ഇലോൺ മസ്കും ഡൊണാൾഡ് ട്രംപും Source: X/ ( fan ) Elonmusk
WORLD

കടയും പൂട്ടി തിരിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് പോകേണ്ടി വരുമെന്ന് ട്രംപ്; എന്നാല്‍, എല്ലാം വെട്ടിക്കുറയ്‌ക്കെന്ന് മസ്‌കിന്റെ മറുപടി

ട്രംപിനെ വെല്ലുവിളിച്ച് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന മസ്‌കിൻ്റെ പ്രസ്താവനയാണ് ലോകത്തെ അമ്പരിപ്പിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഒരുകാലത്ത് അടയും ചക്കരയും പോലെ അടുത്ത സുഹൃത്തുക്കളും പരസ്പരം പ്രോത്സാഹിപ്പിച്ചിരുന്നവരുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും. വളരെ പെട്ടെന്നായിരുന്നു മിത്രങ്ങള്‍ അകന്നത്. ആദ്യം അഭിപ്രായ വ്യത്യാസങ്ങള്‍, പിന്നെ തര്‍ക്കവും കോലാഹലങ്ങളും പഴി പറച്ചിലുകളും. ഇപ്പോഴത് ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍' ബില്ലിന്‍മേല്‍ കൊരുത്ത് അടുത്ത തലത്തിലെത്തിയിരിക്കുകയാണ്.

ട്രംപിനെ വെല്ലുവിളിച്ച് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന മസ്‌കിൻ്റെ പ്രസ്താവനയാണ് ലോകത്തെ അമ്പരിപ്പിച്ചിരിക്കുന്നത്. വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കിയാല്‍ റിപ്പബ്ലിക്കന്‍സിനും ഡെമോക്രാറ്റുകള്‍ക്കും ബദലായി രാഷ്ട്രീയപാര്‍ട്ടി എന്നാണ് പ്രഖ്യാപനം. ട്രംപ്- മസ്‌ക് പോര് അമേരിക്കന്‍ ഓഹരി വിപണയിലടക്കം പ്രതിഫലിച്ചുതുടങ്ങി.

പ്രതിരോധ മേഖലയ്ക്കും ഊര്‍ജ ഉത്പാദനരംഗത്തും അതിര്‍ത്തി സുരക്ഷയ്ക്കും കൂടുതല്‍ ധനസഹായം ആവശ്യപ്പെടുന്നതാണ് ട്രംപിന്റെ പുതിയ ബജറ്റ് ബില്ലായ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍. ആരോഗ്യസംരക്ഷണം, അതിര്‍ത്തി സുരക്ഷ എന്നിവയില്‍ സമഗ്രമായ നയമാറ്റമാണ് ബില്ല് ലക്ഷ്യമിടുന്നത്. ആരോഗ്യ പരിരക്ഷ, പോഷകാഹാര പദ്ധതികളിലെ ബജറ്റ് വിഹിതം കാര്യമായിത്തന്നെ ബില്‍ വെട്ടിക്കുറയ്ക്കുന്നു.

ജൂലൈ നാലിന് മുമ്പ് ബില്‍ സൈനറ്റ് കടത്താനാണ് ട്രംപിന്റെ ലക്ഷ്യം. ഭ്രാന്തവും വിനാശകരവുമെന്നാണ് ഇലോണ്‍ മസ്‌ക് ബില്ലിനെ വിശേഷിപ്പിച്ചത്. ബില്ല് പാസായാല്‍ അമേരിക്കയിലെ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടമാകുമെന്ന് മസ്‌ക് പറയുന്നു. രാജ്യത്തിന് ദോഷമുണ്ടാക്കുന്നതിനൊപ്പം ഭാവിയിലെ വ്യവസായങ്ങള്‍ക്ക് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്നും മസ്‌ക് ആരോപിക്കുന്നു.

ബില്ല് സെനറ്റ് കടന്നാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. എന്നാല്‍ മസ്‌കിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളെന്ന പ്രതിരോധത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. താനില്ലായിരുന്നെങ്കില്‍ മസ്‌ക് ഒന്നും ആകുമായിരുന്നില്ല എന്നാണ് ട്രംപിന്റെ മറുപടി. മസ്‌ക് അധ്യക്ഷനായിരുന്ന ഡോജ് ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ അദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെപ്പറ്റി അന്വേഷിക്കേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

മസ്‌കിന്റെ ടെസ്ല, സ്പേസ് എക്സ് പോലുള്ള കമ്പനികള്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ തന്റെ ഭരണകൂടം വെട്ടിക്കുറച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്‌കിന് കട പൂട്ടി അങ്ങോട്ടേക്ക് മടങ്ങിപ്പോകേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇതിന് അതേ ഭാഷയിലായിരുന്നു മസ്‌കിന്റെ മറുപടി. എല്ലാം വെട്ടിക്കുറക്കൂവെന്ന് ട്രംപിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് എക്‌സില്‍ മസ്‌ക് വെല്ലുവിളിച്ചു.

ഇലക്ട്രോണിക് വാഹനം നിര്‍ബന്ധമാക്കണമെന്ന മസ്‌കിന്റെ ആവശ്യത്തെ താന്‍ ഒരിക്കലും പിന്തുണച്ചിരുന്നില്ല. ഇക്കാര്യം മസ്‌കിനും നന്നായി അറിയാം. തന്റെ തെരഞ്ഞെടുപ്പിന്റെ പ്രധാന വിഷയം തന്നെ ഇതായിരുന്നു. ഇലക്ട്രിക് വാഹനം നല്ലത് തന്നെ, എന്നാല്‍, എല്ലാവരും അത് വാങ്ങണമെന്ന് നിര്‍ബന്ധിക്കാനാവില്ല. മസ്‌കുമായുള്ള പോരിനെ കുറിച്ച് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ ട്രംപ് വ്യക്തമാക്കി.

ഇതുവരെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സബ്‌സിഡി ഇലോണ്‍ മസ്‌കിന് ലഭിച്ചേക്കാം. പക്ഷെ, സബ്‌സിഡി ഇല്ലെങ്കില്‍ അദ്ദേഹത്തിന് കടയടച്ച് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങി വന്നേക്കും. പിന്നെ റോക്കറ്റ് ലോഞ്ചും സാറ്റലൈറ്റും ഇലക്ട്രോണിക് കാര്‍ നിര്‍മാണവുമൊന്നും നടക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് എക്‌സിലൂടെ മസ്‌ക് നല്‍കിയത്.

ട്രംപ്-മസ്‌ക് പോര് എവിടെ ചെന്നവസാനിക്കുമെന്ന് ആകാംക്ഷയോടെ നോക്കുകയാണ് ലോകം.

SCROLL FOR NEXT