WORLD

മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു, ടിബറ്റിൽ മണ്ണിടിച്ചിൽ, നേപ്പാൾ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് മോദി

നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ടിബറ്റിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു, 265 പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

നേപ്പാളിലെ തിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. മിന്നൽ പ്രളയത്തിൽ ഇതുവരെ 98 പേർ മരിച്ചു. 109 ഇന്ത്യക്കാരടക്കം 384 വിദേശ സഞ്ചാരികളെ കാണാതായതായി റിപ്പോർട്ട്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.നേപ്പാൾ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അടിയന്തര സഹായം വാഗ്ദാനം ചെയ്തു. നേപ്പാളുമായി അതിർത്തി പങ്കിടുന്ന യുപിയിലും ബിഹാറിലും കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ നിർദേശം നൽകി.നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ സാധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ടിബറ്റിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു, 265 പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. പ്രളയത്തിൽ വ്യാപകനാശമാണ് നേപ്പാളില്‍ ഉണ്ടായത്. ഭോട്ടെ കോഷി നദിയില്‍ പെട്ടെന്നുയര്‍ന്ന വെള്ളം നുവാകോട്ട്, നാഡിങ് ജില്ലകളിലൂടെ പാഞ്ഞൊഴുകുകയായിരുന്നു. വീടുകളും വാഹനങ്ങളും പാലങ്ങളും തകര്‍ന്നു. ഗ്രാമങ്ങള്‍ ഒഴുകിപ്പോയി.ടിബറ്റിൽ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് വൻ ഹിമപാതവും മണ്ണിടിച്ചിലും ഉണ്ടാകുകയും, ഇത് നദിയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി പ്രളയത്തിലേക്ക് നയിക്കുകയുമായിരുന്നു എന്നാണ് നിഗമനം.

വിനോദ സഞ്ചാരികളോടൊപ്പം 33 സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. പത്തോളം ടൂറിസ്റ്റ്, ട്രാവല്‍ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡ് കണക്ക് പുറത്തുവിട്ടത്. 291 പേരാണ് വിദേശത്തുനിന്ന് നേപ്പാളില്‍ എത്തിയിട്ടുള്ളത്. അതില്‍ 105 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, യുഎസ്, മലേഷ്യ, യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. പ്രവാസി ഇന്ത്യക്കാരായ 37 പേരും കാണാതായവരുടെ പട്ടികയിലുണ്ട്. നേപ്പാളില്‍നിന്ന് 93 സഞ്ചാരികളെയാണ് കാണാതായിരിക്കുന്നത്.

പത്ത് ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അതില്‍ മാറ്റങ്ങളുണ്ടാകാമെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് വ്യക്തമാക്കി. അടിയന്തര സഹായത്തിന് 1234, 1144 എന്നീ ടോള്‍ ഫ്രീ നമ്പരുകളിലോ ടൂറിസ്റ്റ് പൊലീസിന്റെ 9851289445 നമ്പരിലോ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

SCROLL FOR NEXT