിച്ചു. ഒരു മണിക്കൂറോളം അത് തുടര്‍ന്നു. പിന്നീട് നഗരമെങ്ങും പരതി. ശത്രുവിന്റെ പൊടിപോലും കണ്ടെത്താനായില്ല. അപ്പോള്‍ പിന്നെ ആര്‍ക്കെതിരെ ആയിരുന്നു ആ യുദ്ധം? ആരായിരുന്നു ശത്രു?

ലോകം രണ്ടാം ലോകമഹായുദ്ധത്തിന്റെ ആശങ്കയില്‍ കഴിഞ്ഞിരുന്ന കാലമായിരുന്നു. സാമ്രാജ്യത്വ മോഹികള്‍ മനുഷ്യരാശിയെ രക്തക്കളത്തിലാഴ്ത്തിയ കാലം. ആ യുദ്ധകാലത്തിന്റെ ഏറ്റവും നിർണായക സംഭവങ്ങളിലൊന്നായിരുന്നു 1941 ഡിസംബർ ഏഴിന് നടന്ന പേൾ ഹാർബർ ആക്രമണം. ഹവായിയിലെ യുഎസ് നാവികത്താവളമായ പേൾ ഹാർബര്‍, ജപ്പാൻ സൈന്യം അപ്രതീക്ഷിതമായി ആക്രമിച്ചു. യുഎസ് യുദ്ധക്കപ്പലുകൾ കത്തിയമർന്നു. 16 കപ്പലുകൾക്ക് വലിയ നാശനഷ്ടമുണ്ടായി. 188 വിമാനങ്ങൾ തകർന്നു. രണ്ടായിരത്തോളം സൈനികർ കൊല്ലപ്പെട്ടു. യുഎസ് മണ്ണിൽ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധത്തിലേക്ക് യുഎസിനെ കൊണ്ടെത്തിച്ചതും ഈ ആക്രമണമായിരുന്നു. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു പ്രതികാരമായാണ് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ യുഎസ് ആറ്റംബോബ് വര്‍ഷിച്ചത്.

പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ ആശങ്കകള്‍ കെട്ടടങ്ങും മുന്‍പായിരുന്നു ലോസ് ആഞ്ചലസ് സംഭവം. ജപ്പാന്‍ വീണ്ടും ആക്രമിച്ചേക്കുമെന്ന ഭീതി നിലനിന്നിരുന്നു. തീരദേശങ്ങള്‍ ഉള്‍പ്പെടെ അതീവ ജാഗ്രതയിലായിരുന്നു. അതിനിടെയാണ്, 1942 ഫെബ്രുവരി 24ന് രാത്രിയോടെ റഡാറുകളിൽ സംശയാസ്പദമായ സിഗ്നലുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ശത്രുവിമാനങ്ങള്‍ ലോസ് ആഞ്ചലസ് നഗരത്തിലേക്ക് അടുക്കുന്നതായി യുഎസ് സൈന്യത്തിന് അറിയിപ്പ് ലഭിച്ചു. പിന്നീടെല്ലാം വേഗത്തിലായിരുന്നു. നഗരത്തില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. നഗമാകെ ഇരുട്ടിലായി. സര്‍വസജ്ജരായി യുഎസ് സൈന്യം പാഞ്ഞെത്തി. ശത്രുവിമാനത്തിന്റെ നീക്കം അറിയാന്‍ ആകാശത്തേക്ക് അതിശക്തിയേറിയ സെര്‍ച്ച് ലൈറ്റുകള്‍ തെളിയിച്ചുവച്ചു. സാന്റാ മോണിക്കയിലെ സൈനിക കേന്ദ്രങ്ങളില്‍നിന്ന് വിമാനവേധ തോക്കുകളും, മെഷീന്‍ ഗണ്ണുകളും തീരസംരക്ഷണ സേനയുടെ യുദ്ധോപകരണങ്ങള്‍ എത്തിച്ച് ആക്രമണം തുടങ്ങി.

വെടിവയ്പ്പ് ഒരു മണിക്കൂറോളം നീണ്ടു. ആകാശത്തേക്ക് പൊട്ടിച്ചത് 1400ഓളം ഷെല്ലുകള്‍. ഒടുവില്‍, ഓള്‍ ക്ലിയര്‍ സന്ദേശമെത്തിയതോടെ യുദ്ധം അവസാനിപ്പിച്ചു. നഗരങ്ങളിലും സമീപപ്രദേശങ്ങളിലും സൈന്യം തിരച്ചില്‍ നടത്തി. ശത്രു ആക്രമണത്തിന്റെ തെളിവുകളൊന്നും ലഭിച്ചില്ല, ഏതെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്താനായില്ല. ചരിത്രം അതിനെ 'ബാറ്റില്‍ ഓഫ് ലോസ് ആഞ്ചലസ്' എന്ന് രേഖപ്പെടുത്തി. ശത്രു ആരെന്നോ, എവിടെയെന്നോ അറിയാതെ നടത്തിയ യുദ്ധം. യുഎസ് സൈനിക ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ അധ്യായങ്ങളില്‍ ഒന്നായി മാറി.

