ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ശ്രമം ഡൊണാൾഡ് ട്രംപ് തുടർന്നു കൊണ്ടിരിക്കുമ്പോൾ യുഎസ് പ്രസിഡൻ്റിനോടുള്ള അമർഷം വെളിപ്പെടുത്തി ഒരു ഡാനിഷ് നിയമസഭാംഗം വൈറലായിരിക്കുകയാണ്. യൂറോപ്യൻ യൂണിയൻ നിയമസഭയിൽ അടുത്തിടെ നടന്ന ഒരു ചർച്ചയ്ക്കിടെ യൂറോപ്യൻ പാർലമെൻ്റ് അംഗം ആൻഡേഴ്‌സ് വിസ്റ്റിസെൻ ട്രംപിനോട് ഗ്രീൻലാൻഡ് വിൽക്കാനില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ്. ഗ്രീൻലാൻഡിലുള്ള യുഎസ് താൽപ്പര്യത്തെക്കുറിച്ചുള്ള സെഷനിലാണ് 38 കാരനായ വിസ്റ്റിസെൻ്റെ പരാമർശം.
"പ്രിയപ്പെട്ട പ്രസിഡന്റ് ട്രംപ്, ശ്രദ്ധയോടെ കേട്ടോളൂ, ഗ്രീൻലാൻഡ് 800 വർഷമായി ഡാനിഷ് സാമ്രാജ്യത്തിൻ്റെ ഭാഗമാണ്. ഇതൊരു സംയോജിത രാജ്യമാണ്. ഇത് വിൽപ്പനയ്ക്കുള്ളതല്ല," അദ്ദേഹം പറഞ്ഞു. ട്രംപിനോട് കടന്നു പോകൂ എന്നും തൻ്റെ പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, ഉടൻ തന്നെ പാർലമെൻ്റ് വൈസ് പ്രസിഡൻ്റ് നിക്കോളായ് സ്റ്റെഫാനുട്ട അദ്ദേഹത്തിൻ്റെ പ്രസംഗത്തിനിടയിൽ ഇടപെടുകയും മോശം ഭാഷയുടെ പേരിൽ അദ്ദേഹത്തെ ശകാരിക്കുകയും അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇത് തങ്ങളുടെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും സ്റ്റെഫാനുട്ട അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അതിന് ശേഷവും ആൻഡേഴ്‌സ് വിസ്റ്റിസെൻ ഡാനിഷ് ഭാഷയിൽ തൻ്റെ പ്രസംഗം തുടർന്നു.
വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ പോകുന്നതിന് ഒരു ദിവസം മുമ്പ് ട്രംപ് യൂറോപ്യന്മാരെ ക്രൂരമായി പരിഹസിച്ചതിന് പിന്നാലെയാണ് ഈ സംഭവം. ആർട്ടിക് മേഖലയെ റഷ്യയും ചൈനയും കീഴടക്കാനുള്ള ശ്രമം നടത്തുകയാണെന്നും യുഎസിൻ്റെയും നാറ്റോയുടേയും സുരക്ഷയ്ക്ക് ധാതു സമ്പന്നമായ ഗ്രീൻലാൻഡ് അത്യന്താപേക്ഷിതമാണെന്നുമാണ് ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ശ്രമത്തിനുള്ള ട്രംപിൻ്റെ ന്യായീകരണം.
ഡെൻമാർക്കിനെ പിന്തുണയ്ക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 25 ശതമാനം വരെ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ട്രംപ് ഇക്കാര്യത്തിൽ രാജ്യങ്ങൾക്ക് മേൽ സമ്മർദം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടർന്ന് അമേരിക്കക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് യൂറോപ്യൻ രാജ്യങ്ങളും.