WORLD MATTERS | റൗള്‍ കാസ്ട്രോയ്‌ക്കെതിരെ യുഎസ്; അടുത്ത ലക്ഷ്യം ക്യൂബ?

വെനസ്വേല ബന്ധത്തിന്റെ പേരില്‍ യുഎസ് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ ക്യൂബയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
ഡൊണാള്‍ഡ് ട്രംപ്, റൗള്‍ കാസ്ട്രോ
ഡൊണാള്‍ഡ് ട്രംപ്, റൗള്‍ കാസ്ട്രോNews Malayalam 24X7
Published on
Updated on

വെനസ്വേലയ്ക്കും ഇറാനും പിന്നാലെ യുഎസ് വീണ്ടും കരുക്കള്‍ നീക്കുകയാണ്. ക്യൂബയാണ് അടുത്ത ലക്ഷ്യം. മൂന്ന് പതിറ്റാണ്ട് മുമ്പുള്ള ഒരു വിമാന വെടിവെപ്പ് കേസ് കുത്തിപ്പൊക്കി. ക്യൂബയുടെ വിപ്ലവ നേതാവും മുൻ പ്രസിഡന്റുമായ റൗള്‍ കാസ്ട്രോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. യുഎസ് സൈനിക താവളങ്ങളും കപ്പലുകളും ക്യൂബ ആക്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് മാധ്യമങ്ങളിലും ഇടംപിടിച്ചു. ഏകപക്ഷീയ സൈനിക നടപടിക്ക് കാരണം കണ്ടെത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ട്രംപ് ഭരണകൂടം തുടങ്ങിയിരിക്കുന്നു.

1996ൽ യുഎസ് രജിസ്ട്രേഷനിലുള്ള രണ്ട് വിമാനങ്ങൾ ക്യൂബ വെടിവച്ചിട്ട സംഭവമാണ് യുഎസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന റൗളിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടന്നതെന്നാണ് യുഎസ് ആരോപണം. എന്നാൽ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ച വിമാനങ്ങള്‍ പ്രതിരോധ നടപടിയുടെ ഭാഗമായി വെടിവച്ചിട്ടതാണെന്ന് ക്യൂബ വ്യക്തമാക്കിയിരുന്നു. മൂന്ന് പതിറ്റാണ്ടിനിപ്പുറം ഈ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് വെറുതെയല്ല. ക്യൂബയെ തങ്ങളുടെ വരുതിയിലാക്കാനുള്ള അതിമോഹം തന്നെയാണ് യുഎസിനെയും പ്രസിഡന്റ് ട്രംപിനെയും ഭരിക്കുന്നത്. ക്യൂബ റഷ്യയോടും ചൈനയോടും കൂടുതല്‍ അടുക്കുന്നു, അവരുടെ ഇന്റലിജന്‍സ്, സൈനിക സ്വാധീനങ്ങള്‍ക്ക് വേദിയാകുന്നു എന്നിങ്ങനെ ആരോപണങ്ങള്‍ യുഎസ് പലപ്പോഴായി ഉന്നയിക്കുന്നതാണ്. ക്യൂബ-വെനസ്വേല ബന്ധം കൃത്യമായി മനസിലാക്കിയാണ് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി ഇരു രാജ്യങ്ങളെയും അസ്ഥിരപ്പെടുത്തിയത്.

ഡൊണാള്‍ഡ് ട്രംപ്, റൗള്‍ കാസ്ട്രോ
WORLD MATTERS | വൈറ്റ് ഹൗസിലെ വെടിവെപ്പ്: സമൂഹമാധ്യമങ്ങള്‍ നിറയെ ഗൂഢാലോചനാ സിദ്ധാന്തം

ശീതയുദ്ധകാലം മുതൽ യുഎസ് -ക്യൂബ ബന്ധം സംഘർഷപൂർണമായിരുന്നു. ഫിഡല്‍ കാസ്ട്രോയുടെ വിപ്ലവത്തിനു ശേഷം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തകർക്കാൻ യുഎസ് പലതവണ ശ്രമിച്ചിരുന്നു. സാമ്പത്തിക ഉപരോധം മുതൽ രഹസ്യ ഓപ്പറേഷനുകൾ വരെ പരീക്ഷിച്ചെങ്കിലും ക്യൂബൻ ഭരണകൂടം നിലനിന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. മുൻകാലത്തേക്കാൾ ദുർബലമാണ് ക്യൂബ. വെനസ്വേല ബന്ധത്തിന്റെ പേരില്‍ യുഎസ് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ ക്യൂബയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ജനുവരിയില്‍ യുഎസ് സൈന്യം വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി. വെനസ്വേല, മെക്സിക്കോ എന്നിവിടങ്ങളില്‍നിന്ന് ക്യൂബയിലേക്ക് ഇന്ധനം എത്തുന്നത് തടയുന്ന തരത്തില്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഇതോടെ, ക്യൂബയിലെ സാമ്പത്തിക, മാനുഷിക പ്രതിസന്ധി വര്‍ധിച്ചു. ഇന്ധനത്തിനൊപ്പം, ഭക്ഷ്യവസ്തുക്കളും രാജ്യത്തേക്ക് എത്തുന്നില്ല. 11 ദശലക്ഷം ജനങ്ങളുള്ള രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാണ്. വൈദ്യുതിക്ഷാമം കടുത്തതോടെ റേഷനിങ്ങും ഏര്‍പ്പെടുത്തി. ഭക്ഷ്യക്ഷാമവും, സാമ്പത്തിക തകര്‍ച്ചയ്ക്കുമൊപ്പം ഉയരുന്ന ജനരോഷം ഭരണകൂടത്തെ സമ്മർദത്തിലാക്കുന്ന തക്കം നോക്കിയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കങ്ങളെന്നത് ശ്രദ്ധേയം.

