WORLD

വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

റഫാ അതിര്‍ത്തിയില്‍ ഇസ്രയേലിനെ ആക്രമിച്ചതായി അറിയില്ലെന്ന് ഹമാസ് പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

ഗാസയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഞായറാഴ്ച ഇസ്രയേല്‍ ഗാസയില്‍ വീണ്ടും വ്യോമാക്രമണം നടത്തി. റഫാ അതിര്‍ത്തിയില്‍ സൈന്യത്തെ ഹമാസ് ആക്രമിച്ചെന്നും ഇതിന് തിരിച്ചടിയായാണ് ഗാസയില്‍ ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.

അതേസമയം റഫാ അതിര്‍ത്തിയില്‍ ഇസ്രയേലിനെ ആക്രമിച്ചതായി അറിയില്ലെന്ന് ഹമാസ് പ്രതികരിച്ചു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അഞ്ചോളം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗാസയില്‍ മാത്രം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണ്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം മാത്രം ഇസ്രയേല്‍ സൈന്യം 47 കരാര്‍ ലംഘനങ്ങളാണ് നടത്തിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ ലംഘനങ്ങളില്‍ ഇതുവരെ ഗാസയില്‍ 35ഓളം പേര്‍ കൊല്ലപ്പെട്ടു. 146 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള റഫാ അതിര്‍ത്തി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞു തന്നെ കിടക്കുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

SCROLL FOR NEXT