ബെയ്റൂട്ട്: യുഎസ് മധ്യസ്ഥതയില്‍ 10 ദിവസത്തെ താത്കാലിക വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ലെബനനില്‍ കുടിയൊഴിപ്പിക്കപ്പെട്ട പതിനായിരങ്ങള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു. താത്കാലികമായി പുനർനിർമ്മിച്ച ലിതാനി നദിക്ക് കുറുകെയുള്ള ഖസ്മിയേ പാലത്തിലൂടെ നൂറുകണക്കിന് വാഹനങ്ങള്‍ തെക്ക് നിന്ന് വടക്കോട്ട് സഞ്ചരിച്ചെത്തി. മെത്തകളും മറ്റ് അവശ്യസാധനങ്ങളുമായാണ് ആളുകൾ മടങ്ങിയെത്തിയത്.
ഇറാന്‍ യുദ്ധത്തെതുടർന്ന് മാർച്ച് 2ന് ശേഷം ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 2300 പേർ കൊല്ലപ്പെടുകയും 12 ലക്ഷം പേർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. വെടിനിർത്തലിന് മുമ്പ് ലെബനൻ അധികൃതർ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ ഏകദേശം 40,000 വീടുകൾ നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.
ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ പഴയതുപോലെ താമസിക്കാൻ കഴിയുമോ എന്നറിയില്ല. സ്വന്തം വീട് ഉണ്ടോ എന്നറിയാനും അവശേഷിച്ച സാധനങ്ങൾ എടുത്ത് പോകാനുമാണ് വന്നതെന്ന് ഗ്രാമവാസികളിൽ പലരും പ്രതികരിച്ചു. 46 ദിവസത്തെ ശക്തമായ ഇസ്രയേൽ ആക്രമണങ്ങൾക്ക് ശേഷം വ്യാഴാഴ്ച രാത്രി മുതലാണ് ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
വ്യാപകമായ നാശനഷ്ടങ്ങളും ഇസ്രേയേൽ മുന്നറിയിപ്പുമെല്ലാം ഇപ്പോഴും ലെബനനിലെ ചില പ്രദേശങ്ങളിലേക്ക് മടങ്ങാൻ ആളുകൾക്ക് തടസമാണ്. വെടിനിർത്തലിനിടയിലും പലയിടത്തും ഇസ്രയേൽ നാശം വിതയ്ക്കുന്നത് തുടരുന്നതായാണ് റിപ്പോർട്ടുകൾ. ലെബനനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏറെ നാൾ നീണ്ടുനിന്ന ശക്തമായ കരയുദ്ധമാണ് ഇസ്രായേൽ സൈന്യം നടത്തിയിരുന്നത്.