WORLD

സസ്പെന്‍സ് പൊളിച്ച് ചൈന; ഷി ജിന്‍പിങ് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കും, ഇന്ത്യയില്‍ എത്തുന്നത് ഏഴു വര്‍ഷത്തിനുശേഷം

2019ലാണ് ഷി ജിന്‍പിങ് അവസാനമായി ഇന്ത്യയില്‍ എത്തിയത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, സസ്പെന്‍സ് പൊളിച്ച് ചൈന. പ്രസിഡന്റ് ഷി ജിന്‍പിങ് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഷി ജിന്‍പിങ് എത്തുന്നത്. നേരത്തെ, ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച വിവരമൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. പിന്നാലെയാണ് ഔദ്യോഗിക കുറിപ്പിലൂടെ ഷി ജിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശം സ്ഥിരീകരിച്ചത്.

പ്രസിഡന്റ് ഉച്ചകോടിയില്‍ പങ്കെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, "അതുമായി ബന്ധപ്പെട്ട് എനിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല" എന്നായിരുന്നു ചൈനീസ് വിദേശ മന്ത്രാലയം വക്താവ് ഗുവോ ജിയ-കുന്‍ അറിയിച്ചിരുന്നത്. അതിനുശേഷമാണ് ഔദ്യോഗിക കുറിപ്പ് പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 12 മുതൽ 13വരെ ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും' എന്നായിരുന്നു ചൈനീസ് വിദേശ മന്ത്രാലയത്തിന്റെ കുറിപ്പ്.

ഏഴു വര്‍ഷത്തിനുശേഷമാണ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തുന്നത്. 2014ലാണ് ഷി ജിന്‍പിങ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. അന്ന് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് 2016ല്‍ ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുത്തു. 2019ല്‍ ചെന്നൈ മാമല്ലപുരത്ത് പ്രധാനമന്ത്രി മോദിക്കൊപ്പം അനൗദ്യോഗിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അവസാനമായെത്തിയത്. അതിനുശേഷം, 2020ല്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട ഗാല്‍വാന്‍ സംഘര്‍ഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ബന്ധം മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളും നയതന്ത്ര നീക്കങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി മോദി ചൈന സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച എത്തുന്ന ജി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.

SCROLL FOR NEXT