netanyahu arrest News Malayalam 24x7
WORLD

നെതന്യാഹു അറസ്റ്റിലേക്ക്? അഴിമതിക്കേസിൽ അസാധാരണ നീക്കവുമായി ഇസ്രയേൽ കോടതി; അറ്റോർണി ജനറൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്

കോടതിയിൽ ഹാജരാകാനുള്ള മുൻകൂർ നിർദേശം അറ്റോർണി ജനറൽ നിരസിച്ചതിന് തൊട്ടടുത്ത ദിവസമാണ് ജറുസലേം ജില്ലാ കോടതി ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്

Author : ന്യൂസ് ഡെസ്ക്

തെൽ അവീവ്: ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അഴിമതിക്കേസിന്റെ വിചാരണയിൽ അസാധാരണ നടപടിയുമായി ഇസ്രയേൽ കോടതി. കേസിലെ തുടർനടപടികളെക്കുറിച്ച് നേരിട്ട് സംസാരിക്കുന്നതിനായി ഇസ്രയേൽ അറ്റോർണി ജനറൽ ഗാലി ബഹറവ്-മിയാര അടുത്തയാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ജറുസലേം ജില്ലാ കോടതി ജഡ്ജിമാർ ഉത്തരവിട്ടതായി 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു.

ഇസ്രയേലിൽ ​ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ത്വരിത​ഗതിയിൽ പുരോ​ഗമിക്കുന്നതിനിടെയാണ് കോടതിയുടെ അടിയന്തര ഇടപെടലെന്നതും ശ്രദ്ധേയമാണ്. അധികാരത്തിലെത്തിയാൽ അഴിമതിക്കേസിൽ നെതന്യാഹുവിനെ ജയിലിലടയ്ക്കുമെന്ന് പ്രഖ്യാപിച്ച നേതാവ് കൂടിയാണ് ഐസൻകോട്ട്. നേരത്തെ, യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കേസ് നടപടികൾ നിരന്തരം വൈകിപ്പിച്ചിരുന്നു നെതന്യാഹു. എന്നാൽ, അധികാരം നഷ്ടപ്പെട്ട സാഹചര്യത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കാര്യങ്ങൾ എത്തിയേക്കാമെന്നാണ് ഇസ്രയേൽ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കോടതിയിൽ ഹാജരാകാനുള്ള ജഡ്ജിമാരുടെ മുൻകൂർ നിർദേശം അറ്റോർണി ജനറൽ നിരസിച്ചതിന് തൊട്ടടുത്ത ദിവസമാണ് ജഡ്ജിമാരായ റിവ്ക ഫ്രൈഡ്മാൻ-ഫെൽഡ്മാൻ, മോഷെ ബാർ-അം, ഒഡെഡ് ഷഹാം എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് അന്തിമ തീരുമാനങ്ങൾ എടുക്കേണ്ട വ്യക്തി എന്ന നിലയിൽ അറ്റോർണി ജനറലിന്റെ സാന്നിധ്യം കോടതി നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ജഡ്ജിമാർ വ്യക്തമാക്കി.

കോടതിയുടെ നിലപാടും പ്രോസിക്യൂഷന്റെ എതിർപ്പും

കേസിന്റെ മുന്നോട്ടുള്ള പോക്കിൽ വ്യത്യസ്ത സാധ്യതകൾ ചർച്ച ചെയ്യുന്നതിനാണ് അറ്റോർണി ജനറലിനെ വിളിച്ചുവരുത്തുന്നതെന്ന് കോടതി അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണു നടപടി. ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ ഉത്തരവാദിത്തമുള്ള ഔദ്യോ​ഗിക വൃത്തങ്ങൾ നേരിട്ട് ഹാജരായി വേണ്ട പ്രതികരണങ്ങൾ നടത്തേണ്ടതുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കിയതായി 'ജറുസലേം പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, അറ്റോർണി ജനറലിനെ നേരിട്ട് കോടതിയിലേക്ക് വിളിച്ചുവരുത്തുന്നത് നിലവിലുള്ള നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചു. കോടതിക്ക് എന്തെങ്കിലും സന്ദേശം കൈമാറാനുണ്ടെങ്കിൽ അത് പ്രോസിക്യൂട്ടർമാർ വഴി നൽകാവുന്നതാണ്. ഒത്തുതീർപ്പ് ചർച്ചകൾക്ക് താൻ തയ്യാറാണെന്നും ബഹറവ്-മിയാര നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രോസിക്യൂഷന്റെ ഈ എതിർപ്പിനോട് പ്രതികരിച്ച ബെഞ്ച് അധ്യക്ഷ റിവ്ക ഫ്രൈഡ്മാൻ-ഫെൽഡ്മാൻ, കേസിന്റെ വിചാരണയിൽ അസാധാരണമായ പല കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്ന മറുപടിയാണു നൽകിയത്.

