Source : X
WORLD

ഇന്ത്യക്കാർക്കുള്ള വിസ-രഹിത യാത്ര ഇറാൻ നിർത്തലാക്കിയതിന് പിന്നിൽ..

നവംബർ 22 മുതൽ ഇനി ഇന്ത്യക്കാർക്ക് ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല

Author : ന്യൂസ് ഡെസ്ക്

തൊഴിൽ തട്ടിപ്പ്, മനുഷ്യക്കടത്ത് കേസുകളിലുണ്ടായ വർധനയെത്തുടർന്ന് ഇന്ത്യക്കാർക്കുള്ള വിസ രഹിത യാത്ര താൽക്കാലികമായി നിർത്തലാക്കി ഇറാൻ. നവംബർ 22 മുതൽ ഇനി ഇന്ത്യക്കാർക്ക് ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല. ടൂറിസം വളർത്തുന്നതിൻ്റെ ഭാഗമായാണ് 2024 ഫെബ്രുവരിയിൽ ഇറാൻ ഇന്ത്യക്കാർക്ക് വിസ ഇളവ് ഏർപ്പെടുത്തിയത്. എന്നാൽ അതിനു ശേഷം ഇന്ത്യക്കാരുടെ പേരിൽ തൊഴിൽ തട്ടിപ്പുകളും, മറ്റ് രാജ്യങ്ങളിലേക്ക് അനധികൃത പ്രവേശനം ഉറപ്പു നൽകിയുള്ള തട്ടിക്കൊണ്ടു പോകലുകളും വ്യാപകമായതോടെയാണ് ടെഹ്റാൻ്റെ പുതിയ നീക്കം.

2025 നവംബർ 22 മുതൽ സാധാരണ വിസയുമായി ഇറാനിലെത്തുന്ന ഇന്ത്യക്കാർക്ക് ഇറാനിൽ പ്രവേശിപ്പിക്കാനോ ഇറാനിലൂടെ സഞ്ചരിക്കുവാനോ വിസ നിർബന്ധമാണെന്നും ഇറാൻ എംബസി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

ടൂറിസം ആവശ്യങ്ങൾക്കായി ഇറാനിലെത്തുന്ന ഇന്ത്യക്കാർക്ക് ഓരോ ആറുമാസം കൂടുമ്പോഴും 15 ദിവസത്തേക്കായാണ് ഇറാൻ വിസ രഹിത സൗകര്യം നടപ്പിലാക്കിയിരുന്നത്. യൂറോപ്പിലേക്കോ മധ്യേഷ്യയിലേക്കോ പോകുന്ന ബജറ്റ് യാത്രക്കാർക്ക് ഇറാൻ ഒരു പ്രധാന ഗതാഗത കേന്ദ്രം കൂടിയായിരുന്നു.

അതേസമയം, തൊഴിൽ വാഗ്ദാനം നൽകിയോ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് ഉറപ്പുനൽകിയോ ഇന്ത്യൻ പൗരന്മാരെ ഇറാനിലേക്ക് ആകർഷിക്കുന്ന നിരവധി സംഭവങ്ങൾ കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി വിദേശകാര്യ മന്ത്രി അറിയിച്ചു. സാധാരണ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ലഭ്യമായ വിസ ഇളവ് സൗകര്യം മുതലെടുത്ത് വ്യക്തികളെ കബളിപ്പിച്ച് ഇറാനിൽ എത്തിക്കുകയും അവരിൽ പലരെയും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോവുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടിയാണ് പുതിയ നടപടിയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന പൗരന്മാരോട് ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കുവാനും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ വർഷം മെയിൽ അനധികൃതമായി ഓസ്‌ട്രേലിയയിലേക്ക് പോയ മൂന്ന് പഞ്ചാബി പുരുഷന്മാരെ ഇറാനിൽ വെച്ച് തട്ടിക്കൊണ്ടുപോവുകയും മോചനദ്രവ്യമായി 1 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ഇന്ത്യ ഇറാൻ അധികൃതരോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പിന്നീട് മൂന്ന് പേരെയും രക്ഷപ്പെടുത്തിയത്.

SCROLL FOR NEXT