Poland Plunges Into Constitutional Chaos as Police Surround Top Court Over Chief Judge's Suspension News Malayalam 24x7
WORLD

ഭരണഘടന കോടതി അധ്യക്ഷനെ സസ്പെന്‍റ് ചെയ്തു; ഫ്രാന്‍സിന് പുറമേ പോളണ്ടിലും തെരുവ് പ്രക്ഷോഭം, രാജ്യം നാടകീയമായ ഭരണഘടനാ പ്രതിസന്ധിയിലേക്ക്

രണഘടനാ ട്രൈബ്യൂണൽ പ്രസിഡന്റ് ബൊഗ്ദാൻ സ്വിയേച്‌കോവ്‌സ്‌കിയെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയെയും ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നാലെയാണ് സംഘര്‍ഷം

Author : ന്യൂസ് ഡെസ്ക്

വാഴ്‌സോ: ഭരണഘടനാ കോടതി അധ്യക്ഷനെ പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്റെ നേതൃത്വത്തിലുള്ള സർക്കാർ സസ്പെൻഡ് ചെയ്യുകയും കോടതി സമുച്ചയം കലാപവിരുദ്ധ പോലീസ് വളഞ്ഞതോടെ പോളണ്ടിൽ അത്യന്തം നാടകീയമായ ഭരണഘടനാ പ്രതിസന്ധിയിലേക്ക്. ഭരണഘടനാ ട്രൈബ്യൂണൽ പ്രസിഡന്റ് ബൊഗ്ദാൻ സ്വിയേച്‌കോവ്‌സ്‌കിയെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയെയും ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നാലെയാണ് വാഴ്‌സോയിലെ കോടതി ആസ്ഥാനത്തേക്ക് സായുധ പോലീസിനെ വിന്യസിച്ചത്.

മുൻ തീവ്ര വലതുപക്ഷ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട ജഡ്ജിമാരെ നീക്കി യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നീതിന്യായ വ്യവസ്ഥയെ പുനഃസ്ഥാപിക്കാനാണ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്റെ നേതൃത്വത്തിലുള്ള യൂറോപ്യൻ യൂണിയൻ അനുകൂല സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഈ നീക്കം ജുഡീഷ്യറിക്കുമേലുള്ള പരസ്യമായ അട്ടിമറിയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും ആയിരക്കണക്കിന് ജനങ്ങളും പോളണ്ട് പതാകകളേന്തി കോടതിക്ക് മുന്നിൽ തടിച്ചുകൂടുകയും വൻ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു.

സസ്പെൻഡ് ചെയ്യപ്പെട്ട ചീഫ് ജസ്റ്റിസ് സ്വിയേച്‌കോവ്‌സ്‌കി സ്വന്തം തിരിച്ചറിയൽ കാർഡ് ഉയർത്തിപ്പിടിച്ചുകൊണ്ട് മെഗാഫോണിലൂടെ പോലീസിന് മുന്നിൽ അണിനിരന്ന ജനങ്ങളെ അഭിസംബോധന ചെയ്തത് സംഘർഷാവസ്ഥ വർദ്ധിപ്പിച്ചു.സംഭവങ്ങൾ കൈവിട്ടുപോയതോടെ, ആഫ്രിക്കൻ രാജ്യമായ സെനഗലിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെട്ട പോളിഷ് പ്രസിഡന്റ് കരോൾ നവ്‌റോക്കി പറന്നുയർന്ന പ്രസിഡൻഷ്യൽ വിമാനം പാതിവഴിയിൽ വെച്ച് അടിയന്തരമായി തിരിച്ചുവിടാൻ പൈലറ്റിന് ഉത്തരവ് നൽകുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ വാഴ്‌സോയിൽ തിരിച്ചിറങ്ങിയ പ്രസിഡന്റ് നവ്‌റോക്കി, സുപ്രീം കോടതി ഫസ്റ്റ് പ്രസിഡന്റ് സ്ബിഗ്‌നിയേവ് കാപിൻസ്കിക്കൊപ്പം നേരിട്ടെത്തി പോലീസ് വലയം ഭേദിച്ച് ഭരണഘടനാ ട്രൈബ്യൂണൽ മന്ദിരത്തിനുള്ളിലേക്ക് കടന്നതായി പ്രസിഡന്റിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് പവേൽ സെഫെർനാക്കർ എക്സിൽ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്റെ എക്സിക്യൂട്ടീവ് അധികാര പ്രയോഗവും ദേശീയവാദിയായ പ്രസിഡന്റും ജുഡീഷ്യറിയും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലും പോളണ്ടിനെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭരണഘടനാ അടിയന്തരാവസ്ഥയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ജനങ്ങൾ കോടതിക്ക് പുറത്ത് തമ്പടിച്ച് തെരുവ് പ്രക്ഷോഭം തുടരുന്നതോടെ രാജ്യത്ത് ക്രമസമാധാന നില പൂർണ്ണമായി തകരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിലാണ് യൂറോപ്യൻ യൂണിയൻ.

SCROLL FOR NEXT