പ്രതീകാത്മക ചിത്രം Source: wikkipedia
WORLD

വിയോജിപ്പുകളെ മറികടന്ന് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ബ്രിട്ടൺ; ഞായറാഴ്ച ഉച്ചയോടെ പ്രഖ്യാപനം നടന്നേക്കും

തീരുമാനത്തിൽ യുഎസും ഇസ്രയേലും വിയോജിപ്പ് രേഖപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ബ്രിട്ടൺ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ ഉച്ചയോടെ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയേക്കുമെന്നാണ് സൂചന. ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ജൂലൈയിൽ ബ്രിട്ടൺ മുന്നറിയിപ്പ് നൽകിയിരുന്നു. പോർച്ചുഗൽ, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തീരുമാനത്തിൽ യുഎസും ഇസ്രയേലും വിയോജിപ്പ് രേഖപ്പെടുത്തി.

ഈ മാസം ആദ്യം പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, കെയർ സ്റ്റാമറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ യുകെയുടെ അംഗീകാര പ്രതിജ്ഞയെ സ്വാഗതം ചെയ്യുന്നെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഭാവിയിലെ പലസ്തീൻ ഭരണത്തിൽ ഹമാസിന് യാതൊരു പങ്കുമുണ്ടാകില്ലെന്ന് ഇരു നേതാക്കളും സമ്മതിച്ചതായാണ് ഡൗണിംഗ് സ്ട്രീറ്റ് റിപ്പോർട്ട്.

യുഎസ് പ്രസിഡന്റിന്റെ രണ്ട് ദിവസത്തെ യുകെ സന്ദർശനം പുരോഗമിക്കുന്നതിനിടെയായിരുന്നു പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങുകയാണെന്ന വാർത്ത പുറത്തുവന്നത്. പിന്നാലെ ഇത് 'ഭീകരതയ്ക്കുള്ള പ്രതിഫലം' ആണെന്ന പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.എന്നാൽ ദീർഘകാല സമാധാന കരാറുണ്ടാക്കാനായി പ്രവർത്തിക്കേണ്ട ധാർമിക ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്ന് യുകെ മന്ത്രിമാർ വ്യക്തമാക്കി.

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന ആവശ്യത്തിൽ വിയോജിപ്പുണ്ടെന്ന് പറഞ്ഞുകൊണ്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിരുന്നു. ബ്രിട്ടണിൽ കെയർ സ്റ്റാമറുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിനിടെയായിരുന്നു ട്രംപ് തുറന്നടിച്ചത്.

അതേസമയം തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ വിടവാങ്ങൽ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഹമാസിൻ്റെ സായുധസേനാ വിഭാഗം. തടവിലാക്കപ്പെട്ട 47 ഇസ്രയേലി ബന്ദികളുടെ ചിത്രമാണ് പുറത്തുവിട്ടത്. ഗാസയിൽ ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണം ശക്തമാകുന്നതിനിടയ്ക്കാണ് ഹമാസ് ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇസ്രയേലിൻ്റെ ആക്രമണങ്ങൾ ശക്തമാക്കുന്നത് തടവുകാരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഹമാസ് നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, തടവിലാക്കപ്പെട്ടവരിൽ ചിലർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.

SCROLL FOR NEXT