

സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി കഴുകിയ പാത്രവും പൊക്കിപ്പിടിച്ചുകൊണ്ട് ചിലര്‍ സമൂഹമാധ്യങ്ങളില്‍ ഉറഞ്ഞുതുള്ളുകയാണ്. സിപിഐഎം ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി ഒരു വീട്ടിലെത്തിയ ബേബി, ഭക്ഷണം കഴിച്ചശേഷം ആ പാത്രം കഴുകിവെച്ചു. കഴിച്ച പാത്രം കഴുകുന്നത് ബേബിയുടെ ശീലമാണ്. ചെറുപ്പം മുതലുള്ള ശീലം ബേബി ഇപ്പോഴും തുടരുന്നു. അതിലിപ്പോള്‍ എന്താ തെറ്റെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അത് കളിയാക്കപ്പെടേണ്ട ഒന്നല്ല, എന്നു മാത്രമല്ല അനുകരിക്കാവുന്നതുമാണ്. ചിലര്‍ക്കത് ശീലമില്ലാത്തതുകൊണ്ടും, പുതിയ എന്തോ കാര്യമായി തോന്നിയതും കൊണ്ടാണ് ഈ ബഹളമത്രയും. വീട്ടില്‍ അമ്മയോ, പെങ്ങളോ, ഭാര്യയോ, വേലക്കാരിയോ ചെയ്യേണ്ട ജോലിയായി മാത്രം അതിനെ കാണുന്നവര്‍ക്ക് എന്തും പറയാം.
വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയാല്‍ അത് ചിലപ്പോള്‍ കണ്ണെങ്കിലും തുറിക്കും. ഇവരോട് പറഞ്ഞിട്ട് എന്താകാന്‍...? എങ്കിലും, ബേബി കഴുകിവച്ച പാത്രവുമെടുത്ത് ഇറങ്ങിയവരോട്, പ്രത്യേകിച്ച് കോണ്‍ഗ്രസുകാരോട് ചില കാര്യങ്ങള്‍ പറയാമെന്ന് കരുതുന്നു. കാശ് അണ്ണന്‍ തരുമെന്ന് പറഞ്ഞ് ഉണ്ടംപൊരിയും ചായയും കുടിച്ച് സ്ക്കൂട്ടാകുന്ന നിങ്ങള്‍ക്ക് ഗാന്ധിജിയെ അറിയുമോ? നമ്മുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ... പശമുക്കി ഉടയാത്ത ഖദര്‍ കുപ്പായത്തിന്റെ പോക്കറ്റില്‍ മടക്കിയിട്ട നോട്ടിലും, പാര്‍ട്ടി ആപ്പീസിലെ ഫോട്ടോയിലും കാണുന്ന ഗാന്ധിയെ അല്ല, അങ്ങ് ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും ശുചിത്വത്തിനായി പോരാടിയ ഗാന്ധിജിയെ അറിയുമോ എന്നാണ് ചോദ്യം. പുതിയകാലത്തെ ഖദര്‍ദാരികള്‍ക്ക് ആ ഗാന്ധിജിയെ അത്ര പരിചയം കാണില്ലെന്ന് അറിയാം. എന്നാലും വെറുതെ ചോദിച്ചെന്നു മാത്രം.
'സ്വച്ഛ ഭാരതം' എന്ന് നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. പക്ഷേ, അത്തരമൊരു ആശയം സ്വജീവിതംകൊണ്ട് കാണിച്ചുതന്നിട്ടുണ്ട് ഗാന്ധി. ഹിന്ദു യാഥാസ്ഥിതിക കുടുംബാംഗമെന്ന നിലയില്‍ 'തൊട്ടുകൂടായ്മ' പോലെയുള്ള സാമുഹ്യ വ്യവസ്ഥകളൊക്കെ ഗാന്ധി നേരിട്ട് അറിഞ്ഞിരുന്നു. ഇതര ജാതിമതസ്ഥരെയോ, വീട്ടില്‍ മാലിന്യം നീക്കാന്‍ വരുന്ന ജോലിക്കാരെയോ തൊടുന്നതുപോലും വിലക്കപ്പെട്ടിരുന്നതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഗാന്ധിയുടെ പ്രതിരോധം. തൊട്ടുകൂടാത്തവനെ തൊട്ടാല്‍ കുളിക്കണമെന്ന അമ്മയുടെ ശാഠ്യത്തെയായിരുന്നു ആദ്യം ചോദ്യം ചെയ്തത്. ഉള്ളിന്റെയുള്ളില്‍ നാമ്പിട്ട കലാപബോധം കാലം കഴിയുംതോറും ശക്തമായി വളർന്നു. അത് പിന്നീട് അദ്ദേഹത്തിന്റെ അന്തർചേതനയുടെ ശബ്ദമായി മാറി. അത് ഇന്ത്യക്കകത്തും പുറത്തും പലതവണ ഉയര്‍ന്നുകേട്ടു.
