'China 40-50 km Inside Arunachal, Occupied High Ridges': State Congress Chief Bosiram Siram Demands High-Level Probe; CM Denies Incursion News Malayalam 24x7
WORLD

"അരുണാചൽ പ്രദേശിൽ 50 കിലോമീറ്ററോളം ഉള്ളിലേക്ക് ചൈനീസ് സൈന്യം കടന്നു"; തന്ത്രപ്രധാന മലനിരകൾ കയ്യടക്കിയെന്ന് കോൺഗ്രസ്; ആരോപണം തള്ളി സര്‍ക്കാര്‍

"ചൈനീസ് സൈന്യം ഇതിനകം ഇന്ത്യൻ പ്രദേശത്തേക്ക് 40 മുതൽ 50 കിലോമീറ്റർ വരെ മുന്നേറിക്കഴിഞ്ഞു. ഇന്ന് അവർ നിശ്ചിത അകലങ്ങളിൽ മലമുകളിൽ തമ്പടിച്ചിരിക്കുകയാണ്. ഇത് താഴെനിന്ന് നോക്കിയാൽ വ്യക്തമായി കാണാം; അവർ മലമുകളിലാണ്, നാം താഴെയുമാണ് നിൽക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഗുവാഹത്തി: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിൽ ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് 40 മുതൽ 50 കിലോമീറ്റർ വരെ ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയെന്ന് അരുണാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ബോസിറാം സിറാം ആരോപിച്ചു . കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും മുൻ ആഭ്യന്തര മന്ത്രിയുമായ തംഗ ബയാലിംഗ്, അപ്പർ സുബൻസിരി എംപി ജറോഡം ക്രി എന്നിവരടങ്ങുന്ന കോൺഗ്രസ് പ്രതിനിധി സംഘം ഓഗസ്റ്റ് 26 മുതൽ 29 വരെ ഇറ്റാനഗറിൽ നിന്ന് നാച്ചോ വഴി ലൈംകിംഗ്, താക്‌സിംഗ് തുടങ്ങിയ അതിർത്തി ഗ്രാമങ്ങൾ നേരിട്ട് സന്ദർശിച്ച് പ്രദേശവാസികളുമായി സംസാരിച്ചതിന് ശേഷമാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്.

"ചൈനീസ് സൈന്യം ഇതിനകം ഇന്ത്യൻ പ്രദേശത്തേക്ക് 40 മുതൽ 50 കിലോമീറ്റർ വരെ മുന്നേറിക്കഴിഞ്ഞു. ഇന്ന് അവർ നിശ്ചിത അകലങ്ങളിൽ മലമുകളിൽ തമ്പടിച്ചിരിക്കുകയാണ്. ഇത് താഴെനിന്ന് നോക്കിയാൽ വ്യക്തമായി കാണാം; അവർ മലമുകളിലാണ്, നാം താഴെയുമാണ് നിൽക്കുന്നത്. തന്ത്രപ്രധാനമായ അസാഫില മേഖല മുഴുവൻ ഇപ്പോൾ ചൈനയുടെ കൈപ്പിടിയിലാണ്. ഉയർന്ന മലനിരകളും തന്ത്രപ്രധാന സ്ഥാനങ്ങളും ചൈന പിടിച്ചെടുത്തതോടെ ഓൺലൈൻ മാപ്പുകളിൽ നിന്ന് പോലും ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്" എന്ന് സിറാം കുറ്റപ്പെടുത്തി.

ചൈനീസ് സേനയുടെ ഈ കടന്നുകയറ്റം കാരണം തദ്ദേശവാസികൾക്ക് പരമ്പരാഗത പ്രദേശങ്ങളിലേക്കുള്ള പ്രവേശനവും ഉപജീവനമാർഗ്ഗങ്ങളും നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിർത്തിയിൽ അത്തരമൊരു കടന്നുകയറ്റം നടന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കി സംസ്ഥാന മുഖ്യമന്ത്രി പേമ ഖണ്ഡു കോൺഗ്രസിന്റെ ആരോപണങ്ങൾ പൂർണ്ണമായി തള്ളി. മുൻപ് ഉയർന്ന 60 കിലോമീറ്റർ കടന്നുകയറ്റ ആരോപണം കേന്ദ്രമന്ത്രി കിരൺ റിജിജു തള്ളിയിരുന്നെങ്കിലും, ഉയർന്ന മലനിരകളിൽ ചൈനീസ് സേനയുടെ അസ്വാഭാവിക നീക്കങ്ങൾ വർദ്ധിച്ചുവെന്ന കാര്യം അദ്ദേഹം ശരിവെച്ചിരുന്നു.

അരുണാചൽ അതിർത്തിയിൽ ചൈനയുമായി മുഖാമുഖം സംഘർഷാവസ്ഥ തുടരുകയാണെന്ന് ദിവസങ്ങൾക്ക് മുൻപ് ഐടിബിപി ഡയറക്ടർ ജനറൽ ശത്രുജീത് സിംഗ് കപൂർ വെളിപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയ കോൺഗ്രസ്, വിഷയത്തിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും നിഷ്പക്ഷമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

"അതിർത്തിയിൽ കടന്നുകയറ്റമോ പ്രകോപനങ്ങളോ ഇല്ലെങ്കിൽ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ എന്തിനാണ് നിരന്തരം ഈ പരാതികൾ ഉന്നയിക്കുന്നത്? ഇത് വെറും അഭ്യൂഹങ്ങളെന്ന് പറഞ്ഞ് തള്ളിക്കളയാതെ ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ സർക്കാർ യാഥാർത്ഥ്യം കണ്ടെത്തണം," എന്ന് ബോസിറാം സിറാം ആവശ്യപ്പെട്ടു. ജൂൺ മാസത്തിൽ താക്‌സിംഗ് മേഖലയിൽ ചൈനീസ് കടന്നുകയറ്റമുണ്ടെന്ന് കാട്ടി തദ്ദേശീയ സംഘടനയായ നാ വെൽഫെയർ സൊസൈറ്റിയും, ഓഗസ്റ്റിൽ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലും രംഗത്തെത്തിയിരുന്നു. അതിർത്തിയിലെ കടന്നുകയറ്റ ആരോപണം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

SCROLL FOR NEXT