മണ്‍റോ സിദ്ധാന്തം, റൂസ്‌വെൽറ്റ് കോറോളറി... ട്രംപും യുഎസും തുടരുന്ന രാഷ്ട്രീയ തെമ്മാടിത്തം

സാമ്രാജ്യത്വസമാനമായ മേധാവിത്വത്തി​ന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമായ നീക്കം ലോകരാഷ്ട്രീയത്തിന് അപകടമാണ്.
മണ്‍റോ സിദ്ധാന്തം, റൂസ്‌വെൽറ്റ് കോറോളറി... ട്രംപും യുഎസും തുടരുന്ന രാഷ്ട്രീയ തെമ്മാടിത്തം
Published on
Updated on

"ഞാന്‍ യുദ്ധം തുടങ്ങാന്‍ പോകുകയല്ല, പകരം യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ പോകുകയാണ്" എന്ന് സ്വയം വാഴ്ത്തിപ്പാടിയാണ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡന്റായി അധികാരമേറ്റത്. അമേരിക്കയെ മഹത്തരമാക്കുക (Make America Great Again -MAGA) ആണ് ലക്ഷ്യം. യുഎസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കണം. യുഎസ് നികുതിദായകന്റെ പണം ലോകം നന്നാക്കാന്‍ വിനിയോഗിക്കേണ്ടതില്ല, എല്ലാം സ്വന്തം രാജ്യത്തിന്റെ വികസനത്തിന്... എന്നിങ്ങനെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനങ്ങള്‍. അമേരിക്കന്‍ രാജ്യങ്ങളിലും അവയിലെ വിഭവങ്ങളിലും കണ്ണുനട്ടായിരുന്നു ട്രംപിന്റെ ഏകപക്ഷീയ പ്രഖ്യാപനങ്ങള്‍. അതിന് ഇടര്‍ച്ച വരുന്നതെന്തും ട്രംപിനെ അലോസരപ്പെടുത്തും. വെനസ്വേലയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. ലോകരാഷ്ട്രീയത്തില്‍ ഇടപടാതെ, യുഎസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ വന്ന ട്രംപ്, സ്വന്തം ഇഷ്ടങ്ങള്‍ നടപ്പാക്കാന്‍ മണ്‍റോ സിദ്ധാന്തത്തെയും റൂസ്‌വെല്‍റ്റ് കോറോളറിയെയും പൊടിതട്ടിയെടുത്തിരിക്കുകയാണ്. സാമ്രാജ്യത്വസമാനമായ മേധാവിത്വത്തി​ന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമായ നീക്കം ലോകരാഷ്ട്രീയത്തിന് അപകടമാണ്.

മണ്‍റോ സിദ്ധാന്തം

1823 ഡിസംബർ രണ്ടിന് പ്രസിഡന്റ് ജയിംസ് മൺറോ കോൺഗ്രസിൽ അവതരിപ്പിച്ച വാര്‍ഷിക സന്ദേശത്തിലാണ് മൺറോ സിദ്ധാന്തത്തിന്റെ (Monroe Doctrine) പിറവി. പടിഞ്ഞാറന്‍ അർധഗോളത്തെ (Western Hemisphere), പ്രത്യേകിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ യുഎസിന്റെ താൽപര്യ മേഖലയായി യൂറോപ്യൻ ശക്തികൾ അംഗീകരിക്കണം എന്നതാണ് സിദ്ധാന്തത്തിന്റെ കാതൽ. ലാറ്റിൻ അമേരിക്കയിലോ, മറ്റ് അമേരിക്കൻ ഭൂഖണ്ഡ രാജ്യങ്ങളിലോ യൂറോപ്യൻ ഇടപെടലുകൾ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് കൂടിയാണ് മൺറോ സിദ്ധാന്തം.

യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ കിടമത്സരം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് മനസിലാക്കിയായിരുന്നു മണ്‍റോയുടെ നീക്കം. യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കൻ ഭൂഖണ്ഡത്തിൽ കോളനിവൽക്കരണമോ, നിയമിത ഭരണാധികാരികളെയോ (puppet monarchs) സ്ഥാപിക്കരുതെന്നായിരുന്നു മണ്‍റോയുടെ നിര്‍ദേശം. ലോകരാഷ്ട്രീയത്തില്‍നിന്ന് യുഎസ് മാറിനില്‍ക്കും, അതുപോലെ അമേരിക്കയ്ക്ക് പുറത്തുള്ള ലോകശക്തികള്‍ അമേരിക്കന്‍ രാജ്യങ്ങളെയും വെറുതെവിടണം. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ആശങ്കകളുമൊക്കെ കണക്കിലെടുത്തായിരുന്നു മണ്‍റോ അത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.

