ഗാസയിലെ ആക്രമണങ്ങളിൽ ഇസ്രയേലിനെ സഹായിക്കുന്നതിനെതിരെ ഓഫീസ് ആസ്ഥാനത്തിന് മുന്നിൽ സമരം നടത്തിയ രണ്ട് ജീവനക്കാരെ കൂടി പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്. നിസ്രീൻ ജരദത്ത്, ജൂലിയസ് ഷാൻ എന്നീ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് അന്ന ഹട്ടിൽ, റിക്കി ഫമേലി എന്നിവരെയും മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ നയങ്ങളും പെരുമാറ്റച്ചട്ടങ്ങളും ലംഘിച്ചതിനാലാണ് നടപടിയെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
ഓഗസ്റ്റ് 27നാണ് മൈക്രോസോഫ്റ്റ് പ്രസിഡൻ്റിൻ്റെ ഓഫീസിന് മുന്നിൽ പ്രതിഷേധക്കാർ സമരം നടത്തിയത്. മൈക്രോസോഫ്റ്റ് ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. പ്രതിഷേധക്കാരുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടായ നോ അസൂർ ഫോർ അപ്പാർത്തിഡിൽ കമ്പനിയിലെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചു. ഇസ്രയേലി വംശഹത്യയിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കാളിത്തം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ് സ്വന്തം നൈതിക മൂല്യങ്ങൾ പാലിക്കണമെന്ന് ഇവരുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പറയുന്നു. പലസ്തീനികളെ നിരീക്ഷിക്കുന്നതിനായി ഇസ്രയേൽ സൈന്യം മൈക്രോസോഫ്റ്റിന്റെ അസൂർ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ചുവരുന്നുവെന്ന റിപ്പോർട്ട് ഈ മാസം ആദ്യം ദ ഗാർഡിയൻ പുറത്തുവിട്ടിരുന്നു.
എന്നാൽ, തങ്ങൾക്കെതിരായ ആരോപണങ്ങൾ മൈക്രോസോഫ്റ്റ് നിഷേധിച്ചു. പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായി ഒരു അവലോകനം നടത്തി, കൂടുതൽ വസ്തുതാന്വേഷണം നടത്തുന്നതിന് ഒരു ബാഹ്യസ്ഥാപനത്തെ നിയമിച്ചു. നിരവധി ജീവനക്കാരെ അഭിമുഖം ചെയ്തും രേഖകൾ വിലയിരുത്തിയും ഉൾപ്പെടെയുള്ള അവലോകനങ്ങളുടെ അടിസ്ഥാനത്തിൽ, ഗാസയിലെ സംഘർഷത്തിൽ ആളുകളെ ലക്ഷ്യം വയ്ക്കുന്നതിനോ ഉപദ്രവിക്കുന്നതിനോ മൈക്രോസോഫ്റ്റിന്റെ അസൂർ, എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ചതായി ഇതുവരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും മൈക്രോസോഫ്റ്റ് വിശദീകരിച്ചു.