WORLD

'തെറ്റ് അവരുടെ ഭാഗത്താണ്'; യുവതിയെ വെടിവെച്ചു കൊന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ ന്യായീകരിച്ച് ട്രംപ്

ഉദ്യോഗസ്ഥര്‍ക്കുമേല്‍ വാഹനമോടിച്ചു കയറ്റാന്‍ ശ്രമിച്ചതുകൊണ്ടാണ് വെടിവെക്കേണ്ടി വന്നതെന്നാണ് ട്രംപിന്റെ ന്യായീകരണം

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: യുഎസില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യുവതിയെ വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെറ്റ് യുവതിയുടെ ഭാഗത്തായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ക്കുമേല്‍ വാഹനമോടിച്ചു കയറ്റാന്‍ ശ്രമിച്ചതുകൊണ്ടാണ് വെടിവെക്കേണ്ടി വന്നതെന്നുമാണ് ട്രംപിന്റെ ന്യായീകരണം.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. മിനിയാപൊളിസില്‍ നടന്ന കുടിയേറ്റ പരിശോധനയ്ക്കിടെയാണ് 37 കാരിയായ യുവതിയെ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നത്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനെ വാഹനം കൊണ്ട് ഇടിച്ചിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെപ്പെന്നായിരുന്നു പുറത്തു വന്ന വിവരം. ഇത് തന്നെയാണ് യുഎസ് പ്രസിഡന്റും ആവര്‍ത്തിച്ചത്.

പരിശോധനയ്ക്കിടെ വാഹനത്തിനു നേരെ വെടിയുതിര്‍ക്കുന്നത് ശരിയായ നടപടിയാണോ എന്ന ചോദ്യത്തിന്, യുവതി മോശമായിട്ടായിരുന്നു പെരുമാറിയതെന്നും ഉദ്യോഗസ്ഥനു നേരെ ഓടിച്ചു കയറിയെന്നുമായിരുന്നു ട്രംപിന്റെ മറുപടി. ന്യൂയോര്‍ക്ക് ടൈംസിനോടായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇതിനു ശേഷം വെടിവെപ്പിന്റെ വീഡിയോയും ട്രംപ് പുറത്തുവിട്ടു. സംഭവം ഗൗരവമുള്ളതാണെന്നും അക്രമാസക്തമാണെന്നും ഇത്തരം ദൃശ്യങ്ങള്‍ കാണുന്നത് തനിക്ക് ഇഷ്ടമല്ലെന്നും പറഞ്ഞു കൊണ്ടായിരുന്നു ട്രംപ് വീഡിയോ പ്ലേ ചെയ്തത്.

റോഡില്‍ നിര്‍ത്തിയിട്ട വാഹനത്തിനടുത്തേക്ക് ഉദ്യോഗസ്ഥര്‍ നീങ്ങുന്നതും വാഹനം നീങ്ങാന്‍ തുടങ്ങുമ്പോള്‍ ഉദ്യോഗസ്ഥരിലൊരാള്‍ ഡ്രൈവര്‍ക്കു നേരെ തോക്ക് ചൂണ്ടുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. പിന്നാലെ ഉദ്യോഗസ്ഥന്‍ രണ്ട് തവണ വെടിയുതിര്‍ക്കുന്നതും കാണാം. പിന്നാലെ നിയന്ത്രണം വിട്ട കാര്‍ മാറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയും ചെയ്തു.

റെനീ നിക്കോള്‍ ഗൂഡ് എന്ന യുവതിയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. യുവതിയുടെ കൊലപാതകത്തിനു പിന്നാലെ യുഎസിലെമ്പാടും പ്രതിഷേധവുമായി നിരവധി പേര്‍ തെരുവിലിറങ്ങി. ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച 'മനോനില തെറ്റിയ ഇടതുപക്ഷക്കാരി' എന്നാണ് റെനിയെ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് വിളിച്ചത്. സ്വയം പ്രതിരോധിക്കാനാണ് ഉദ്യോഗസ്ഥന്‍ റെനിയെ കൊലപ്പെടുത്തിയതെന്നും വാന്‍സ് വാദിച്ചു.

SCROLL FOR NEXT