ഡൊണാള്‍ഡ് ട്രംപ് News Malayalam 24X7
WORLD

UTOPIA | യുദ്ധങ്ങള്‍ അവസാനിപ്പിച്ച്, സാമ്പത്തിക വളര്‍ച്ച സാധ്യമാക്കുന്ന താരിഫുകള്‍ ! ട്രംപിന്റെ ലക്ഷ്യം സാമ്പത്തിക നൊബേല്‍ !

സ്വന്തം താരിഫ് നയങ്ങളില്‍ അഭിമാനിച്ചും, തന്നെത്താന്‍ തോളില്‍ത്തട്ടി പ്രശംസിച്ചും വാള്‍സ്ട്രീറ്റ് ജേണലില്‍ ട്രംപിന്റെ ലേഖനം.

Author : എസ്. ഷാനവാസ്

കഴിഞ്ഞ ഏപ്രിലിൽ, ഏറെക്കുറെ എല്ലാ വിദേശ രാജ്യങ്ങള്‍ക്കും ചരിത്രപരമായ താരിഫ് ഏർപ്പെടുത്തിയപ്പോൾ, എന്റെ നയങ്ങൾ ആഗോള സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്ന് വിമർശകർ പറഞ്ഞു. എന്നാല്‍, അവ അമേരിക്കൻ സാമ്പത്തിക അത്ഭുതം സൃഷ്ടിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ വേഗത്തിൽ നാം കെട്ടിപ്പടുക്കുകയാണ്, മറ്റു രാജ്യങ്ങളും നന്നായി പോകുന്നു.

വാൾ സ്ട്രീറ്റ് ജേണലിലെ പതിവ് എഴുത്തുകാര്‍ ഉൾപ്പെടെ അസംഖ്യം വിദഗ്ധർ, ട്രംപ് താരിഫുകൾ ഓഹരി വിപണിയെ തകർക്കുമെന്നും, സാമ്പത്തിക വളർച്ചയെ തകർക്കുമെന്നും, വൻതോതിലുള്ള പണപ്പെരുപ്പത്തിന് കാരണമാകുമെന്നും, അമേരിക്കൻ കയറ്റുമതിയെ നശിപ്പിക്കുമെന്നും, 'ആഗോള മാന്ദ്യം' സൃഷ്ടിക്കുമെന്നും ആത്മവിശ്വാസത്തോടെ പ്രവചിച്ചു. ഒമ്പത് മാസത്തിനിപ്പുറം, ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പ്രവചനങ്ങളെല്ലാം പൂര്‍ണമായും തെറ്റിയെന്ന് തെളിഞ്ഞു. 2024ൽ ഞാൻ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം, നമുക്ക് 52 തവണ ഓഹരി വിപണിയില്‍ ഉയര്‍ച്ചയുണ്ടായി, പണപ്പെരുപ്പമില്ല. ഇതുപോലൊന്ന് ഒരിക്കലും ഉണ്ടായിട്ടുമില്ല.

സ്വന്തം താരിഫ് നയങ്ങളില്‍ അഭിമാനിച്ചും, തന്നെത്താന്‍ തോളില്‍ത്തട്ടി പ്രശംസിച്ചുംകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാള്‍സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തിന്റെ തുടക്കമാണിത്. സ്വന്തം നയങ്ങളെ പ്രതിരോധിക്കുക മാത്രമല്ല, സാമ്പത്തിക ശാസ്ത്രത്തില്‍ ഇതുവരെയാരും സഞ്ചരിക്കാത്ത വഴിയിലൂടെയുള്ള ഇറങ്ങിനടത്തമാണ് ലേഖനം. സാമ്പത്തിക ശാസ്ത്രത്തില്‍ പുതിയൊരു ബൗദ്ധിക കണ്ടെത്തല്‍ കൂടിയാണ് ട്രംപ് ലോകരാജ്യങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.

