Burkina Faso President Ibrahim Traoré Bans Beauty Pageants, Champions 84 Young Women in Science With Full Scholarships News Malayalam 24x7
WORLD

സൗന്ദര്യമത്സരങ്ങൾ നിരോധിച്ച് ബുർക്കിന ഫാസോ ; പകരം സയൻസ് മത്സരം: വമ്പന്‍ മാറ്റം പ്രഖ്യാപിച്ച് പ്രസിഡന്റ് ഇബ്രാഹിം ട്രോറെ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 84 പെൺകുട്ടികളാണ് ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിലെ കടുത്ത മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥിനികൾക്ക് പ്രസിഡന്റ് നേരിട്ട് ക്യാഷ് പ്രൈസുകളും ഉന്നതപഠനത്തിനായുള്ള മുഴുവൻ സ്കോളർഷിപ്പുകളും വിതരണം ചെയ്തു.

Author : ന്യൂസ് ഡെസ്ക്

ഔഗഡൗഗു: സൗന്ദര്യമത്സരങ്ങൾ നിരോധിച്ചതിന് പിന്നാലെ യുവതികളുടെ ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിനായി പുതിയ ദേശീയ മത്സരവും സ്കോളർഷിപ്പുകളും പ്രഖ്യാപിച്ച് പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയുടെ പ്രസിഡന്റ് ക്യാപ്റ്റൻ ഇബ്രാഹിം ട്രോറെ. സ്ത്രീകളുടെ ശരീരത്തെയല്ല, മറിച്ച് അവരുടെ ബുദ്ധിശക്തിയെയും ശാസ്ത്രീയ കഴിവുകളെയുമാണ് രാജ്യം പ്രോത്സാഹിപ്പിക്കേണ്ടതെന്ന നിലപാടിലാണ് ട്രോറെയുടെ നേതൃത്വത്തിലുള്ള ഭരണകൂടം 'ഹക്കിലി മൗസ്സോ' എന്ന പേരിൽ ദേശീയ ശാസ്ത്ര മത്സരത്തിന് തുടക്കം കുറിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 84 പെൺകുട്ടികളാണ് ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിലെ കടുത്ത മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥിനികൾക്ക് പ്രസിഡന്റ് നേരിട്ട് ക്യാഷ് പ്രൈസുകളും ഉന്നതപഠനത്തിനായുള്ള മുഴുവൻ സ്കോളർഷിപ്പുകളും വിതരണം ചെയ്തു. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ സ്ത്രീകൾക്ക് വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്നും, സ്വന്തം കഴിവുകളിൽ വിശ്വസിച്ച് രാജ്യത്തിന്റെ വളർച്ചയ്ക്കായി വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും വിജയികളെ അനുമോദിച്ചുകൊണ്ട് ട്രോറെ ആഹ്വാനം ചെയ്തു.

സ്ത്രീകളുടെ മാനവിക അന്തസ്സും തദ്ദേശീയ സംസ്കാരവും സംരക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി സൗന്ദര്യമത്സരങ്ങൾ നടത്തുന്നതിന് 2026 ജൂണിലാണ് ബുർക്കിന ഫാസോ സാംസ്കാരിക മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. ഇതിന് തൊട്ടുപിന്നാലെയാണ് ശാസ്ത്ര മത്സരങ്ങളിലൂടെ പെൺകുട്ടികളെ ശാക്തീകരിക്കാനുള്ള പുതിയ ചുവടുവെപ്പ് സർക്കാർ നടത്തിയത്. 2022 സെപ്റ്റംബറിൽ സൈനിക ഇടപെടലിലൂടെ അധികാരം ഏറ്റെടുത്തതുമുതൽ പാശ്ചാത്യ സാമ്രാജ്യത്വ നയങ്ങൾക്കെതിരെയും, നവകൊളോണിയലിസത്തിനെതിരെയും കടുത്ത നിലപാടുകൾ സ്വീകരിച്ച് ആഗോള ശ്രദ്ധനേടിയ യുവനേതാവാണ് 38-കാരനായ ഇബ്രാഹിം ട്രോറെ.

സൗന്ദര്യമത്സരങ്ങൾ നിരോധിച്ചതിനെച്ചൊല്ലി ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും, സ്ത്രീകളെ പ്രദർശന വസ്തുവാക്കുന്ന വിനോദങ്ങൾക്ക് പകരം അവരുടെ വിദ്യാഭ്യാസത്തിനും ശാസ്ത്ര ഗവേഷണത്തിനും മുൻഗണന നൽകുന്ന ട്രോറെയുടെ പുതിയ വിപ്ലവകരമായ നയത്തെ പ്രശംസിക്കുന്നവരും ഉണ്ട്.

SCROLL FOR NEXT