നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ് Source: ANI
WORLD

"മുട്ടാളന്‍മാർക്ക് ഒരിഞ്ച് കൊടുത്താല്‍...."; ട്രംപ് ഇന്ത്യക്ക് മേല്‍ അധിക താരിഫ് ചുമത്തിയതില്‍ ചൈനീസ് അംബാസഡർ

ചൈനയ്ക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്കിടെയാണ് ചൈനീസ് പ്രതിനിധിയുടെ പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ അധിക തീരുവയില്‍ പ്രതികരിച്ച് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഷൂ ഫെയ്ഹോങ്. എക്സിലൂടെയായിരുന്നു പ്രതികരണം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാൽ ചൈനയ്ക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്കിടെയാണ് ചൈനീസ് പ്രതിനിധിയുടെ പ്രസ്താവന.

"മുട്ടാളന്‍മാർക്ക് ഒരിഞ്ച് കൊടുത്താല്‍ അവർ ഒരു മൈല്‍ എടുക്കും" എന്നാണ് ഫെയ്ഹോങ്ങിന്റെ എക്സ് പോസ്റ്റ്. "മറ്റ് രാജ്യങ്ങളെ അടിച്ചമർത്താൻ താരിഫുകളെ ആയുധമായി ഉപയോഗിക്കുന്നത് യുഎൻ ചാർട്ടറിന്റെ ലംഘനമാണ്. ഡബ്ല്യുടിഒ നിയമങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. അവ ജനപ്രീയവുമല്ല സുസ്ഥിരവുമല്ല." പോസ്റ്റില്‍ പറയുന്നു.

യുഎസുമായി വ്യാപാര കരാറിൽ ഒപ്പുവയ്ക്കുന്ന ആദ്യ രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇന്ത്യയുടെ വിശാലമായ കാർഷിക, ക്ഷീര മേഖലകൾ തുറന്നുകൊടുക്കുന്നതിലും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുന്നതിലും ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് അഞ്ച് റൗണ്ടുകള്‍ പിന്നിട്ട ചർച്ചകൾ പരാജയപ്പെട്ടത്. ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക തീരുവയാണ് യുഎസ് ചുമത്തിയിരിക്കുന്നത്. ഇതോടെ ആകെ തീരുവ 50 ശതമാനമായി ഉയർന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ മൂന്ന് ഇറക്കുമതിക്കാരാണ് ഇന്ത്യ, ചൈന, തുർക്കി എന്നീ രാജ്യങ്ങള്‍. റഷ്യ-യുക്രെയ്ൻ യുദ്ധം വെള്ളിയാഴ്ചയോടെ അവസാനിച്ചില്ലെങ്കിൽ 'ദ്വിതീയ താരിഫ്' ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

ഈ വർഷം ആദ്യം, ചൈനയും യുഎസും താരിഫ് യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. ചൈനയ്ക്ക് മേല്‍ 145 ശതമാനം വരെയാണ് യുഎസ് താരിഫ് വർധിപ്പിച്ചത്. ഇതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള യുഎസ് താരിഫ് 245 ശതമാനമായി. എന്നാല്‍, "യുഎസ് താരിഫ് എത്ര ഉയർത്തിയാലും, അത് സാമ്പത്തികമായി അർത്ഥശൂന്യമാകുമെന്നും ഒടുവിൽ ആഗോള സാമ്പത്തിക ചരിത്രത്തിൽ ഒരു പരിഹാസപാത്രമായി മാറുമെന്നുമായിരുന്നു ചൈനയുടെ പ്രതികരണം.

ചൈനയുമായി വ്യാപാര കരാർ രൂപീകരിക്കുന്നതിനായി ഈ വർഷം അവസാനം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT