ക്യൂബ എന്ന രാജ്യത്തിന്‍റെ നിരവധി വ്ളോഗുകള്‍ നാം കണ്ടിട്ടുണ്ട്. അടുത്തിടെ 80 കളില്‍ എത്തിയ ഫീല്‍ എന്ന് ഒരു മലയാളി വ്ളോഗര്‍ അവിടുത്തെ കാഴ്ചകള്‍ കണ്ട് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ അതിന്‍റെ പ്രധാനകാരണമായ അവിടുത്തെ വിന്‍റേജ് ടാക്സികള്‍ ഇന്ന് നമ്മുക്ക് കാണാന്‍ കഴിയില്ല. ഹവാനയിലെ തെരുവുകളിൽ ഇന്ന് പകരം സൈക്കിളുകള്‍ മാത്രമാണ് ഓടുന്നത്. 80 കളില്‍ നിന്നും മാറി ജനം 30കളിലേക്ക് പോയ അവസ്ഥ.
27 വയസ്സുകാരനായ യുക്സാൻഡർ ഡയസ് എന്ന ടാക്സി ഡ്രൈവർക്ക് തന്റെ പ്രിയപ്പെട്ട മോട്ടോർ ബൈക്കും ജീവിക്കാന്‍ ഓടിക്കുന്ന ടാക്സി കാറും വീടിന് മുന്നിൽ വെറുതെ ഇടേണ്ട അവസ്ഥയിലാണ്. ഇന്ധനമില്ലാത്തതിനാൽ ഉപജീവനമാർഗ്ഗം മുടങ്ങിയ അയാൾ ഇന്ന് നഗരഹൃദയത്തില്‍ മറ്റൊരു ജോലി തേടി അലയുകയാണ്. ചെറിയൊരു കെട്ടിട നിര്‍മ്മാണ ജോലിയാണ് ഇപ്പോള്‍ പകരം കിട്ടിയത് അതിനായി ദിവസവും കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി അയാൾ തളർന്നിരിക്കും. "കാലം കഠിനമാണ്, അതിജീവിക്കണമെങ്കിൽ ഇതല്ലാതെ വഴിയില്ല," ഡയസ് പറയുന്നു.
ഇത് ഡയസിന്റെ മാത്രം അനുഭവം അല്ല, ആധുനിക ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന് ക്യൂബക്കാരുടെ ജീവിതചിത്രമാണ്. യുഎസ് ക്യൂബയെ ഞെരുക്കുന്ന കടുത്ത ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1959 ല്‍ ബാറ്റിസ്റ്റ ഭരണ വീഴ്ത്തി ഫിഡല്‍ കാസ്ട്രോയുടെ സര്‍ക്കാര്‍ വന്നത് മുതല്‍ യുഎസ് ഉപരോധത്തോട് ക്യൂബ ചെറുത്ത് നിന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണ ട്രംപിന്‍റെ ഉപരോധം ക്യൂബ അതിജീവിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ജീവിതം തന്നെ വഴിമുട്ടിക്കുക എന്നതാണ് യുഎസിന്‍റെ കഴുത്തുഞെരിക്കല്‍ ഉപരോധം ലക്ഷ്യമാക്കുന്നത്.
ഇരുട്ടിലാക്കിയ ഉപരോധം
ക്യൂബയ്‌ക്കെതിരായ അമേരിക്കയുടെ ഉപരോധത്തിന് 67 കൊല്ലത്തെ ചരിത്രമുണ്ടെങ്കിലും, നിലവിലെ കടുത്ത 'ഊർജ്ജ ഉപരോധം' (Energy Blockade) ഡൊണാൾഡ് ട്രംപ് ഭരണകൂടം 2026 ജനുവരി 29-നാണ് ഔദ്യോഗികമായി ആരംഭിച്ചത്. അന്നേദിവസം ട്രംപ് ഒപ്പിട്ട 'എക്സിക്യൂട്ടീവ് ഓർഡർ 14380' ആണ് ക്യൂബയെ പൂർണ്ണമായ ഇരുട്ടിലേക്ക് തള്ളിവിട്ടത്.
