ബെയ്ജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവും ഷാങ്ഹായ് പാർട്ടി സെക്രട്ടറിയുമായ ചെൻ ജിനിംഗിനെതിരെ അഴിമതി അന്വേഷണം പ്രഖ്യാപിച്ചു. 2026 നവംബർ 24 പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് പാർട്ടി അച്ചടക്കവും നിയമങ്ങളും ഗുരുതരമായി ലംഘിച്ചുവെന്ന സംശയത്തെത്തുടർന്ന് ചെൻ ജിനിംഗിനെതിരെ അന്വേഷണം ആരംഭിച്ചതായി അറിയിച്ചത്. പാർട്ടിയുടെ സെൻട്രൽ കമ്മിഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷനും നാഷണൽ കമ്മിഷൻ ഓഫ് സൂപ്പർവിഷനും സംയുക്തമായാണ് അന്വേഷണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
2022 മുതൽ ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിലെ ഏറ്റവും മുതിർന്ന പാർട്ടി നേതാവും 24 അംഗ പൊളിറ്റ്ബ്യൂറോയിലെ പ്രമുഖനുമായ ചെൻ ജിനിംഗിനെതിരെയുള്ള ഈ നടപടി ബെയ്ജിംഗിലെ രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന അഞ്ചുവർഷത്തിലൊരിക്കലുള്ള പാർട്ടി കോൺഗ്രസിൽ പ്രസിഡന്റ് ഷി ജിൻപിംഗ് നാലാം തവണയും അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ആ സമ്മേളനത്തിൽ നടക്കാനിരിക്കുന്ന വൻ പുനഃസംഘടനയിൽ രാജ്യത്തെ ഏറ്റവും ഉന്നതമായ ദേശീയ നേതൃത്വ പദവികളിലൊന്നിലേക്ക് ചെൻ ജിനിംഗ് ഉയർത്തപ്പെടുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്.
പ്രസിഡന്റ് ഷി ജിൻപിംഗ് പഠിച്ച സിങ്‌ഹുവ സർവ്വകലാശാലയുടെ മുൻ പ്രസിഡന്റായിരുന്ന ചെൻ, 2018 മുതൽ 2022 വരെ ബെയ്ജിംഗ് മേയറായും പ്രവർത്തിച്ചിട്ടുണ്ട്. തുടർന്നാണ് അദ്ദേഹത്തിന് ഷാങ്ഹായ് പാർട്ടി സെക്രട്ടറിയായി പൊളിറ്റ്ബ്യൂറോയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്ന് എൻവയോൺമെന്റൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ മികച്ച പരിചയസമ്പത്തുള്ള അപൂർവ്വം ചൈനീസ് നേതാക്കളിലൊരാളായിരുന്നു. ഷാങ്ഹായിലെ വിദേശ വ്യാപാര പ്രതിനിധികൾക്കിടയിലും അദ്ദേഹം ഏറെ ജനപ്രിയനായിരുന്നു.
നിലവിലെ പൊളിറ്റ്ബ്യൂറോ അംഗങ്ങളിൽ അച്ചടക്ക അന്വേഷണം നേരിടുന്ന നാലാമത്തെ നേതാവാണ് ചെൻ ജിനിംഗ്. ചൈനയുടെ സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പൊളിറ്റ്ബ്യൂറോയിൽ നിന്ന് ഇത്രയധികം പേർ അന്വേഷണ പരിധിയിലാകുന്നത്. ഈ വർഷം ആദ്യം പീപ്പിൾസ് ലിബറേഷൻ ആർമി ജനറൽമാരായ ഷാങ് യുക്സിയ, ഹേ വെയ്‌ഡോംഗ് എന്നിവരെയും മുൻ സിൻജിയാങ് പാർട്ടി സെക്രട്ടറി മാ സിംഗ്‌റുയിയെയും നീക്കം ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ അര ഡസനോളം പൊളിറ്റ്ബ്യൂറോ അംഗങ്ങൾ മാത്രമേ പുറത്താക്കപ്പെട്ടിട്ടുള്ളൂവെങ്കിലും, ഷി ജിൻപിംഗിന്റെ കാലത്ത് സൈനിക മേധാവികൾ ഉൾപ്പെടെയുള്ള നിരവധി ഉന്നതർക്ക് സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്.
മുൻ സുരക്ഷാ മേധാവി ഷൗ യോങ്കാങ് (2014), ബോ സിലായ് (2012), സുൻ ഷെങ്‌കായ് (2017), മുൻ ഷാങ്ഹായ് പാർട്ടി സെക്രട്ടറി ചെൻ ലിയാങ്‌യു (2006) എന്നിവരും മുൻകാലങ്ങളിൽ പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ശുദ്ധീകരണത്തിൽ പുറത്തായവരിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ മാസം ബെയ്ജിംഗിൽ നടന്ന സി.പി.സി അഞ്ചാം പ്ലീനത്തിൽ 16 പി.എൽ.എ ജനറൽമാർ ഉൾപ്പെടെ 33 സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കാൻ തീരുമാനിച്ച യോഗത്തിലും ചെൻ ജിനിംഗ് പങ്കെടുത്തിരുന്നു. പൂർണ്ണവും കർശനവുമായ പാർട്ടി സ്വയംഭരണം തുടരും എന്ന പ്രതിജ്ഞയോടെയായിരുന്നു അന്ന് യോഗം അവസാനിച്ചത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അഴിമതി വിരുദ്ധ നീക്കത്തിന് അതിരുകളില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ചെൻ ജിനിംഗിനെതിരായ അന്വേഷണമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ.