മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഇന്ത്യയിലേക്ക് എത്തുന്നു. ഈ മാസം അവസാനത്തോടെയാണ് സന്ദർശനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യന്‍ പ്രസിഡന്റിന്റെ സന്ദർശനം സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യക്കെതിരായ തീരുവ യുദ്ധ പ്രഖ്യാപനത്തിനിടെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ സന്ദർശനം.
പുടിന്റെ സന്ദർശന തീയതിയില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് മോസ്കോയിലുള്ള അജിത് ഡോവല്‍ അറിയിച്ചു. 2025 അവസാനമാകും റഷ്യന്‍ പ്രസിഡന്റിന്റെ സന്ദർശനം എന്നാണ് ഇന്റർഫാക്സ് വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നത്.
വരും ദിവസങ്ങളില്‍ വ്ളാഡിമർ പുടിന്‍ ഡൊണാള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തിയേക്കും. ഇരുപക്ഷവും കൂടിക്കാഴ്ചയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി പ്രവർത്തിക്കുകയാണെന്നും കൂടിക്കാഴ്ചയ്ക്കുള്ള വേദി സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും പിന്നീട് പ്രഖ്യാപിക്കുമെന്നും റഷ്യൻ പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു.
ട്രംപ് ഇന്ത്യക്ക് മേല്‍ അധിക തീരുവ ചുമത്തിയതിന് പിന്നാലെ നടക്കുന്ന പുടിന്റെ സന്ദർശനത്തിന് ഏറെ രാഷ്ടീയ പ്രാധാന്യമാണുള്ളത്. 25 ശതമാനം അധിക തീരുവ കൂടി പ്രഖ്യാപിച്ചതോടെ ഇന്ത്യക്ക് മേലുള്ള യുഎസ് തീരുവ 50 ശതമാനമായിട്ടാണ് ഉയർന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ താരിഫ് ഇനിയും വർധിപ്പിക്കുമെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.