താരിഫ് നയം സംബന്ധിച്ച ആശങ്കകളിലും പ്രവചനങ്ങളിലും സകല വിദഗ്ധരും ചമ്മിപ്പോയെന്നാണ് ട്രംപ് പറയുന്നത്. താരിഫുകള്‍ മറ്റൊരര്‍ഥത്തില്‍ യുഎസ് ജനതയ്ക്കുമേലുള്ള നികുതിയാണെന്ന വിമര്‍ശനപക്ഷത്തെ ട്രംപ് പലയാവര്‍ത്തി തള്ളിയിട്ടുണ്ട്. അതൊക്ക അന്ധമായ ആക്ഷേപങ്ങള്‍ മാത്രമാണെന്നാണ് ട്രംപിന്റെ മറുപടി. കള്ള ബടുവകളായ വിദേശീയരെക്കൊണ്ട് പണം നല്‍കിപ്പിക്കാനും, വരുമാനം വര്‍ധിപ്പിക്കാനും, ആഭ്യന്തര ഉത്പാദനം ഉയര്‍ത്താനും, പണപ്പെരുപ്പം നിയന്ത്രിക്കാനുമുള്ള മാര്‍ഗമാണ് താരിഫുകള്‍ എന്നാണ് ട്രംപിന്റെ നിര്‍വചനം. 'ഒമ്പത് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടും' സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കൈവിട്ടുപോയ ട്രംപ്, സാമ്പത്തിക ശാസ്ത്രത്തില്‍ അത് നേടിയെടുക്കാന്‍ നടത്തുന്ന ശ്രമമാണോ എന്ന് തോന്നിയാലും തെറ്റ് പറയാന്‍ പറ്റില്ല. സമാധാന നൊബേലിനായി പറഞ്ഞതുപോലെ അവകാശവാദങ്ങളാണ് താരിഫിന്റെ കാര്യത്തിലും ട്രംപ് ആവര്‍ത്തിക്കുന്നത്.

താരിഫ് നിയമങ്ങള്‍ (ട്രംപിന്റെ മാത്രം)

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് താരിഫ് നയങ്ങളെക്കുറിച്ച് ട്രംപ് മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, താരിഫുകള്‍ ആഭ്യന്തര ഉപഭോക്താക്കള്‍ക്കു മേലുള്ള നികുതികളല്ല, മറിച്ച് വിദേശീയര്‍ക്കു മേലുള്ള തീരുവകളാണ്. രണ്ട്, താരിഫുകള്‍ പണപ്പെരുപ്പം ഉണ്ടാക്കുകയില്ല, അവ പണപ്പെരുപ്പം കുറയ്ക്കാനുള്ള ഉപകരണമാണ്. മൂന്ന്, താരിഫുകള്‍ സാമ്പത്തികവളര്‍ച്ച പ്രോത്സാഹിപ്പിക്കും. ഇതൊന്നും ട്രംപ് വെറുതെ പറഞ്ഞുപോകുകയല്ല. തന്റെ കണ്ടെത്തലുകളെ ശരിവയ്ക്കുന്ന പഠനാനുഭവങ്ങളും, സര്‍ക്കാര്‍ സ്ഥിതിവിവര കണക്കുകളും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുഖ്യധാരാ സാമ്പത്തിക ശാസ്ത്രജ്ഞര്‍ താരിഫ് നയങ്ങളെ തെറ്റായാണ് മനസിലാക്കിയതെന്ന് വാദിക്കാന്‍, ഹാര്‍വാഡ് സര്‍വകലാശാല കൂടി പങ്കാളിയായ പഠന (Tracking the Short-Run Price Impact of U.S. Tariffs) റിപ്പോര്‍ട്ടിനെയും ട്രംപ് ഉദ്ധരിക്കുന്നുണ്ട്.

താരിഫുകളുടെ ബാധ്യതകളത്രയും യുഎസിൽ നിന്നല്ലാത്ത വലിയ കോർപ്പറേറ്റുകള്‍ ഉൾപ്പെടെ വിദേശ ഉത്പാദകരുടെയും ഇടനിലക്കാരുടെയും മേലാണ് അധികമായി പതിഞ്ഞിരിക്കുന്നതെന്ന് ട്രംപ് എഴുതിയിരിക്കുന്നു. വിദേശരാജ്യങ്ങളെക്കുറിച്ചല്ല, കമ്പനികളെക്കുറിച്ചാണ് ട്രംപ് പറയുന്നത്. ഇത്തരം ചില വികാരത്തള്ളിച്ചകള്‍ക്കിടെ ആഭ്യന്തരമായി സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങള്‍ മറന്നുപോകുന്നത് സ്വഭാവികമാണ്.

