തന്‍റെ മരണശേഷം പിൻഗാമിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ടിബറ്റൻ ബുദ്ധിസ്റ്റ് ആത്മീയാചാര്യൻ ദലൈ ലാമ. പതിനഞ്ചാം ദലൈ ലാമ തന്‍റെ മരണശേഷമായിരിക്കും കണ്ടെത്തപ്പെടുക എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ 600 വര്‍ഷം പഴക്കമുള്ള ടിബറ്റന്‍ ബുദ്ധിസം നിലവിലെ ദലൈ ലാമയോടെ അവസാനിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. ഹിമാചൽ പ്രദേശിലെ ധരംശാലയിലായിരുന്നു ലോകം കാത്തിരുന്ന പ്രഖ്യാപനം ദലൈ ലാമ നടത്തിയത്. പിൻഗാമിയെ കണ്ടെത്താനുള്ള അധികാരം തന്‍റെ ട്രംസ്റ്റായ ഗാദെൻ പൊദ്രാങിനാണെന്നും അതിൽ മറ്റാർക്കും ഇടപെടാനുള്ള അധികാരമില്ലെന്നും പതിനാലാം ദലൈ ലാമ പറഞ്ഞു.
അതേസമയം തങ്ങളുടെ അംഗീകാരമില്ലാതെ പുതിയ ദലൈ ലാമയെ പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടിലാണ് ചൈന. ദലൈ ലാമ, പഞ്ചൻ ലാമ, ബുദ്ധമതത്തിലെ മറ്റ് പ്രധാന വ്യക്തികൾ എന്നിവരുടെ പുനരവതാരം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും വേണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ചൈനീസ് സർക്കാർ മതസ്വാതന്ത്ര്യ നയം നടപ്പിലാക്കുന്നുണ്ട്. എന്നാൽ മതപരമായ കാര്യങ്ങളിലും ടിബറ്റൻ ബുദ്ധന്മാരുടെ പുനർജന്മം കൈകാര്യം ചെയ്യുന്ന രീതികളിലും നിയന്ത്രണങ്ങളുണ്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
കാരുണ്യമൂർത്തിയായ ബോധിസത്വ പുനരവതാരമെന്ന ആത്മീയ മാനത്തിനൊപ്പം ടിബറ്റൻ സ്വാതന്ത്ര്യാഭിലാഷത്തിന്‍റെ രാഷ്ട്രീയമാനം കൂടിയുണ്ട് ദലൈ ലാമകളുടെ പരമ്പര പ്രഖ്യാപനത്തിൽ. അതുകൊണ്ടു കൂടിയാണ് 14-ാം ദലൈ ലാമ തന്‍റെ പൻഗാമിയെ സംബന്ധിച്ചു നടത്തുന്ന പ്രഖ്യാപനങ്ങൾ ലോകം ഉറ്റുനോക്കുന്നത്. ചൈനീസ് അധിനിവേശത്തിനെതിരായ കലഹത്തെയും ധരംശാലയിലെ ദലൈ ലാമയുടെ നേതൃത്വതിലുള്ള ടിബറ്റൻ പ്രവാസ ഭരണകൂടത്തിന്‍റെ തലവൻ കൂടിയായ ദലൈ ലാമ പ്രതിനിധീകരിക്കുന്നു. ദലൈ ലാമയെ തെരഞ്ഞെടുക്കാനുള്ള അധികാരം തങ്ങൾക്കാണെന്നാണ് ചൈനയുടെ നിലപാട്.
കമ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം 1950 ലാണ് ചൈന ടിബറ്റിലെ മതഭരണകൂടത്തെ പുറത്താക്കിയത്. 1959ൽ അറസ്റ്റ് ഭയന്ന് ദലൈ ലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തു. പതിനഞ്ചാം ദലൈ ലാമ ചൈനയ്ക്ക് പുറത്തു നിന്നായിരിക്കും എന്ന് റ്റെൻസിൻ ഗ്യാറ്റ്സോ എന്ന നിലവിലെ ദലൈ ലാമ നേരത്തെ പറഞ്ഞിരുന്നു. ജൂലൈ ആറിനാണ് ദലൈ ലാമയ്ക്ക് 90 വയസാകുന്നത്. തിങ്കളാഴ്ച മുതൽ ധരംശാലയിൽ ജന്മദിനാഘോഷങ്ങൾ നടക്കുകയാണ്. പുതിയ ദലൈ ലാമയെക്കുറിച്ചുള്ള പ്രഖ്യാപനം കൂടി പ്രതീക്ഷിക്കപ്പെട്ടിരുന്നതിനാൽ ലോകമെമ്പാടുമുള്ള ബുദ്ധ സന്യാസിമാർ ധരംശാലയിലെത്തിയിരുന്നു. ഹോളിവുഡ് താരം റിച്ചഡ് ഗിയർ അടക്കമുള്ള പ്രസിദ്ധ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.