ബുർക്കിന ഫാസോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോ പ്രസിഡന്‍റ് ഇബ്രാഹിം ട്രോറെയ്ക്ക് എതിരായ വധശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം. 2022ല്‍ ട്രോറെയുടെ നേതൃത്വത്തിലുള്ള പട്ടാളം പുറത്താക്കിയ മുന്‍ ഭരണാധികാരി ലെഫ്. കേണൽ പോൾ ഹെന്‍റ്റി ഡാമിബയാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും, അയല്‍രാജ്യമായ ഐവറി കോസ്റ്റ് ഇതിന് ധനസഹായം നല്‍കിയെന്നും സുരക്ഷാ മന്ത്രി മഹ്മദൗ സന ആരോപിച്ചു.
അവസാന മണിക്കൂറുകളിൽ ഞങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ ഓപ്പറേഷൻ തടഞ്ഞു. രാഷ്ട്രത്തലവനെ വധിക്കാനും തുടർന്ന് രാജ്യത്തെ പ്രധാന സ്ഥാപനങ്ങളെ ആക്രമിക്കാനും അവർ പദ്ധതിയിട്ടിരുന്നു," സുരക്ഷാ മന്ത്രി മഹ്മദൗ സന പറഞ്ഞു. എന്നാൽ കേണൽ ഡാമിബയിൽ നിന്നോ ഐവറി കോസ്റ്റിൽ നിന്നോ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
ട്രോറെയെ വധിച്ച്, രാജ്യത്തെ ആക്രമിക്കാനായിരുന്നു പദ്ധതി എന്നാണ് സുരക്ഷാമന്ത്രിയുടെ പ്രസ്താവന. 2022 മുതൽ ബുർക്കിന ഫാസോയുടെ ഇടക്കാല പ്രസിഡന്റും സൈനിക ഭരണാധികാരിയുമാണ് ട്രോറെ. ഇതിനോടകം തന്നെ നിരവധി സൈനിക നടപടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് ട്രോറെ. അധികാരമേറ്റ ശേഷം, രണ്ട് അട്ടിമറി ശ്രമങ്ങളും, 20ഓളം വധശ്രമങ്ങളും പട്ടാള തലവനായ ഇബ്രാഹിം ട്രോറെയ്ക്ക് എതിരെയുണ്ടായിട്ടുണ്ട്.
കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ കടന്നു പോകുന്നത്. സാമ്പത്തിക പ്രശ്നങ്ങളും ഭീകരവാദവും ഇപ്പോഴും നിലനിൽക്കുന്നു. ഈ സാഹചര്യത്തിലും 37 കാരനായ സൈനിക നേതാവിന് ശക്തമായ ജനപിന്തുണ നേടാനും പാശ്ചാത്യ സ്വാധീനത്തിനെതിരായ നിലപാടുകളിലൂടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം സ്വീകാര്യനാകാനും കഴിയുന്നു എന്നതിലാണ് കൗതുകം.