പക്ഷേ, സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ഉദ്ധരിച്ച പഠന റിപ്പോര്‍ട്ടിലെ ചില പേജുകള്‍ ട്രംപിനൊരു വെല്ലുവിളിയായിട്ടുണ്ട്. ചില്ലറ വില്‍പ്പന വില വേഗത്തിലും, ക്രമമായും വര്‍ധിക്കാന്‍ താരിഫുകള്‍ കാരണമായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 2025 മാര്‍ച്ചിനും ഒക്ടോബറിനും ഇടയിൽ, ഇറക്കുമതി ചെയ്ത വസ്തുക്കളുടെ വില താരിഫിന് മുമ്പുള്ളതിനേക്കാള്‍ 6.2 ശതമാനത്തോളം വര്‍ധിച്ചിരുന്നു. ആഭ്യന്തര വിപണി വിലയാകട്ടെ 3.6 ശതമാനവും ഉയർന്നിരുന്നു. അതായത്, ഇറക്കുമതി ചെയ്ത വസ്തുക്കളുടെ ഉയർന്ന വിലയിലേക്കാണ് ചില്ലറ വിൽപ്പന രീതിയും, ആഭ്യന്തര വിലയും ചായുന്നത്. ഇറക്കുമതി സാമഗ്രികളെ ആശ്രയിക്കുന്ന മാനുഫാക്‌ചറിങ് മേഖലയുടെ ഉത്‌പാദന ചെലവും ഉയരും. ഉപഭോക്താക്കളാകും ഇതിന്റെയെല്ലാം ഭാരം പേറേണ്ടിവരുകയെന്ന സത്യം പറയുന്ന പേജുകള്‍ ട്രംപിന് ബുദ്ധി ഉപദേശിക്കുന്നവരും വായിച്ചിരിക്കാന്‍ സാധ്യതയില്ല.

പണപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച

താരിഫ് വര്‍ധിക്കുന്നതിനൊപ്പം പണപ്പെരുപ്പം കുറയുന്നൊരു കാലത്തിലേക്ക് എത്തുമെന്നാണ് ട്രംപിന്റെ വാദം. ഇത്തരം വാദത്തെ പ്രതിരോധിക്കാന്‍ പാകത്തിനുള്ള വിപണി ട്രെന്‍ഡുകളോ, സംവിധാനമോ, കാര്യകാരണങ്ങളോ ലഭ്യമല്ല. അതിപ്പോള്‍ ട്രംപിന് പറയേണ്ട കാര്യവുമില്ല. പല രീതിയില്‍ പണപ്പെരുപ്പം ലഘൂകരിക്കാന്‍ കഴിയും. വിപണി ക്രയവിക്രയങ്ങളുടെ മാക്രോ ഫലമായിട്ടാകും അത് സംഭവിക്കുക. അതേസമയം താരിഫുകള്‍ ഒരു നയ ഇന്‍പുട്ടാണ്. അതുകൊണ്ടുണ്ടാകുന്ന ഫലങ്ങള്‍ കൃത്യമായി വന്നുചേരണം എന്നില്ല. അല്‍പ്പം വൈകിയോ, ക്രമരഹിതമായോ അത് വിപണിയില്‍ പ്രതിഫലിക്കാം.

താരിഫുകള്‍കൊണ്ട് സാമ്പത്തിക വളര്‍ച്ച സാധ്യമാകുമെന്നാണ് ട്രംപിന്റെ മറ്റൊരു വാദം. യഥാര്‍ഥത്തില്‍ താരിഫുകള്‍ നികുതി ഉപകരണം മാത്രമാണ്. അവയ്ക്ക് ഉത്പാദന രീതികളെയും, വിലപേശല്‍ ശേഷിയെയും പുനര്‍നിര്‍വചിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഏതെങ്കിലും തരത്തില്‍ സാമ്പത്തിക വളര്‍ച്ച സാധ്യമാക്കുകയോ, അതിനുളള സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യില്ല. താരിഫ് നയത്തിനൊപ്പം മാറുന്ന വ്യാപാര, നയതന്ത്ര ബന്ധങ്ങളാണ് സാമ്പത്തിക വളര്‍ച്ചയുടെ ഗതി നിര്‍ണയിക്കുക. രാജ്യാന്തര വിപണികള്‍ തുറക്കപ്പെടുന്നതിനും, കയറ്റുമതി ഉയരുന്നതിനുമൊപ്പം ആഭ്യന്തര ഉത്പാദനം വര്‍ധിക്കുകയും, തൊഴില്‍ സാധ്യതകള്‍ കൂടുകയും, ദേശീയ വരുമാനവും, ആളോഹരി വരുമാനം വര്‍ധിക്കുകയും ചെയ്യുമ്പോഴാണ് സാമ്പത്തിക വളര്‍ച്ച സാധ്യമാകുക. ദീര്‍ഘകാലത്തേക്ക് അത് ഉറപ്പാക്കാന്‍ സാധിക്കുകയും വേണം.

പക്ഷേ, ഇതൊന്നും ട്രംപിന്റെ സാമ്പത്തികശാസ്ത്രത്തില്‍ ഇടംപിടിച്ചിട്ടില്ല. പല രാജ്യങ്ങളുമായും ചരിത്രപരമായ വ്യാപാര കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും, ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍, ടെക് കമ്പനികള്‍ യുഎസില്‍ മില്യണുകള്‍ നിക്ഷേപിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ വാദങ്ങള്‍.

