
പോളണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ പാർട്ടിയായ ലോ ആന്‍ഡ് ജസ്റ്റിസിന്റെ (പിഐഎസ്) പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി കരോള്‍ നവ്റോക്കിക്ക് വിജയം. 50.89 ശതമാനം വോട്ടുകള്‍ നേടിയാണ് റണ്‍ ഓഫ് തെരഞ്ഞെടുപ്പില്‍ നവ്റോക്കിയുടെ വിജയം. 49.15 ശതമാനം വോട്ടുകള്‍ നേടിയ സിവിക് കോയലിഷൻ (കെഒ) സ്ഥാനാർഥി റാഫാൽ ട്രാസാസ്കോവ്സ്കിയെ ആണ് നവ്റോക്കി പരാജയപ്പെടുത്തിയത്.
നിലവിലെ പ്രസിഡന്‍റും പിഐഎസ് സഖ്യകക്ഷിയുമായ ആൻഡ്രേജ് ഡുഡ ഓഗസ്റ്റ് ആറിന് സ്ഥാനമൊഴിയുന്നതോടെയാകും നവ്റോക്കി ചുമതലയേല്‍ക്കുക. ഡുഡയുടെ രണ്ടാമത്തെയും അവസാനത്തെയും ടേമാണ് അവസാനിക്കുന്നത്. പോളണ്ട് ഭരണഘടന പ്രകാരം അഞ്ച് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. ഒരു വ്യക്തിക്ക് രണ്ട് തവണ പ്രസിഡന്റായി അധികാരത്തിലിരിക്കാനാണ് ഭരണഘടന അനുവദിക്കുന്നത്.
രണ്ടാഴ്ച മുമ്പ് നടന്ന ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടാൻ സാധിക്കാതിരുന്നതാണ് പോളണ്ടിനെ റണ്‍ ഓഫ് തെരഞ്ഞെടുപ്പിലേക്ക് എത്തിച്ചത്. വാർസോ മേയറായ റാഫാൽ ട്രാസാസ്കോവ്സ്കി വിജയിക്കുമെന്നായിരുന്നു പോളിങ് അവസാനിച്ചതിനു ശേഷമുള്ള ആദ്യ എക്സിറ്റ് പോള്‍ ഫലങ്ങള്‍. 50.3 ശതമാനം വോട്ടുകള്‍ നേടി ട്രസാസ്‌കോവ്‌സ്‌കി, നവ്‌റോക്കിയെ (49.7%) പരാജയപ്പെടുത്തുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം. പോള്‍ വന്നതിനു പിന്നാലെ, ട്രാസാസ്‌കോവ്‌സ്‌കി താന്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. അപ്പോഴും നേരിയ വ്യത്യാസത്തില്‍ വിജയിക്കുമെന്നും പ്രതീക്ഷ കൈവിടരുതെന്നുമായിരുന്നു അണികളോടുള്ള നവ്റോക്കിയുടെ ആഹ്വാനം. ഫലം പുറത്തുവന്നപ്പോള്‍ പ്രവചനം തലകീഴ് മറിഞ്ഞു. ഭൂരിപക്ഷം നേരിയതാണെങ്കിലും ജനവിധി നവ്റോക്കിക്ക് അനുകൂലമായിരുന്നു.
പ്രസിഡന്റ് ആയി കരോള്‍ നവ്റോക്കി എത്തുന്നത് ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുക പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിനാകും. ടസ്കിന്റെ യൂറോപ്യൻ യൂണിയൻ അനുകൂല നയങ്ങളുടെ വിമർശകനാണ് നവ്‌റോക്കി. ആൻഡ്രേജ് ഡുഡയുടെ പാത പിന്തുടർന്ന് പ്രസിഡൻഷ്യൽ വീറ്റോ അധികാരം ഉപയോഗിച്ച് പോളിഷ് പ്രധാനമന്ത്രിയുടെ നീക്കങ്ങള്‍ക്ക് തടയിടാനാകും പുതിയ പ്രസിഡന്റും ശ്രമിക്കുക. 2015 മുതല്‍ ഭരണത്തിലുണ്ടായിരുന്ന ലോ ആന്‍ഡ് ജസ്റ്റിസ് പാർട്ടി 18 മാസം മുന്‍പാണ് ഡൊണാൾഡ് ടസ്കിന്റെ പാർട്ടിയോട് പരാജയപ്പെട്ട് പുറത്തായത്. നവ്റോക്കിയുടെ വിജയം പാർട്ടിയുടെ ഉയർത്തെഴുന്നേല്‍പ്പിന് ഊർജമാകും. 2027ലെ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ടസ്കിന്റെ കോയലിഷനെ പരാജയപ്പെടുത്താനാകും എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ലോ ആന്‍ഡ് ജസ്റ്റിസ് പാർട്ടി.