'ബാറ്റില്‍ ഓഫ് ലോസ് ആഞ്ചലസി'നെക്കുറിച്ച് പിന്നീട് നിരവധി അന്വേഷണങ്ങളും പഠനങ്ങളും നടന്നു. യുഎസ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പോലും രണ്ട് അഭിപ്രായങ്ങളുണ്ടായി. യുദ്ധഭീതിയില്‍ പിറവിയെടുത്ത പ്രതിപ്രവര്‍ത്തനമായാണ് നാവികസേനാ സെക്രട്ടറിയായിരുന്ന ഫ്രാങ്ക് നോക്സ് സംഭവത്തെ വിശദീകരിച്ചത്. എന്നാല്‍ യുദ്ധകാര്യ സെക്രട്ടറിയായിരുന്ന ഹെൻറി സ്റ്റിംസൺ ആകാശത്ത് 15 വിമാനങ്ങളെങ്കിലും ഉണ്ടായിരുന്നുവെന്നാണ് പ്രതികരിച്ചത്. ശത്രുക്കളുടെ ചാരന്മാരാണ് അവ നിയന്ത്രിച്ചിരുന്നതെന്നും അദ്ദേഹം വാദിച്ചു. പക്ഷേ, തുടരന്വേഷണങ്ങള്‍ക്കൊടുവില്‍ സ്റ്റിംസണ്‍ ഈ വാദങ്ങളില്‍നിന്ന് പിന്മാറി.

ആകാശത്ത് വിമാനങ്ങള്‍ കണ്ടിരുന്നുവെന്ന് ഏതാനും സൈനികരും നഗരവാസികളും തങ്ങളുടെ മൊഴികളില്‍ ഉറച്ചുനിന്നു. അതോടെ, യുഎസ് സൈന്യം നടത്തിയ പരീക്ഷണം, ശത്രുക്കളുടെ ചാരന്മാര്‍ നടത്തിയ ആക്രമണം എന്നുതുടങ്ങി പറക്കും തളികകള്‍, അന്യഗ്രഹജീവികളുടെ വരവ് എന്നിങ്ങനെ സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍, യുദ്ധകാലത്ത് ലോസ് ആഞ്ചലസിനു മുകളിലൂടെ ഒരു വിമാനം പോലും പറത്തിയിട്ടില്ലെന്ന് ജപ്പാന്‍ പിന്നീട് ഔദ്യോഗികമായി അറിയിച്ചു. അതോടെ, അതൊരു യുദ്ധം ആയിരുന്നില്ലെന്ന കാര്യത്തില്‍ തീര്‍ച്ചയായി. എന്നാല്‍, യുഎഫ്ഒ കഥകളും ഗൂഢാലോചന സിദ്ധാന്തങ്ങളും ഇന്നും പ്രചരിക്കുന്നുണ്ട്.

യുദ്ധഭീതി മനുഷ്യമനസുകളെ എത്രത്തോളം ബാധിക്കാം എന്നതിന്റെ ശക്തമായ ഉദാഹരമായാണ് ബാറ്റില്‍ ഓഫ് ലോസ് ആഞ്ചലസിനെ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. പേള്‍ ഹാര്‍ബറിനെത്തുടര്‍ന്ന് യുഎസ് സൈനികരെ ബാധിച്ച യുദ്ധഭീതിയില്‍ ഉടലെടുത്ത മനോവിഭ്രമത്തിന്റെ ബാക്കിയായിരുന്നു ലോസ് ആഞ്ചലസില്‍ കണ്ടതെന്നാണ് വലിയൊരു വിഭാഗത്തിന്റെ വാദം. കാലാവസ്ഥാ നിരീക്ഷണ ബലൂണോ, രാത്രി സഞ്ചരിച്ച ഏതെങ്കിലും വിമാനമോ മൂലം റഡാറില്‍ ലഭിച്ച സിഗ്നലിനെ തെറ്റിദ്ധരിച്ചതാകാം കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് സൈനികര്‍ക്കും അവരുടെ സാങ്കേതികവിദ്യക്കും കണ്ടുപിടിക്കാന്‍ പറ്റാതിരുന്ന എന്തെങ്കിലും വസ്തു ആകാശത്ത് ഉണ്ടായിരുന്നെങ്കിലോ എന്ന മറുചോദ്യവും ഉയര്‍ന്നിരുന്നു. കാലം ഇത്രകഴിഞ്ഞിട്ടും അതിനൊന്നും ഉത്തരം കണ്ടെത്താനായിട്ടില്ല. യുഎസ് സൈനിക ചരിത്രത്തില്‍ അതൊരു നിഗൂഢതയായി തുടരുകയാണ്. ഒരുപക്ഷേ, ഉറപ്പുള്ള ചില ഉത്തരങ്ങള്‍ ചരിത്രത്തിന്റെ ഇരുട്ടില്‍ എവിടെയോ മറഞ്ഞുകിടക്കുന്നുണ്ടാകും.

SCROLL FOR NEXT