കുടുംബത്തിന് ജീവനാംശം നൽകാതിരിക്കാൻ സിംഗപ്പൂരിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ കനേഡിയൻ പൗരന് 4 കോടി രൂപ മെയിൻ്റനൻസ് ആയി കുടുംബത്തിന് നൽകാൻ ഉത്തരവിട്ട് കോടതി.
ഒരു ബഹുരാഷ്ട്ര സ്ഥാപനത്തിൽ നിന്ന് പ്രതിവർഷം 6 കോടി രൂപയിലധികം സമ്പാദിച്ചിരുന്ന യുവാവ് 2023 ഓഗസ്റ്റിലാണ് കുടുംബത്തെ വിട്ട് മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കാൻ പോയത്. തുടർന്ന് ഇയാളുടെ ഭാര്യ തനിക്കും നാല് കുട്ടികൾക്കും സാമ്പത്തിക സഹായം ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇയാൾ ജോലി രാജിവച്ച് കാനഡയിലേക്ക് മടങ്ങിയത്.
പിന്നീട് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പിന്നീട് സൂം വഴി ഒരു സെഷനിൽ പങ്കെടുത്തതിന് ശേഷം ഇയാൾക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് റദ്ദാക്കി. കുടുംബത്തിനായി ഇയാൾ തുടക്കത്തിൽ ഭാര്യക്ക് പ്രതിമാസം 20,000 ഡോളർ (14 ലക്ഷം രൂപ) വാഗ്ദാനം ചെയ്തു. പിന്നീട് ഓഫർ പ്രതിമാസം $11,000 (8 ലക്ഷം രൂപ) ആയി കുറച്ചു.
ഭാര്യ ജീവനാംശത്തിന് അപേക്ഷ നൽകിയ ഉടനെ ജോലി ഉപേക്ഷിക്കാനുള്ള യുവാവിൻ്റെ തീരുമാനം നിരുത്തരവാദപരമാണെന്ന് കോടതി നിരീക്ഷിച്ചു.ഇതേ തുടർന്നാണ് കോടതി 4 കോടി രൂപ നഷ്ട പരിഹാരത്തിന് ഉത്തരവിട്ടത്. അതേസമയം, കാനഡയിലെ ജോലിയിലെ ശമ്പളം മുൻ ജോലിയിലേതിനേക്കാൾ കുറവായതിനാൽ മാതാപിതാക്കൾ ഇരുവരോടും കുട്ടികളുടെ ചെലവുകൾ പങ്കിട്ടെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.