ഭൂമിയുടെ നിഗൂഢമായ 'ഹൃദയമിടിപ്പ്'; ആഫ്രിക്കയെ പിളര്‍ത്തി മഹാസമുദ്രം പിറവിയെടുക്കുമോ?

ഭൂമിക്കടിയിലെ ശിലാഫലകള്‍ തെന്നിമാറുമ്പോഴുണ്ടാകുന്ന വിടവിലൂടെ വെള്ളം ഒഴുകിയെത്തുമ്പോഴാണ് പുതിയ സമുദ്രം രൂപപ്പെടുന്നത്.
Rhythmic mantle plume rising beneath Ethiopia
അഫാറില്‍ കണ്ടെത്തിയത് പുതിയ സമുദ്രതട രൂപീകരണത്തിന്റെ പ്രാരംഭഘട്ടമാണ്Source: livescience.com
Published on

ഭൂമിയില്‍ അസാധാരണമായതെന്തോ സംഭവിക്കുന്നുണ്ടോ? ആഫ്രിക്കയ്ക്ക് അടിയില്‍ ചില ശബ്ദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ശാസ്ത്രജ്ഞരുടേതാണ് സംശയം. മനുഷ്യഹൃദയം തുടര്‍ച്ചയായി മിടിക്കുന്നതുപോലെ താളാത്മകമായ സ്പന്ദനങ്ങള്‍. ആഫ്രിക്കയില്‍ മൂന്ന് ടെക്ടോണിക് പ്ലേറ്റുകള്‍ (ഭൂ ശിലാഫലകങ്ങള്‍) കൂടിച്ചേരുന്ന എത്യോപ്യയിലെ അഫാര്‍ മേഖലയിലാണ് ആഴത്തില്‍ ഇത്തരമൊരു ശബ്ദം ശ്രദ്ധയില്‍പെട്ടിരിക്കുന്നത്. ഉരുകിയ ദ്രവശില (മാഗ്മ) ഭൂമിയുടെ ബാഹ്യപടലത്തില്‍ (ക്രസ്റ്റ്) സമ്മര്‍ദമേല്‍പ്പിക്കുന്നതാണ് ഇത്തരമൊരു ശബ്ദത്തിന് കാരണം. ഇത് ക്രമേണ ഭൂഖണ്ഡത്തെ പിളര്‍ത്തുകയും, പുതിയൊരു സമുദ്രം രൂപപ്പെടുമെന്നുമാണ് ശാസ്ത്രലോകം പറയുന്നത്. യു.കെയിലെ സതാംപ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍.

ഭൂമിക്കടിയിലെ ശിലാഫലകള്‍ തെന്നിമാറുമ്പോഴുണ്ടാകുന്ന വിടവിലൂടെ വെള്ളം ഒഴുകിയെത്തുമ്പോഴാണ് പുതിയ സമുദ്രം രൂപപ്പെടുന്നത്. അങ്ങനെയാണ് രാജ്യാതിര്‍ത്തികള്‍ മാറിപ്പോകുന്നതും, ഭൂഖണ്ഡങ്ങളും രാജ്യങ്ങളുമൊക്കെ രണ്ടായി വേര്‍പിരിയുന്നതും. അഫാറില്‍ കണ്ടെത്തിയത് പുതിയ സമുദ്രതട രൂപീകരണത്തിന്റെ പ്രാരംഭഘട്ടമാണ്. ഇതേത്തുടര്‍ന്ന് ഭൂഖണ്ഡം പതുക്കെ പിളരുകയാണ്. മേഖലയിലെ അഗ്നിപര്‍വതങ്ങങ്ങളുടെ രാസ അടയാളങ്ങള്‍ (chemical signatures) പരിശോധിച്ചതിലൂടെ ഈ പ്രകൃതി പ്രതിഭാസത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് സതാംപ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷക സംഘത്തിലുണ്ടായിരുന്ന, സ്വാന്‍സി സര്‍വകലാശാലയിലെ ജിയോളജിസ്റ്റായ എമ്മ വാട്സിനെ ഉദ്ധരിച്ച് സയന്‍സ് അലേര്‍ട്ട് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫാറിന് അടിയിലെ ഭൂവല്‍ക്കം (മാന്റില്‍) ഏകീകൃതമോ, സ്ഥിരമോ അല്ലെന്ന് ഗവേഷക സംഘം കണ്ടെത്തിയിട്ടുണ്ടെന്ന് എമ്മ പറഞ്ഞു. അത് സ്പന്ദിക്കുന്നുണ്ട്. ആ മിടിപ്പുകള്‍ക്ക് വ്യത്യസ്തമായ രാസ അടയാളങ്ങളുണ്ടെന്നും എമ്മ വ്യക്തമാക്കി.