ചൈന, യുകെ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ യുഎസിന്റെ കയറ്റുമതിക്ക് ഗുണം ചെയ്യുമെന്നാണ് ട്രംപിന്റെ വിശ്വാസം. കപ്പല്‍ നിര്‍മാണ വ്യവസായത്തിലെ ദക്ഷിണ കൊറിയയുടെ നിക്ഷേപം, പ്രകൃതിവാതക പൈപ്പ്ലൈന്‍ നിര്‍മാണത്തില്‍ ജപ്പാന്റെ സഹായം, ഊര്‍ജം വാങ്ങാമെന്ന യൂറോപ്പിന്റെ ഉറപ്പ്, യുഎസ് ഫാക്ടറികളില്‍നിന്ന് അത്യാധുനിക വിമാനങ്ങളും വിമാന എഞ്ചിനുകളും വാങ്ങാമെന്ന പല രാജ്യങ്ങളുടെയും ഉറപ്പ്... കാരണങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട് ട്രംപ്.

ഒമ്പത് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന അവകാശവാദം ട്രംപ് ലേഖനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. "ഇന്ത്യ-പാക് ഉള്‍പ്പെടെ യുദ്ധങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായകമായത് താരിഫ് ആണ്. താരിഫുകളാണ് കഴിഞ്ഞ തലമുറകളിൽ അമേരിക്കയെ ശക്തിപ്പെടുത്തിയത്. രാജ്യത്തെ മുന്‍കാലത്തേക്കാള്‍ ശക്തവും സുരക്ഷിതവും സമ്പന്നവുമാക്കുന്നതും താരിഫുകളാണ്. താരിഫുകൾ ദേശീയസുരക്ഷയെ വളരെയധികം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന കാര്യവും നിഷേധിക്കാനാവില്ല" - തികഞ്ഞ ആത്മവിശ്വാസത്തോടെ ട്രംപ് പറയുന്നു. കഴിഞ്ഞവര്‍ഷവും, ഓരോ ദിവസവും പുറത്തുവരുന്ന സാമ്പത്തിക അതിശയങ്ങള്‍ക്കിടെ, തന്നെയും തന്റെ താരിഫുകളെയും സംശയത്തോടെ നോക്കിക്കണ്ട വാള്‍സ്ട്രീറ്റിലെ സാമ്പത്തിക വിദഗ്ധര്‍ 'എല്ലാ കാര്യത്തിലും ട്രംപ് ശരിയായിരുന്നു' എന്നെഴുതിയ തന്റെ പ്രിയപ്പെട്ട ചുവന്ന തൊപ്പികളിലൊന്ന് ധരിക്കണം എന്നുകൂടി പറഞ്ഞാണ് ട്രംപ് ലേഖനം അവസാനിപ്പിക്കുന്നത്.

ട്രംപിനെ മനസിലാകാത്ത മിത്രങ്ങള്‍ക്കുള്ള ടിപ്സ്

"പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്​. അതിൽ എന്തെങ്കിലും ചെറിയ എമൗണ്ട്​ കൂട്ടിയിട്ടുണ്ട്​. ടോട്ടലായിട്ട്​ വർധന​ ഉണ്ടാവുന്നില്ല. വില കുറയുകയാണ്​ ചെയ്​തത്​. അന്താരാഷ്​ട്ര വിപണിയിൽ കുറയു​മ്പോള്‍ അതി​​ന്റെ ഒരംശമാണ്​ കൂട്ടുന്നത്​. കഴിഞ്ഞ ദിവസം രണ്ടു രൂപയിലധികം കുറഞ്ഞു. ഇന്നലെ വരെ കൊടുത്ത വിലയിൽ കൂടുതലുണ്ടാവുന്നില്ല".

ഒടുക്കത്തെ കുത്ത്: ഉട്ടോപ്യ ആണ്. കണ്ണില്‍ കാണാത്തതും, ലോകത്ത് നടക്കാത്തതുമൊക്കെ പറഞ്ഞെന്നു വരും. എന്തേലും എവിടേലും സാദൃശ്യം തോന്നിയിട്ട്, കല്ലെടുത്ത് എറിയാന്‍ വരരുത്. കാരണം, ഇതൊക്കെ തികച്ചും സാങ്കല്‍പ്പികമാണ്. എന്റെ വാക്കാണേ സത്യം.

SCROLL FOR NEXT