പൗരത്വ നിയമങ്ങൾ നവീകരിക്കാൻ ഒരുങ്ങി കാനഡ. ആയിരക്കണക്കിന് ഇന്ത്യൻ വംശജരായ കുടുംബങ്ങൾക്കും വിദേശത്ത് ജനിച്ച മറ്റ് കനേഡിയൻമാർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ പരിഷ്കരണം.
പൗരത്വ നിയമങ്ങളിലെ ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് പുതിയ ബിൽ സി-3. വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങൾക്ക് ഇതിലൂടെ നീതി ഉറപ്പാക്കാനാവും. മുൻ നിയമങ്ങൾ മൂലം പുറന്തള്ളപ്പെട്ടവർക്ക് പൗരത്വം ഉറപ്പു വരുത്തുകയും ഭാവിയിലേക്കുള്ള വ്യക്തമായ നിയമങ്ങൾ സ്ഥാപിക്കുകയും ചെയ്യും. ഈ മാറ്റങ്ങൾ കനേഡിയൻ പൗരത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണെന്നും ഇമിഗ്രഷൻ മന്ത്രി ലെന മെറ്റ്ലെജ് ദിയബ് പറഞ്ഞു.
2009-ൽ ലെ പൗരത്വ നിയമം അനുസരിച്ച് കാനഡയ്ക്ക് പുറത്ത് ജനിക്കുന്നതോ ദത്തെടുക്കപ്പെടുന്നതോ ആയ കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാളെങ്കിലും കാനഡയിൽ ജനിച്ചവരോ വളർന്നവരോ ആണെങ്കിൽ മാത്രമേ പൗരത്വം നൽകിയിരുന്നുള്ളൂ. 2023ൽ പിന്നീട് ഒൻ്റാരിയോ സുപ്പീരിയർ കോടതി ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചു. പൗരത്വത്തിന് അർഹതയുണ്ടെന്ന് കരുതിയിരുന്ന ഒരു കൂട്ടം കനേഡിയൻ പൗരന്മാരെ ഒഴിവാക്കുന്നതായിരുന്നു ഈ നിയമം.
ഈ നിയന്ത്രണങ്ങൾ ബാധിക്കപ്പെട്ടവർക്ക് ബിൽ സി-3 വഴി അവരുടെ പൗരത്വം പുനഃസ്ഥാപിക്കാൻ കഴിയും. ഈ വ്യവസ്ഥ പ്രകാരം, വിദേശത്ത് ജനിച്ച ഒരു കനേഡിയൻ രക്ഷിതാവ് കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് 1,095 ദിവസമെങ്കിലും കാനഡയിൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ അവർക്ക് അവരുടെ കുട്ടിക്ക് പൗരത്വം നേടിയെടുക്കാനാവും.
ഐആർസിസിക്ക് ഇതിനായി സമയം അനുവദിച്ചു കൊണ്ട് ഇത് നടപ്പാക്കാനുള്ള സമയപരിധി 2026 ജനുവരി വരെ കോടതി നീട്ടി നൽകിയിട്ടുണ്ട്. ഈ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാൽ പൗരത്വ അപേക്ഷകളിൽ വർധനവ് ഉണ്ടാകുമെന്നാണ് ഇമിഗ്രേഷൻ അഭിഭാഷകർ പ്രതീക്ഷിക്കുന്നത്. പരിഷ്കരണത്തെ കനേഡിയൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷനും സ്വാഗതം ചെയ്തു.