വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് എന്ന് സ്വയം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് എന്ന തലക്കെട്ടുള്ളത്.
2026 ജനുവരി മുതല്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് എന്ന തലക്കെട്ടിലുള്ള വിക്കിപീഡിയ പേജിന് സമാനമായ എഡിറ്റ് ചെയ്ത ചിത്രമാണ് ട്രംപ് പങ്കുവെച്ചിരിക്കുന്നത്. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ തട്ടിക്കൊണ്ടു പോയതിനു പിന്നാലെയാണ് ട്രംപിന്റെ സ്വയം പ്രഖ്യാപനം.
മഡൂറോയെ തട്ടിക്കൊണ്ടു പോയതിനു പിന്നാലെ, വെനസ്വേലയിലെ ഭരണം താല്‍ക്കാലികമായി അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും എണ്ണ സമ്പത്ത് അമേരിക്ക കൈകാര്യം ചെയ്യുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
വെനസ്വേലയിലെ സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഡെല്‍സി റോഡ്രിഗസാണ് ഇപ്പോള്‍ ഇടക്കാല പ്രസിഡന്റ്. നേരത്തേ, ക്യൂബയുടെ പ്രസിഡന്റായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ നിയമിക്കണമെന്ന പോസ്റ്റും ട്രംപ് ട്രൂത്ത് സോഷ്യലില്‍ ഷെയര്‍ ചെയ്തിരുന്നു. നല്ല ആശയമാണ് എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ് പങ്കുവെച്ചത്.
ആധുനിക ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ഒന്നാണ് ഒരു രാജ്യം മറ്റൊരു രാജ്യത്തെ ഭരണാധികാരിയെ സൈനികമായി പിടികൂടി സ്വന്തം രാജ്യത്ത് കൊണ്ടു വന്ന് വിചാരണ ചെയ്യുന്നത്. മഡൂറോയെ പിടികൂടിയതിനു ശേഷവും വെനസ്വേലയിലുള്ള സിവില്‍ ഭരണകൂടത്തെ അവഗണിക്കുന്ന നിലപാടാണ് യുഎസിന്റേത്.
യുഎസിന്റെ നടപടിക്കെതിരെ യുഎന്‍ അടക്കം രംഗത്തെത്തിയിരുന്നു. അപകടകരമായ കീഴ് വഴക്കമെന്നും ഒരു പരമാധികാര രാഷ്ട്രത്തിന്റെ ഭരണാധികാരിയെ പിടികൂടുന്നത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.
വെനസ്വേലയ്ക്കു പിന്നാലെ ക്യൂബയ്ക്കും മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. യുഎസുമായി കരാറിലെത്തിയില്ലെങ്കില്‍ ഇനി അവിടെ നിന്ന് എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ല എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ക്യൂബയോട് കല്‍പ്പിക്കാന്‍ യുഎസിന് ധാര്‍മികമായി യാതൊരു അവകാശവുമില്ലെന്ന് ക്യൂബന്‍ പ്രസിഡന്റും പ്രതികരിച്ചു.