സ്വന്തം കാര്യങ്ങള്‍ സ്വന്തമായി ചെയ്യുക എന്നതായിരുന്നു ഗാന്ധിയുടെ രീതി. സ്വന്തം മുറി വ്യത്തിയാക്കുന്നതും, വസ്ത്രം കഴുകുന്നതും, കഴിച്ച പാത്രം കഴുകുന്നതും, ശുചിമുറികള്‍ വൃത്തിയാക്കുന്നതും ഉള്‍പ്പെടെ കാര്യങ്ങള്‍ ഗാന്ധി തന്നെയാണ് ചെയ്തിരുന്നത്. തന്നെ കാണാനെത്തുന്ന അതിഥികളുടെ കാര്യങ്ങളിലും അത് പാലിച്ചു. യാത്രകളിലും, മറ്റുള്ള വീടുകളില്‍ തങ്ങുമ്പോഴുമെല്ലാം അത് തുടര്‍ന്നു. ഏതൊരു ജോലിക്കും അതിന്റെ അന്തസ് ഉണ്ടെന്ന് അദ്ദേഹം പഠിപ്പിച്ചു. വൃത്തിയുള്ള/അന്തസുള്ള ജോലി, വൃത്തിയില്ലാത്ത/അന്തസില്ലാത്ത ജോലി എന്നിങ്ങനെ വേര്‍തിരിവുകളെ ഇല്ലാതാക്കുന്നതായിരുന്നു ഗാന്ധിയന്‍ ആശയം. ജാതി അടിസ്ഥാനമാക്കിയുള്ള ജോലി സമ്പ്രദായങ്ങളെ അപ്പാടെയാണ് ഗാന്ധി ഇത്തരത്തില്‍ ചോദ്യം ചെയ്തത്. മാലിന്യം നീക്കാനും, പൊതുവിടങ്ങള്‍ വൃത്തിയാക്കാനും എത്തുന്നവരെ അകറ്റിനിര്‍ത്തിയ സമൂഹത്തെ നോക്കി 'ഓരോരുത്തരും സ്വന്തം തോട്ടിപ്പണിക്കാരന്‍' ആകണമെന്ന് പറഞ്ഞ്, ശുചിത്വത്തെ വ്യക്തിപരമായ ഉത്തരവാദിത്തമാക്കി മാറ്റി.
