കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ വൻ ഭൂചലനത്തിൽ മരണം 20 ആയി. 320ഓളം പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച ബാൽഖ്, സമൻഗൻ പ്രവിശ്യകളിലാണ് മരണങ്ങളുടെയും പരിക്കുകളുടെയും പ്രാഥമിക കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ വക്താവ് ഷറാഫത്ത് സമാൻ വീഡിയോ സന്ദേശത്തിൽ അറിയിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിതമായ ടൈലുകൾക്ക് പേരുകേട്ട മസാർ-ഇ-ഷെരീഫിലെ ബ്ലൂ പള്ളിക്കും ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അപ്ഗാനിൽ ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം 28 കിലോമീറ്റർ (17 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഹിന്ദു കുഷിന് സമീപമുള്ള മസാർ-ഇ ഷെരീഫാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. തജികിസ്താനിലും ഉസ്ബെക്കിസ്താനിലും പ്രകമ്പനങ്ങൾ റിപ്പോർട്ട് ചെയ്തു.
2000ലേറെ പേരുടെ മരണത്തിന് ഇരയാക്കിയ ഭൂചലനത്തിന് രണ്ട് മാസത്തിന് ശേഷമാണ് വീണ്ടും ഭൂചലനമുണ്ടാകുന്നത്. ഓഗസ്റ്റ് 31ന് അഫ്ഗാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 2200ലേറെ പേർ മരണപ്പെട്ടിരുന്നു.