Source: X
WORLD

മൂന്ന് മണിക്കൂറിലധികം നീണ്ട അതിസങ്കീർണ ശസ്ത്രക്രിയ; പെറുവില്‍ നട്ടെല്ലിൻ്റെ ഭാഗം ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി

വിദഗ്ദ പരിശോധനകളില്‍ ഇവർ സുഷുമ്നാ അറയും നാഡീഘടനകളും പങ്കിടുന്നതായി കണ്ടെത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

ലിമ: പെറുവില്‍ നട്ടെല്ലിൻ്റെ ഭാഗം ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി. സാൻ ബോർജയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലാണ് മൂന്ന് മാസം പ്രായമുള്ള ഐലാനിയും ആലിഫും അതിസങ്കീർണ ശസ്ത്രക്രിയയ്ക്ക് വിധേയരായത്.

ഒക്ടോബർ 5ന് മധ്യകിഴക്കൻ പെറുവിലെ ഹുവാനുകോയിലെ കർഷക കുടുംബത്തിൽ ആണ് സയാമീസ് ഇരട്ടകള്‍ ജനിച്ചത്. രണ്ട് പെൺകുഞ്ഞുങ്ങൾ. ഇരുവരുടെയും നട്ടെല്ലിൻ്റെ ഭാഗം ഒട്ടിച്ചേർന്ന നിലയിലായിരുന്നു. വിദഗ്ദ പരിശോധനകളില്‍ ഇവർ സുഷുമ്നാ അറയും, നാഡീഘടനകളും പങ്കിടുന്നതായി കണ്ടെത്തി. ജനിച്ച് മൂന്ന് ദിവസത്തിനകം തന്നെ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നവജാത ശിശുക്കളെ അലട്ടാൻ തുടങ്ങി. ഓരോ ദിവസവും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലായിരുന്നു ഡോക്ടർമാർ.

കർഷകരായ മാർലെനി പിക്കോണും മെനെലിയോ പലാസിയോസും മൂന്ന് മാസം പ്രായമുള്ള ഐലാനിയെയും ആലിഫിനെയും വേർപ്പെടുത്തി സ്വതന്ത്രമാക്കാൻ തീരുമാനിച്ചു. സാൻ ബോർജയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ ഈ മാസം 18ന് ആയിരുന്നു മൂന്ന് മണിക്കൂറിലധികം നീണ്ട അതിസങ്കീർണ ശസ്ത്രക്രിയ. ഇരട്ട പെൺകുട്ടികളെ വിജയകരമായി വേർപ്പെടുത്തി.

ശസ്ത്രക്രിയയ്ക്ക് ശേഷം ഐലാനിയെയും അലിഫിനെയും ന്യൂറോ സർജറി ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. കഴിഞ്ഞ ബുധനാഴ്ച വരെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. പെൺമക്കളെ പരിചരിച്ച ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ എല്ലാവരോടും മാതാപിതാക്കൾ നന്ദി പറഞ്ഞു. കുഞ്ഞുങ്ങൾ സുഖമായിരിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.

SCROLL FOR NEXT