തൊട്ടുകൂടായ്മയെയും ശുചിത്വത്തെയും കുറിച്ച് ഗാന്ധി പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്തു. ജൊഹന്നാസ്ബര്‍ഗിലെ ഇന്ത്യന്‍ സമൂഹത്തിനിടെ പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോഴും, ഇന്ത്യയില്‍ പ്ലേഗ് ഭീതി പടര്‍ത്തിയപ്പോഴുമെല്ലാം ഗാന്ധി ശുചിത്വ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത് ചരിത്രമാണ്. വീടുകള്‍ തോറും നടന്ന് കക്കൂസുകള്‍ ഉള്‍പ്പെടെയാണ് ഗാന്ധിയും സംഘവും വൃത്തിയാക്കിയത്. ഇതൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവരോട് ഒരു സംഭവം പറയാം. വര്‍ഷം 1901. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സെഷനിൽ പങ്കെടുക്കാൻ ഗാന്ധി ഇന്ത്യയില്‍ എത്തിയ കാലം. കോൺഗ്രസ് ക്യാമ്പിലെ വൃത്തിയില്ലായ്മ ഗാന്ധിയെ അലോസരപ്പെടുത്തി. വളരെ കുറച്ച് കക്കൂസുകള്‍ മാത്രമാണുണ്ടായിരുന്നത്, എന്നാല്‍ വലിയ തിരക്കും. വൊളന്റീയര്‍മാരില്‍ ചിലരോട് വൃത്തിയില്ലായ്മയെക്കുറിച്ച് ഗാന്ധി പറഞ്ഞു. "ഇതൊന്നും ഞങ്ങളുടെ പണിയല്ല, തോട്ടിപ്പണിക്കാരന്‍ വന്ന് ചെയ്യട്ടെ" എന്നായിരുന്നു അവരുടെ മറുപടി. ഇത് കേട്ടതും, ആരോടോ ചോദിച്ചു വാങ്ങിയ ചൂലുമായി ഗാന്ധി ആ പരിസരം അത്രയും വൃത്തിയാക്കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാകെ അത്ഭുതപ്പെടുത്തി. ആ അമ്പരപ്പ് തലമുറ കൈമാറി ഇന്നത്തെ കോണ്‍ഗ്രസുകാരിലും ഭദ്രമാണ്. അതുകൊണ്ട് ബേബി പെട്ടു, ഗാന്ധി രക്ഷപ്പെട്ടു.
അറിവും വിദ്യാഭ്യാസവും ഉപദേശങ്ങളിലൂടെ മാത്രമല്ല, വ്യക്തിപരമായ മാതൃകയിലൂടെയാണ് ഫലപ്രദമാകുന്നതെന്ന പക്ഷക്കാരനായിരുന്നു ഗാന്ധി. തെറ്റിയും തിരുത്തിയുമാണ് ഗാന്ധി അത്തരമൊരു നിലപാടിലേക്ക് എത്തിപ്പെട്ടത്. പഠനകാലയളവില്‍, സ്വന്തം കിടക്കവിരിയും ഉപയോഗിക്കുന്ന പാത്രവും വസ്ത്രവും കക്കൂസും വൃത്തിയാക്കാനും, സ്വന്തമായി ഭക്ഷണം പാകം ചെയ്യാനുമൊക്കെ സഹപാഠികളോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കാര്യമൊന്നുമുണ്ടായില്ല. പിന്നീടത് സ്വയം ചെയ്തുകാണിച്ചുകൊണ്ടായിരുന്നു ഗാന്ധി മാതൃക സൃഷ്ടിച്ചത്. അത് തന്നെയല്ലേ, ബേബിയും കാണിച്ചുതരുന്നത്. ആ ശീലത്തെ തെരഞ്ഞെടുപ്പ് നാടകം എന്നൊക്കെ വിശേഷിപ്പിക്കുന്നതിനെ എങ്ങനെയാണ് ഉള്‍ക്കൊള്ളാനാകുക. ഇനി, ഇത്രയൊക്കെ പറഞ്ഞിട്ടും ബേബിയെ പരിഹസിക്കാനാണ് തീരുമാനമെങ്കില്‍ ഗാന്ധിജിയെക്കൂടി അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തണം. ഒരു തരത്തിലും വിട്ടുപോകാന്‍ പാടില്ല.
ലാസ്റ്റ് സ്റ്റോപ്പ്: വീട്ടിലായാലും പാർട്ടി ഓഫീസിലായാലും ബേബി ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി വെയ്ക്കാറുണ്ട്. ബേബിയുടെ വീട്ടിൽ ഞാൻ ചെല്ലുമ്പോഴെല്ലാം അദ്ദേഹം ഭക്ഷണം വിളമ്പി തരുകയും എന്റെ പാത്രം കഴുകുകയും ചെയ്തിട്ടുണ്ട്. പാത്രത്തിൽ എടുക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒന്നും ഉപേക്ഷിക്കുകയോ പാഴാക്കുകയോ ചെയ്യാറില്ല. സദ്യയ്ക്കു പോയാൽ ഇലയിലെ ഭക്ഷണം വടിച്ചെടുക്കുകയും വിരലുകൾ നക്കി തുടയ്ക്കുകയും ചെയ്യുന്നത് ഞാൻ കൗതുകപൂർവ്വം നോക്കിയിട്ടുണ്ട്.
(ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ എഴുതിയത്)