ക്യൂബയിലെ 67 വർഷം പഴക്കമുള്ള ഭരണകൂടത്തെ സാമ്പത്തികമായി തകർക്കുക എന്നതാണ് ട്രംപിന്റെ പ്രധാന ലക്ഷ്യം. "ക്യൂബ വൈകാതെ തകരും" എന്ന് ട്രംപ് അര്ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത രീതിയില്‍ പരസ്യമായി പ്രസ്താവിച്ചിരുന്നു. ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കി സർക്കാരിനെ താഴെയിറക്കുക എന്ന 'മാക്സിമം പ്രഷർ' തന്ത്രമാണ് യുഎസ് നയം എന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്യൂബയുടെ ഏറ്റവും വലിയ ഇന്ധന സ്രോതസ്സായ വെനസ്വേലയിൽ ട്രംപ് ഭരണകൂടം ഇടപെടൽ നടത്തിയിരുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് പിന്നാലെ ക്യൂബയിലേക്കുള്ള എണ്ണ വിതരണം അമേരിക്ക പൂർണ്ണമായും തടഞ്ഞു. റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുമായി ക്യൂബ പുലർത്തുന്ന അടുത്ത ബന്ധം തങ്ങള്‍ക്ക് ഭീഷണിയാണ് എന്ന് പറയുന്ന യുഎസ്. ക്യൂബയ്ക്ക് അന്താരാഷ്ട്ര ഭീകര സംഘടനകളുമായി ബന്ധം ഉണ്ടെന്നും ആരോപിക്കുന്നുണ്ട്.
ഒപ്പം തന്നെ താരീഫ് വച്ച് ക്യൂബയ്ക്ക് ലഭിക്കുന്ന സഹായങ്ങള്‍ ഇല്ലാതാക്കാനും ട്രംപ് ഭരണകൂടം വലിയ ശ്രമമാണ് നടത്തിയത്. ക്യൂബയ്ക്ക് എണ്ണ നൽകുന്ന ഏത് രാജ്യം അമേരിക്കയിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്താല്‍ അവർക്ക് വൻതുക നികുതി നൽകേണ്ടി വരും എന്നതാണ് ട്രംപിന്‍റെ നിലപാട്. ഇതോടെ മെക്സിക്കോയെപ്പോലുള്ള രാജ്യങ്ങൾ ക്യൂബയ്ക്ക് എണ്ണ നൽകുന്നത് നിർത്തിവയ്ക്കാൻ നിർബന്ധിതരായി.
അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയ കടുത്ത ഉപരോധം കരീബിയന്‍ ദ്വീപുരാഷ്ട്രത്തെ മാനുഷിക ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ക്യൂബയിലേക്ക് എണ്ണ എത്തിക്കുന്ന കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തിയും അമേരിക്ക ശ്വാസം മുട്ടിക്കുകയാണ് ക്യൂബയെ. കൊളംബിയൻ ഇന്ധനവുമായി എത്തിയ കപ്പലുകളെ കടൽമധ്യത്തിൽ തടഞ്ഞു. ക്യൂബൻ തീരത്തിനടുത്തെത്തിയ ടാങ്കറുകളില്‍ നിന്നും ചരക്ക് ഇറക്കാൻ അനുവാദം നൽകാതെ തിരിച്ചയക്കുന്നതും നിത്യസംഭവമായിരിക്കുന്നു.
ഷിപ്പിംഗ് ഡാറ്റകൾ പ്രകാരം കഴിഞ്ഞ മാസങ്ങളിൽ വിരലിലെണ്ണാവുന്ന ടാങ്കറുകൾ മാത്രമാണ് ക്യൂബൻ തുറമുഖങ്ങളിൽ എത്തിയത്. ഇതിന്‍റെ ആഘാതം ഭീകരമാണ്. രാജ്യത്തെ പകുതിയിലധികം വൈദ്യുതി നിലയങ്ങളും ഇന്ധനമില്ലാതെ അടച്ചുപൂട്ടിക്കഴിഞ്ഞു. ബാക്കിയുള്ളവ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന അശുദ്ധമായ ക്രൂഡ് ഓയിൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് ആവശ്യത്തിന്റെ പകുതി പോലും തികയുന്നില്ല.
