ബീജിങ്: വലതുഭാഗത്ത് വ്ളാഡിമിർ പുടിനേയും ഇടതുഭാഗത്ത് കിം ജോങ് ഉന്നിനേയും ഒപ്പം നിർത്തി ഷി ജിന്‍പിങ്ങിന്റെ ചൈനീസ് സൈനിക പരേഡ്. ബീജിങിൽ നടന്ന രണ്ടാം ലോക മഹായുദ്ധ വാർഷിക സ്മരണാ ചടങ്ങാണ് അക്ഷരാർഥത്തിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനുള്ള മറുപടിയായത്. 20ലധികം രാഷ്ട്രങ്ങളിലെ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വെച്ച് ഒരു ഭീഷണിക്കു മുന്നിലും ചൈന വഴങ്ങില്ലെന്ന് ഷി ജിൻ പിങ് വ്യക്തമാക്കുകയും ചെയ്തു.
പതിനായിരത്തിലധികം സൈനികരുമായി ചൈനയുടെ സൈനിക ശക്തിയും , ആയുധ മികവും ഉയർത്തി കാട്ടുന്നതായിരുന്നു ടിയാനൻമെൻ സ്ക്വയറിൽ നടന്ന പരേഡ്. അത്യാധുനിക ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. റോഡ് ബൗണ്ട് മിസൈൽ അടക്കമുള്ളവ ചൈന ആദ്യമായാണ് പൊതുവേദിയിൽ പ്രദർശിപ്പിക്കുന്നത്. 2019 ന് ശേഷമുള്ള ചൈനയുടെ ആദ്യത്തെ വലിയ പരേഡായിരുന്നു ഇത്. റഷ്യൻ പ്രസിഡൻ്റ് വ്ളാഡ്മിർ പുടിനും , ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അടക്കം 26 ലോക രാഷ്ട്ര നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
യുഎസിന് പരോക്ഷ മറുപടി നൽകിയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ചടങ്ങിൽ സംസാരിച്ചത്. "ലോകം യുദ്ധം വേണോ സമാധാനം വേണോ എന്ന ചോദ്യം മുന്നിലുണ്ട്. എന്നാൽ ചൈനയെ സംബന്ധിച്ച് ഒരു ഭീഷണിക്കു മുന്നിലും വഴങ്ങില്ല" ഷി ജിൻപിങ് പറഞ്ഞു. ചൈനീസ് ചരിത്രം മുന്നോട്ടുപോക്കിന്റേതാണെന്നും ഷി പറഞ്ഞു. ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ കുടുംബത്തിനൊപ്പമാണ് ബീജിങ് സന്ദർശനത്തിന് എത്തിയത്. വ്ളാഡിമർ പുടിനുമായും കിം ജോങ് ഉൻ ഉഭയകക്ഷി ചർച്ച നടത്തി.