WORLD

'അങ്കിള്‍' പരാമര്‍ശം വിനയായി; തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പയേതുങ്താന്‍ ഷിനവത്രയെ പുറത്താക്കി കോടതി

2024 ഓഗസ്റ്റിലാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഷിനവത്ര ചുമതലയേറ്റത്. ഒരു വര്‍ഷത്തിനിപ്പുറം പദവിയില്‍ നിന്ന് പുറത്താവുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

കംബോഡിയന്‍ മുന്‍ ഭരണാധികാരിയുമായുള്ള ഫോണ്‍ സംഭാഷണ വിവാദങ്ങളില്‍ തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പയേതുങ്താന്‍ ഷിനവത്രയെ പുറത്താക്കി ഭരണഘടനാ കോടതി. ഭരണഘടനാ നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ലംഘനം. ഭരണഘടനാ കോടതിയിലെ ഒന്‍പത് ജഡ്ജിമാരില്‍ ആറ് പേരും ഷിനവത്രയ്‌ക്കെതിരെ വോട്ടു ചെയ്തു. കോടതി വിധി അംഗീകരിക്കുന്നതായി ഷിനവത്ര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു.

കംബോഡിയയുടെ സെനറ്റ് പ്രസിഡന്റ് ഹുന്‍ സെന്നുമായുള്ള ഫോണ്‍ സംഭാഷണമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ഹുന്‍ സെന്നുമായുള്ള ഫോണ്‍ റെക്കോര്‍ഡിങ്ങ് പുറത്തായതിന് പിന്നാലെ 39 കാരിയായ ഷിനവത്രയെ ജൂലൈ ഒന്നിന് തന്റെ സേവനങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കംബോഡിയയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഫോണ്‍ സംഭാഷണമാണ് ഷിനവത്രയ്ക്ക് വിനയായത്. ഫാണ്‍ കോളില്‍ ഹുന്‍ സെന്നിനെ അങ്കിള്‍ എന്ന് അഭിസംബോധന ചെയ്തതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

ഫോണ്‍ സംഭാഷണത്തില്‍ തായ്‌ലാന്‍ഡിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഷിനവത്രയ്ക്ക് സാധിച്ചില്ലെന്നും അതുകൊണ്ടാണ് ഹുന്‍സെന്നിനെ അങ്കിള്‍ എന്ന് വിളിച്ചത് എന്നുമാണ് വിമര്‍ശകര്‍ പ്രധാനമായും ഉന്നയിക്കുന്ന വാദം. മുതിര്‍ന്ന തായി സൈനിക കമാന്‍ഡര്‍ക്കെതിരെ വിമര്‍ശനാത്മകമായ ഒരു പരാമര്‍ശവും ഷിനവത്ര നടത്തി.

2024 ഓഗസ്റ്റിലാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഷിനവത്ര ചുമതലയേറ്റത്. എന്നാല്‍ ചുമതലയേറ്റ് ഒരു വര്‍ഷത്തിനിപ്പുറം ഷിനവത്ര പദവിയില്‍ നിന്ന് പുറത്താവുകയും ചെയ്തു. മുന്‍ തായ് നേതാവ് താക്‌സിന്‍ ഷിനവത്രയുടെ മകളാണ് ഷിനവത്ര.

ജൂണില്‍ ഒരു കൂട്ടം സെനറ്റര്‍മാര്‍ ഷിനവത്രയെ ഓഫീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഷിനവത്ര ധാര്‍മിക മൂല്യങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സെനറ്റര്‍മാര്‍ പരാതി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്നാണ് ജൂലൈയില്‍ ഷിനവത്രയെ തുടര്‍ന്നുള്ള സേവനങ്ങളില്‍ നിന്ന് തടഞ്ഞത്.

SCROLL FOR NEXT