സ്തംഭിക്കുന്ന ജനജീവിതം
വൈദ്യുതിയും, വാഹന ഇന്ധനവും ഇല്ലാത്തത് ക്യൂബയിലെ ജീവിതശൈലിയെത്തന്നെ മാറ്റിമറിച്ചു. സ്കൂളുകൾ പ്രവർത്തിക്കുന്ന സമയം വെട്ടിക്കുറച്ചു, യൂണിവേഴ്സിറ്റികൾ അടച്ചുപൂട്ടി. ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി പൊതുമേഖലാ ശമ്പളം നിലനിർത്തുമെന്നും എന്നാൽ ഗതാഗത പ്രശ്നങ്ങൾ കണക്കിലെടുത്ത് ആഴ്ചയിൽ നാല് പ്രവൃത്തിദിവസം മാത്രമാക്കി ചുരുക്കിയെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇന്ധനക്ഷാമം ഗതാഗതത്തെ മാത്രമല്ല, ഭക്ഷണ വിതരണത്തെയും ബാധിച്ചിട്ടുണ്ട്. തുറമുഖങ്ങളിൽ എത്തുന്ന ഭക്ഷ്യവസ്തുക്കൾ രാജ്യത്തിന്‍റെ ഉൾഭാഗങ്ങളിലേക്ക് എത്തിക്കാൻ ട്രക്കുകൾക്ക് ഡീസലില്ല. ഫലം, കടകളിൽ സാധനങ്ങളില്ലാതെയായി, ഉള്ളവയ്ക്ക് തീപിടിച്ച വിലയും.
ക്യൂബന്‍ സര്‍ക്കാര്‍ ഡീസൽ വിൽപന നിരോധിക്കുകയും പെട്രോൾ വിൽപനയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ധന വിതരണത്തിനായി മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള ക്യൂ സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ട് എന്നാണ് വിവരം. നിലവിലെ ഊർജ്ജ പ്രതിസന്ധിക്ക് കാരണം അമേരിക്ക ഏർപ്പെടുത്തിയ ക്രൂരമായ എണ്ണ ഉപരോധമാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉപരോധം ക്യൂബൻ ജനതയെ ശ്വാസം മുട്ടിക്കാനാണെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ എന്താണ് പരിഹാരം എന്നതില്‍ ക്യൂബന്‍ ഭരണകൂടത്തിനും ഒരു ഉത്തരം ഇല്ല.
റഷ്യയുടെ സഹായഹസ്തം: ഒരു പുതിയ ശീതയുദ്ധത്തിലേക്ക്?
പ്രതിസന്ധി ഘട്ടത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ക്യൂബയ്ക്ക് പിന്തുണ അറിയിക്കുകയും അമേരിക്കൻ ഉപരോധത്തെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ക്യൂബ ഏറെ പ്രതീക്ഷയോടെ കാണുന്നുണ്ട്.
ചെറിയൊരു പ്രതീക്ഷയായി റഷ്യയിൽ നിന്നുള്ള ഒരു ഡീസൽ ടാങ്കർ ക്യൂബയിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഹോങ്കോംഗ് പതാക വഹിച്ച ഈ കപ്പൽ അമേരിക്കയുടെ കണ്ണുവെട്ടിച്ച് ചരക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് വിവരം. എന്നാല്‍ ഇതില്‍ റഷ്യ ഔദ്യോഗികമായി പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല. റഷ്യയും ചൈനയും ക്യൂബയെ സഹായിക്കാൻ മുന്നോട്ടുവരുന്നത് അമേരിക്കയെ പ്രകോപിപ്പിക്കുന്നുണ്ട്. 1962-ലെ മിസൈൽ പ്രതിസന്ധിക്ക് ശേഷം ക്യൂബ വീണ്ടും വൻശക്തികളുടെ രാഷ്ട്രീയക്കളിക്കളമായി മാറുന്നുവോ എന്ന ആശങ്ക ലോകത്തിനുണ്ട്.
