കാലിഫോർണിയ; ഇന്ത്യൻ പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന തീരുമാനവുമായി യുഎസ് സ്റ്റേറ്റ്. കാലിഫോർണിയയിൽ ദീപാവലി അവധി ദിനമായി പ്രഖ്യാപിച്ചു. ജനസംഖ്യയിലെ 20 ശതമാനം പേരും ഇന്ത്യക്കാരെന്നത് പരിഗണിച്ചാണ് തീരുമാനം. ദീപാവലി ദിനത്തിൽ സംസ്ഥാനത്തെ കമ്മ്യൂണിറ്റി കോളജുകൾക്കും സ്കൂളുകൾക്കും അവധി നൽകും.
സെപ്റ്റംബറിൽ, ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി പ്രഖ്യാപിക്കുന്നതിനുള്ള 'AB 268' എന്ന ബിൽ കാലിഫോർണിയയിലെ നിയമസഭയുടെ ഇരുസഭകളും വിജയകരമായി പാസാക്കുകയും അന്തിമ നടപടിക്കായി കാത്തിരിക്കുകയും ചെയ്യുകയായിരുന്നു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം കഴിഞ്ഞദിവസം ബില്ലിൽ ഒപ്പുവച്ചതായി പ്രഖ്യാപിച്ചു.
ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന യുഎസ് സ്റ്റേറ്റ് ആണ് കാലിഫോർണിയ. ദീപാവലിയെ ഔദ്യോഗിക സംസ്ഥാന അവധി ദിനമായി പ്രഖ്യാപിക്കുന്നത് സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകൾക്ക് അവരുടെ ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്നും,ഈ വൈവിധ്യം ഏറെപ്പേരിലേക്ക് പകരാൻ കഴിയുമെന്നും ബിൽ കൊണ്ടുവന്ന ആഷ് കൽറ പറയുന്നു.
ഇതോടെ ഇന്ത്യൻ പ്രകാശോത്സവം ഔദ്യോഗികമായി അവധി ദിനമായി അംഗീകരിച്ച അമേരിക്കയിലെ മൂന്നാമത്തെ സംസ്ഥാനമായി കാലിഫോർണിയ മാറിയിരിക്കുന്നു. 2024 ഒക്ടോബറിൽ പെൻസിൽവാനിയയാണ് ദീപാവലി ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ച് ആദ്യ സംസ്ഥാനം. പിറകെ ഈ വർഷം കണക്റ്റിക്കട്ടും. ന്യൂയോർക്ക് സിറ്റിയിൽ, പൊതു വിദ്യാലയങ്ങൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ചിരുന്നു.