എന്തുകൊണ്ട് റൗള്‍ കാസ്‌ട്രോ എന്ന ചോദ്യമുയരാം. മുന്‍ പ്രസിഡന്റ് എന്നതിലുപരി കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും ശക്തമായ മുഖം തന്നെയാണ് റൗള്‍. ക്യൂബന്‍ വിപ്ലവത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകം. ഫിഡല്‍ കാസ്ട്രോയ്ക്കുശേഷം, കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ശക്തികേന്ദ്രമായി കണക്കാക്കുന്നതും റൗളിനെയാണ്. 2021ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ നിന്ന് പിന്മാറിയെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയ പ്രതീകമാണ് ഈ 94കാരന്‍. ക്യൂബന്‍ സൈന്യത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും റൗളിന് ഇപ്പോഴും സ്വാധീനമുണ്ടെന്ന് യുഎസും വിലയിരുത്തുന്നുണ്ട്. അതിനാല്‍ റൗളിനെതിരായ യുഎസ് നീക്കം വ്യക്തിപരമായ നടപടിയായി മാത്രം കാണാനാവില്ല. ക്യൂബന്‍ വിപ്ലവ പാരമ്പര്യത്തെയും ഭരണസംവിധാനത്തെയും തന്നെയാണ് യു.എസ് ലക്ഷ്യമിടുന്നത്. 1959ൽ ഫിഡൽ കാസ്ട്രോയിലൂടെ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ഇല്ലാതാക്കുക തന്നെയാണ് യുഎസിന്റെ ലക്ഷ്യം.

ഡൊണാള്‍ഡ് ട്രംപ്, റൗള്‍ കാസ്ട്രോ
WORLD MATTERS | ട്രംപ് ഭരണകൂടത്തിനും മേലെയാണ് യുഎസിലെ ഇസ്രയേല്‍ നയതന്ത്രം

ജനുവരിയില്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ സൈനിക്ക നീക്കങ്ങള്‍ക്കു പിന്നാലെ അടുത്തത് ക്യൂബയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുറന്നുപറഞ്ഞിരുന്നു. അതിനാല്‍ ഇപ്പോള്‍ റൗളിനെതിരെ തുടക്കമിട്ടിരിക്കുന്ന നിയമനടപടി രാഷ്ട്രീയ, സൈനിക സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമാണെന്നതില്‍ സംശയം വേണ്ടതില്ല. നിയമനടപടികളുടെ പേരില്‍ ക്യൂബയെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്തി, ആഭ്യന്തരകാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാം എന്നാകും ട്രംപ് ഭരണകൂടത്തിന്റെ കണക്കുക്കൂട്ടല്‍. ക്യൂബ വിമോചിക്കപ്പെടുന്നു എന്ന തരത്തില്‍ ട്രംപ് അനുയായികളില്‍ നിന്നുയരുന്ന പ്രതികരണങ്ങളെയും ഇതിനോടു ചേര്‍ത്തു വായിക്കാം.

ക്യൂബ സൈനിക ഡ്രോണുകൾ ശേഖരിച്ചിട്ടുണ്ടെന്നും, ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവിക താവളം, സൈനിക കപ്പലുകൾ, ഫ്ലോറിഡയിലെ കീ വെസ്റ്റ് എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായും യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ക്യൂബന്‍ പ്രസിഡന്റ് മിഗുവേല്‍ ഡിയാസ് കാനൽ തള്ളിയിരുന്നു. റിപ്പോർട്ട് അടിസ്ഥാനരഹിതമാണ്. ക്യൂബയില്‍ സൈനിക ഇടപെടലുണ്ടായാല്‍ ന്യായീകരിക്കാന്‍ യുഎസ് കെട്ടിച്ചമച്ച കഥ മാത്രമാണത്. പട്ടിണിയും പ്രതിസന്ധിയും ആണെങ്കിലും, യു.എസിന് മുന്നില്‍ അടിയറവ് പറയില്ല. ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടിക്ക് മുതിരുന്നത് വലിയ രക്തചൊരിച്ചിലിന് കാരണമാകുമെന്നും മിഗുവേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസിന്റെ ഏതൊരു നീക്കത്തിനും വലിയ വില കൊടുക്കേണ്ടിവരുമെന്ന് വ്യക്തം. മേഖല മറ്റൊരു യുദ്ധത്തിനു കൂടി വേദിയാകുമോ എന്ന ആശങ്ക ലോകസമൂഹത്തെയും ബാധിച്ചിരിക്കുന്നു.

News Malayalam 24x7
newsmalayalam.com