ചൈനീസ് സൈനിക തലപ്പത്ത് വൻ അഴിച്ചുപണി Source; X
WORLD

പോളിറ്റ് ബ്യൂറോ അംഗമുള്‍പ്പടെ പുറത്ത്; ചൈനീസ് സെനിക തലപ്പത്ത് അഴിച്ചുപണി

പതിറ്റാണ്ടുകള്‍ക്കിടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സൈന്യത്തിന്റെ തലപ്പത്ത് നടത്തുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്.

Author : ന്യൂസ് ഡെസ്ക്

ബെയ്ജിംഗ്; ചൈനീസ് സൈനിക തലപ്പത്ത് വൻ അഴിച്ചുപണി. അഴിമതി ആരോപണവിധേയരായ ജനറല്‍ റാങ്കിലുള്ള ഒന്‍പത് ഉന്നത സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി. ത്രീ സ്റ്റാർ പദവിയിലുള്ളവരെ അടക്കമാണ് സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത്. പതിറ്റാണ്ടുകള്‍ക്കിടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സൈന്യത്തിന്റെ തലപ്പത്ത് നടത്തുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്.

പോളിറ്റ് ബ്യൂറോ അംഗവും, പ്രസിഡന്‍റ് ഷീ ജിന്‍പിങ് കഴിഞ്ഞാല്‍ സെന്‍ട്രല്‍ മിലിറ്ററി കമ്മീഷനില്‍ ഏറ്റവും ഉയർന്ന റാങ്കിലുള്ള വൈസ് ചെയർമാന്‍ ഹീ വീഡോംഗാണ് നടപടി നേരിട്ടവരിലെ പ്രമുഖന്‍. അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് വിശദീകരണമെങ്കിലും രാഷ്ട്രീയ ശുദ്ധീകരണമായി കൂടിയാണ് നീക്കം വിലയിരുത്തപ്പെടുന്നത്.

ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും ചൈനീസ് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അവരിൽ ഭൂരിഭാഗവും ത്രീ സ്റ്റാർ ജനറൽമാരും പാർട്ടിയുടെ തീരുമാനമെടുക്കുന്ന കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങളുമായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതി ചർച്ച ചെയ്യുകയും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന പാർട്ടി പ്ലീനത്തിന്റെ തലേന്നാണ് ചൈനയിൽ സൈനിക സംവിധാനത്തിൽ അഴിച്ചുപണി നടന്നത്.

ഹി വീഡോങ് - സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി) വൈസ് ചെയർമാൻ

മിയാവോ ഹുവ - സിഎംസിയുടെ രാഷ്ട്രീയ പ്രവർത്തന വകുപ്പിന്റെ ഡയറക്ടർ

ഹെ ഹോങ്‌ജുൻ - സി‌എം‌സിയുടെ രാഷ്ട്രീയ പ്രവർത്തന വകുപ്പിന്റെ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടർ

വാങ് സിയുബിൻ - സിഎംസിയുടെ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടർ

ലിൻ സിയാങ്‌യാങ് - കിഴക്കൻ തിയേറ്റർ കമാൻഡർ

ക്വിൻ ഷുട്ടോങ് - സൈന്യത്തിന്റെ രാഷ്ട്രീയ കമ്മീഷണർ

യുവാൻ ഹുവാഷി - നാവികസേനയുടെ രാഷ്ട്രീയ കമ്മീഷണർ

വാങ് ഹൂബിൻ - റോക്കറ്റ് ഫോഴ്‌സ് കമാൻഡർ

വാങ് ചുന്നിംഗ് - സായുധ പോലീസ് സേന കമാൻഡർ

എന്നിവരെയാണ് പിരിച്ചുവിട്ടത്.

ഇവർ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്ന ഡ്യൂട്ടിലംഘനം നടത്തിയതായാണ് റിപ്പോർട്ടുകൾ. ചൈനയിൽ അന്വേഷണം നേരിടുന്ന ആദ്യത്തെ പോളിറ്റ് ബ്യൂറോ അംഗമാണ് ഹി വീഡോംഗ്. പാർട്ടിയുടെയും സൈന്യത്തിന്റെയും അഴിമതി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസാതാവനയിൽ പറയുന്നു.

SCROLL FOR NEXT