42 വയസ്സുള്ള അമച്വർ ബോക്സറും ചരിത്രകാരനുമായ നവ്റോക്കിയിലൂടെ പുതിയ തുടക്കത്തിനാണ് ലോ ആന്‍ഡ് ജസ്റ്റിസ് പാർട്ടി ശ്രമിക്കുന്നത്. പരമ്പരാഗത കത്തോലിക്കാ, കുടുംബ മൂല്യങ്ങളേയും യൂറോപ്യൻ യൂണിയനുള്ളിലെ പോളിഷ് പരമാധികാരത്തിനേയും ശക്തമായി പിന്തുണയ്ക്കുന്ന നേതാവാണ് കരോള്‍ നവ്റോക്കി. പരമ്പരാഗതവും ദേശസ്‌നേഹപരവുമായ മൂല്യങ്ങളുടെ ആൾരൂപമായിട്ടാണ് നവ്റോക്കിയെ പിന്തുണയ്ക്കുന്നവർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എല്‍ജിബിടിക്യൂ + സമൂഹത്തിന് ലഭിക്കുന്ന ദൃശ്യത, മതേതര പ്രവണതകള്‍ എന്നിവയെ എതിർക്കുന്ന ആളെന്ന പേരും യാഥാസ്ഥിതികർക്കിടയില്‍ നവ്‌റോക്കിയുടെ സ്വാധീനം വർധിപ്പിച്ചിരുന്നു.
എക്സിറ്റ് പോളിനും തെരഞ്ഞെടുപ്പിനും മുന്‍പ് കരോള്‍ നവ്റോക്കിയാകും പോളണ്ടിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുക എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഒരു മാസം മുമ്പ് നവ്റോക്കിയെ ട്രംപ് വൈറ്റ് ഹൗസിലേക്കും ക്ഷണിച്ചിരുന്നു. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, നവ്റോക്കിയെ പ്രശംസിക്കുകയും പോളണ്ടുകാരോട് അദ്ദേഹത്തിന് വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നവ്റോക്കി പ്രസിഡന്റാകുന്നതോടെ പോളണ്ടുമായുള്ള യുഎസിന്റെ സൈനിക ബന്ധം കൂടുതൽ ശക്തമാകുമെന്നും നോം അഭിപ്രായപ്പെട്ടു. 10,000ത്തോളം സൈനികരെയാണ് നിലവില്‍ പോളണ്ടില്‍ യുഎസ് വിന്യസിച്ചിരിക്കുന്നത്.
യുക്രെയ്നെ കുറിച്ചുള്ള നവ്റോക്കിയുടെ പല നിലപാടുകളും ട്രംപിന്റെ വാക്കുകളുടെ ആവർത്തനമാണ്. യുക്രെയ്‌നിനുള്ള പോളണ്ടിന്റെ പിന്തുണ തുടരുമെന്ന് വാഗ്ദാനം ചെയ്യുമ്പോള്‍ തന്നെ അവരുടെ നാറ്റോ അംഗത്വത്തോട് അനുകൂല സമീപനമല്ല നവ്റോക്കി സ്വീകരിക്കുന്നത്. പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി സഖ്യകക്ഷികളെ മുതലെടുക്കുകയാണെന്നും കരോള്‍ നവ്റോക്കി ആരോപിച്ചിരുന്നു. പോളണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നവ്റോക്കി വിജയിച്ചതിനു പിന്നാലെ ആദ്യം ആശംസകള്‍ അറിയിച്ചത് സെലന്‍സ്കിയാണ്.