66 വർഷത്തെ അതിജീവനം; ഇനിയെന്ത്?
കഴിഞ്ഞ 66 വർഷമായി അമേരിക്കൻ ഉപരോധങ്ങളെ അതിജീവിച്ച ചരിത്രമാണ് ക്യൂബയ്ക്കുള്ളത്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ക്യൂബയ്ക്ക് മുകളിലുള്ള യുഎസ് ഉപരോധം. ഭരണത്തില്‍ വന്നതിന് പിന്നാലെ 1960ല്‍ ഫിദൽ കാസ്ട്രോ അമേരിക്കൻ കമ്പനികളെ ദേശസാൽക്കരിച്ചതിനെത്തുടർന്നാണ് ആദ്യ നിയന്ത്രണങ്ങൾ യുഎസ് ഏര്‍പ്പെടുത്തിയത്. 1962ല്‍ ജോൺ എഫ്. കെന്നഡി യുഎസ് പ്രസിഡന്‍റായപ്പോള്‍ സമ്പൂർണ്ണ വ്യാപാര ഉപരോധം ക്യൂബയ്ക്ക് മുകളില്‍ ഏര്‍പ്പെടുത്തി. 2014 ഒബാമ ഭരണകൂടം ഉപരോധങ്ങളിൽ ഇളവ് നൽകി ബന്ധം മെച്ചപ്പെടുത്തി. എന്നാല്‍ 2017 ട്രംപ് തന്റെ ഒന്നാം ഭരണകാലത്ത് ഈ ഇളവുകൾ റദ്ദാക്കി. ബൈഡന്‍റ് കാലത്ത് മാറ്റം ഒന്നും ഇതില്‍ വന്നില്ല. മാത്രമല്ല രണ്ടാം തവണ ട്രംപ് വന്നതോടെ കാര്യങ്ങള്‍ കടുത്തു.
1959 മുതല്‍ 1990 കള്‍ വരെ സോവിയറ്റ് പിന്തുണയായിരുന്നു ക്യൂബയുടെ നട്ടെല്ല്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള 'സ്പെഷ്യൽ പീരിയഡ്' എന്ന പ്രതിസന്ധികാലത്ത് പോലും ക്യൂബ ഇപ്പോള്‍ നേരിടും പോലെ ഒരു പ്രതിസന്ധി നേരിട്ടില്ല. ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. എന്ത് കടുത്ത നടപടിക്കും ഒരുങ്ങുന്ന ട്രംപ് ക്യൂബയില്‍ ഒരു ഭരണമാറ്റം തന്നെയാണ് ആഗ്രഹിക്കുന്നത്. പ്രത്യേക ലോകക്രമത്തില്‍ ക്യൂബയ്ക്ക് സഹായം ലഭിക്കാനും സാധ്യത കുറവാണ്.
അമേരിക്കയുടെ ഈ നയം ഒരു സർക്കാരിനെ വീഴ്ത്താനാണോ അതോ ഒരു ജനതയെ പട്ടിണിക്കിട്ട് കൊല്ലാനാണോ എന്ന ചോദ്യം മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്നുണ്ട്. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ നേതാക്കൾ ഈ ഉപരോധം അനീതിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്തായാലും കാനഡ ട്രംപ് സര്‍ക്കാര്‍ നയത്തിനെ എതിര്‍ത്ത് ക്യൂബയ്ക്ക് മനുഷ്യാവകാശ സഹായം എത്തിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിലെ രാഷ്ട്രീയ വിഷയത്തിന് അപ്പുറം ചര്‍ച്ച ചെയ്യപ്പെട്ട മാനുഷിക പ്രതിസന്ധി അടുത്തതായി ക്യൂബയിലാണോ എന്നതാണ് ചോദ്യം. എന്തായാലും മറ്റൊരു രാഷ്ട്രീയ പ്രതിസന്ധി കുറേ സാധാരണക്കാരെ ദുരിതത്തിലാക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.