Rhythmic mantle plume rising beneath Ethiopia
'ശുഭയാത്ര'യ്ക്ക് തുടക്കം; ആക്‌സിയം-4 വിക്ഷേപണത്തിൻ്റെ ആദ്യഘട്ടം വിജയം

മനുഷ്യഹൃദയം മിടിക്കുന്നതുപോലെയാണ് സ്പന്ദനങ്ങളെന്ന് സതാംപ്റ്റണ്‍ സര്‍വകലാശാലയിലെ ഭൗമശാസ്ത്ര പ്രൊഫസറും, ഗവേഷണത്തില്‍ പങ്കാളിയുമായ ടോം ജെര്‍നോണും സാക്ഷ്യപ്പെടുത്തുന്നു. അഫാര്‍ മേഖലയിലെയും എതോപ്യന്‍ റിഫ്റ്റിലെയും 130ലധികം അഗ്നിപര്‍വത കുന്നുകളുടെ സാമ്പിളുകള്‍ ഉള്‍പ്പെടെ ഗവേഷണസംഘം പഠനവിധേയമാക്കിയിരുന്നു. ലഭ്യമായ ഡാറ്റയ്ക്കൊപ്പം, അത്യാധുനിക സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിങ് ഉപയോഗിച്ച് മേഖലയിലെ ഭൂമിയുടെ ബാഹ്യപടലം, ഭൂവല്‍ക്കം എന്നിവയുടെ ഘടനകളെയും സൂക്ഷ്മമായി മനസിലാക്കിയിരുന്നു. ഭൂഖണ്ഡം പിളര്‍ന്നാല്‍ പുതിയൊരു സമുദ്രതടം രൂപപ്പെടും. കാലങ്ങള്‍കൊണ്ട് സമുദ്രത്തിന്റെ അടിത്തട്ട് വികസിക്കുന്നത് തുടരുകയും ചെയ്യും. പഠനവിവരങ്ങള്‍ നേച്ചര്‍ ജിയോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭൂമിക്കടിയിലെ ശിലാഫലകള്‍ തെന്നിമാറുമ്പോഴുണ്ടാകുന്ന വിടവിലൂടെ വെള്ളം ഒഴുകിയെത്തിയാണ് ഭൂഖണ്ഡങ്ങള്‍ രൂപപ്പെട്ടതെന്നാണ് ശാസ്ത്രപക്ഷം. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത്തരമൊരു പ്രക്രിയ പൂര്‍ത്തിയാകുക. അഫാര്‍ മേഖലയിലെ പ്രതിഭാസവും കാലങ്ങള്‍ക്കുമുന്‍പേ തുടങ്ങിയതാകാം. ശാസ്ത്രലോകം അത് കണ്ടെത്തിയത് സമീപ വര്‍ഷങ്ങളിലാണെന്ന് മാത്രം. ഈ പ്രക്രിയ പൂര്‍ണമാകാനും പുതിയൊരു സമുദ്രം രൂപപ്പെടാനും, പുതിയ അതിരുകളില്‍ പുതിയ ഭൂഖണ്ഡമോ രാജ്യങ്ങളോ ഒക്കെ ആയിവരാനും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com