കൈക്കൂലി കുറ്റം ഒഴിവാക്കാനുള്ള നിർദേശം

നെതന്യാഹുവിനെതിരായ ഏറ്റവും ഗൗരവതരമായ 'കേസ് 4000'-ലെ കൈക്കൂലിക്കുറ്റം ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ജറുസലേം ജില്ലാ കോടതി നേരത്തെ രണ്ട് തവണ പ്രോസിക്യൂഷനോട് നിർദേശിച്ചിരുന്നു. ഈ വർഷം ജൂണിലാണ് ഏറ്റവും ഒടുവിലായി കോടതി ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ, അറ്റോർണി ജനറലോ പ്രോസിക്യൂട്ടർമാരോ ഇതിനോട് കൃത്യമായ പ്രതികരണം നൽകിയിരുന്നില്ല. നിലവിലെ സമൻസ് ഈ നിർദേശവുമായി ബന്ധപ്പെട്ടതാകാമെന്നാണ് 'ടൈംസ് ഓഫ് ഇസ്രയേൽ' റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

കൂടാതെ, മുൻ അറ്റോർണി ജനറൽ അവിചായ് മാൻഡൽബ്ലിറ്റ് അടുത്തിടെ കോടതിയിൽ നൽകിയ മൊഴികളും കേസിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നെതന്യാഹുവിനെതിരായ അന്വേഷണത്തിലെ എല്ലാ പൊലീസ് നടപടികൾക്കും താൻ മുൻകൂർ അനുമതി നൽകിയിരുന്നില്ലെന്നും കുറ്റപത്രം പൂർണ്ണമായി പരിശോധിച്ചിരുന്നില്ലെന്നും മാൻഡൽബ്ലിറ്റ് വിചാരണയ്ക്കിടെ സമ്മതിച്ചിരുന്നു. ഇതോടെ കേസിലെ നടപടിക്രമങ്ങളിലെ പിഴവുകൾ വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി.

എന്താണ് നെതന്യാഹുവിനെതിരായ കേസുകൾ?

2020 മെയ് മാസത്തിലാണ് ബെഞ്ചമിൻ നെതന്യാഹുവിനെതിരായ വിചാരണ ജറുസലേം ജില്ലാ കോടതിയിൽ ആരംഭിച്ചത്. 'കേസ് 1000', 'കേസ് 2000', 'കേസ് 4000' എന്നിങ്ങനെ മൂന്ന് പ്രധാന അഴിമതി കേസുകളാണ് നെതന്യാഹു നേരിടുന്നത്.

സമ്പന്നരായ വ്യവസായികളിൽനിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വഞ്ചന, വിശ്വാസവഞ്ചന കുറ്റങ്ങൾ എന്നിവയാണ് കേസ് 1000. മാധ്യമ സ്ഥാപനമായ 'യെദിയോത്ത് അഹ്രോനോത്ത്' പ്രസാധകനുമായി ചേർന്ന് അനുകൂല വാർത്തകൾക്കായി ഇടപെടലുകൾ നടത്തിയെന്ന ആരോപണമാണ് കേസ് 2000. പ്രമുഖ ടെലികോം കമ്പനിയായ 'ബെസെക്കിന്' ചട്ടങ്ങൾ മറികടന്ന് ആനുകൂല്യങ്ങൾ നൽകിയതിന് പകരമായി 'വാല' വാർത്താ വെബ്‌സൈറ്റിൽ അനുകൂല വാർത്തകൾ നൽകിയെന്ന കൈക്കൂലി, വഞ്ചന കുറ്റങ്ങളാണ് കേസ് 4000.

അതേസമയം, തനിക്കെതിരായ എല്ലാ ആരോപണങ്ങളും ബെഞ്ചമിൻ നെതന്യാഹു തുടക്കം മുതൽ നിഷേധിക്കുകയാണ്. രാഷ്ട്രീയ എതിരാളികളും പൊലീസും പ്രോസിക്യൂഷനും ചേർന്ന് തന്നെ അധികാരത്തിൽനിന്ന് പുറത്താക്കാൻ കെട്ടിച്ചമച്ച കേസുകളാണിതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിനായി ഒക്ടോബർ മുതൽ ആഴ്ചയിൽ അഞ്ച് ദിവസവും വാദം കേൾക്കാൻ കോടതി തീരുമാനിച്ചിരുന്നു. ഇസ്രയേൽ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ കേസിൽ അറ്റോർണി ജനറൽ നേരിട്ട് കോടതിയിൽ ഹാജരാകുന്നതോടെ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് നിയമവൃത്തങ്ങൾ വിലയിരുത്തുന്നത്.

SCROLL FOR NEXT