കൊളംബീയന്‍ സെനറ്റർ മിഗേല്‍ ഒറീബേ Source: X/ Azucena Uresti
WORLD

കൊളംബിയൻ പ്രസിഡൻ്റ് സ്ഥാനാർഥി മിഗേല്‍ ഒറീബേയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരം

തലസ്ഥാന നഗരമായ ബൊഗോട്ടയിലെ ഫോണ്ടിബോർ പാർക്കിൽ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് വെടിയേറ്റത്

Author : ന്യൂസ് ഡെസ്ക്

കൊളംബിയൻ സെനറ്ററും പ്രസിഡൻ്റ് സ്ഥാനാർഥിയുമായ മിഗേല്‍ ഒറീബേയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയിലെ ഫോണ്ടിബോർ പാർക്കിൽ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് വെടിയേറ്റത്. ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോർട്ട്.

കൊളംബിയയിലെ പ്രതിപക്ഷ പാർട്ടിയായ സെൻട്രോ ഡെമോക്രാറ്റിക്കോയുടെ സ്ഥാനാർഥിയായിരുന്നു 39കാരനായ മിഗേല്‍ ഒറീബേ. വെടിവെയ്ക്കുന്ന ഓണ്‍ലൈന്‍ ദൃശ്യങ്ങളില്‍ ഒറീബേയുടെ തലയില്‍ നിന്നും രക്തം പ്രവഹിക്കുന്നതായി കാണാം. ഒറീബയെ ബൊഗോട്ടയിലെ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിവെച്ച ആളെ പിടികൂടിയതായി ബൊഗോട്ട മേയർ അറിയിച്ചു.

വെടിവയ്പ്പിനെ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ സർക്കാർ ഉടനടി അപലപിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സർക്കാർ ആവർത്തിച്ചു. മുൻ പ്രസിഡന്റ് അൽവാരോ ഒറീബേയുടെ അടുത്ത സഖ്യകക്ഷിയായ മിഗേല്‍ ഒറീബേ കൊളംബിയ ആക്രമണത്തിന്റെ പാതയിലേക്ക് തിരിയുന്നുവെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കൊളംബിയയിലെ യൂണിവേഴ്‌സിഡാഡ് ഡി ലോസ് ആൻഡീസിലും ഹാർവാർഡിന്റെ കെന്നഡി സ്‌കൂളിലും വിദ്യാഭ്യാസം നേടിയ ഒറീബെ, പെട്രോയുടെ ഇടതുപക്ഷ പരിഷ്‌കാരങ്ങളുടെ നിശിത വിമർശകനാണ്.

മുൻ പ്രസിഡന്റ് ജൂലിയോ സീസർ ടർബെയുടെ ചെറുമകനും കൊല്ലപ്പെട്ട പത്രപ്രവർത്തക ഡയാന ടർബെയുടെ മകനുമാണ് ഒറീബേ. സെനറ്റർ എന്ന നിലയില്‍, രാജ്യത്ത് ക്രമസമാധാനം, സാമ്പത്തിക സ്ഥിരത, ബിസിനസ് അനുകൂല ആവാസവ്യവസ്ഥ എന്നിവ ഉറപ്പാക്കണം എന്നായിരുന്നു ഒറീബേയുടെ നിലപാട്. 2022ൽ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മറ്റേതൊരു സ്ഥാനാർത്ഥിയേക്കാളും കൂടുതൽ വോട്ടുകൾ നേടിയാണ് ഒറീബേ വിജയിച്ചത്.

SCROLL FOR NEXT