WORLD

ഖത്തറിലെ ആക്രമണം യുഎസ് അറിവോടെ? സമ്പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് നെതന്യാഹു; ട്രംപിന്റെ അറിവോടെയെന്ന് ഇസ്രയേലി മാധ്യമങ്ങള്‍

''ഇസ്രയേല്‍ തന്നെ മുന്‍കൈ എടുത്ത് നടപ്പാക്കിയ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രയേല്‍ തന്നെ ഏറ്റടുക്കുന്നു''

Author : ന്യൂസ് ഡെസ്ക്

ഖത്തറിലെ വ്യോമാക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേല്‍. ആക്രമണം ഒറ്റയ്ക്ക് നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ തന്നെ മുന്‍കൈ എടുത്ത്, ഇസ്രയേല്‍ തന്നെ നടപ്പാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്.

'ഹമാസിന്റെ ഉന്നത ഉദ്യോഗകസ്ഥരെ ലക്ഷ്യം വെച്ച് നടത്തിയ സമ്പൂര്‍ണ സ്വതന്ത്ര ഇസ്രയേലി ഓപ്പറേഷനാണ് ഇന്ന് നടന്നത്. ഇസ്രയേല്‍ തന്നെ മുന്‍കൈ എടുത്ത്, ഇസ്രയേല്‍ തന്നെ നടപ്പാക്കിയ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രയേല്‍ തന്നെ ഏറ്റടുക്കുന്നു,' എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ കുറിച്ചു.

അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആക്രമണം സംബന്ധിച്ച് നേരത്തെ അറിവുണ്ടായിരുന്നതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രണ്ട് ദിവസം മുമ്പ് ട്രംപ് ഹമാസിന് ഒരു ''അവസാന മുന്നറിയിപ്പ്'' നല്‍കുകയും ചെയ്തിരുന്നു. ആക്രമണത്തിന് മുമ്പ് ട്രംപിനെ ഇസ്രയേല്‍ ആക്രമണം സംബന്ധിച്ച് അറിയിച്ചിരുന്നുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ദോഹയിലെ കത്താറ പ്രവിശ്യയിലാണ് പ്രധാനമായും ഇസ്രയേല്‍ വ്യോമാക്രമണം ഉണ്ടായത്. ഐഡിഎഫ്, ഷിന്‍ബെറ്റ് വിഭാഗങ്ങളുടെ സംയുക്ത ദൗത്യമാണെന്നാണ് ഇസ്രയേല്‍ പ്രസ്താവനയിലൂടെ അറിയിച്ചത്.

ഹമാസ് പൊളിറ്റിക്കല്‍ വിഭാഗം നേതാക്കള്‍ താമസിക്കുന്ന കെട്ടിടത്തിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മുതിര്‍ന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടുവെന്നും ഐഡിഎഫ് അവകാശപ്പെട്ടു. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഹമാസ് ചീഫ് ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ളവര്‍ ദോഹയില്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് ആക്രമണം നടത്തിയെതന്നാണ് ഇസ്രയേല്‍ നടത്തുന്ന വിശദീകരണം.

അതേസമയം ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ആക്രമണം അന്താരാഷ്ട്ര നിയമലംഘനമെന്ന് ഖത്തര്‍ പറഞ്ഞു.

SCROLL FOR NEXT