മണ്‍റോ സിദ്ധാന്തം, റൂസ്‌വെൽറ്റ് കോറോളറി... ട്രംപും യുഎസും തുടരുന്ന രാഷ്ട്രീയ തെമ്മാടിത്തം
വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡൂറോ യുഎസ് കസ്റ്റഡിയിൽ; സോഷ്യൽ മീഡിയ പോസ്റ്റുമായി ട്രംപ്

1865ല്‍ മണ്‍റോ സിദ്ധാന്തം നയതന്ത്രതലത്തില്‍ യുഎസ് പ്രയോഗിച്ചു. ഫ്രാന്‍സിന്റെ പിന്തുണയോടെ മെക്സിക്കോയിൽ ചക്രവർത്തിയായി നിയമിക്കപ്പെട്ട മാക്സിമിലിയനെതിരായ പോരാട്ടത്തില്‍ മെക്സിക്കൻ പ്രസിഡന്റ് ബെനിറ്റോ ഹുവാരസിനൊപ്പമായിരുന്നു യുഎസ്. യുഎസിന്റെ നയതന്ത്രപരവും സൈനികപരവുമായ പിന്തുണയിലായിരുന്നു ഹുവാരസിന്റെ ജയം. അയൽരാജ്യങ്ങളോടും, അമേരിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളോടും യുഎസിന് പ്രത്യേക താല്‍പ്പര്യം തോന്നുക സ്വഭാവികമാണ്. എന്നാല്‍ യുഎസ് താല്‍പ്പര്യം പ്രകടിപ്പിച്ച രീതികള്‍ പലപ്പോഴും ഈ രാജ്യങ്ങള്‍ക്കൊന്നും അത്രത്തോളം സ്വീകാര്യമായിരുന്നില്ല. എന്നിട്ടും, പടിഞ്ഞാറന്‍ അര്‍ധഗോളത്തോടുള്ള യുഎസ് വിദേശനയത്തിന്റെ സുപ്രധാന പ്രഖ്യാപനമായി മണ്‍റോ സിദ്ധാന്തം മാറി.

റൂസ്‌വെൽറ്റ് കോറോളറി

നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം, 1904, 1905 വര്‍ഷങ്ങളില്‍ പ്രസിഡന്റ് തിയോഡര്‍ റൂസ്‌വെല്‍റ്റ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മണ്‍റോ സിദ്ധാന്തം മറ്റൊരു തലത്തിലേക്ക് എത്തിയത്. 1904ൽ, ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കടങ്ങൾ ഈടാക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങൾ സായുധ ഇടപെടല്‍ നടത്തുമെന്ന് ഭീഷണി മുഴക്കി. ഇതിന് മറുപടിയായി പ്രസിഡന്റ് റൂസ്‌വെൽറ്റ്, 'സ്ഥിരം അകൃത്യങ്ങൾ' (chronic wrongdoing) തടയുന്നതിനായി യുഎസിന് 'അന്താരാഷ്ട്ര പൊലീസ് അധികാരം' (international police power) ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചു. ഇത് 'റൂസ്‌വെൽറ്റ് കോറോളറി' (Roosevelt's Corollary) എന്നാണ് അറിയപ്പെടുന്നത്. അക്ഷരാര്‍ഥത്തില്‍ മൺറോ സിദ്ധാന്തത്തിന്റെ വിപുലീകരണമായിരുന്നു റൂസ്‌വെല്‍റ്റിന്റെ നിര്‍ദേശങ്ങള്‍. യൂറോപ്യൻ ശക്തികളെ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് അകറ്റിനിർത്താനുള്ളതായിരുന്നു മൺറോ സിദ്ധാന്തം. എന്നാല്‍, പടിഞ്ഞാറന്‍ അര്‍ധഗോളത്തിലെ രാജ്യങ്ങളിലും അതിനപ്പുറവും യുഎസ് ഇടപെടുന്നതിനെ ന്യായീകരിക്കുന്ന സിദ്ധാന്തമായിരുന്നു റൂസ്‌വെൽറ്റ് കോറോളറി.

മണ്‍റോ സിദ്ധാന്തം, റൂസ്‌വെൽറ്റ് കോറോളറി... ട്രംപും യുഎസും തുടരുന്ന രാഷ്ട്രീയ തെമ്മാടിത്തം
"ഞാൻ കുറ്റക്കാരനല്ല, ഇപ്പോഴും വെനസ്വേലയുടെ പ്രസിഡൻ്റ്"; യുഎസ് കോടതിയിൽ നിക്കോളാസ് മഡൂറോ

ഒന്നാം ലോകമഹായുദ്ധം വരെ യുഎസ് ലോകരാഷ്ട്രീയത്തില്‍ ഇടപെടാതെ മാറിനിന്നിരുന്നു. പിന്നീട് 1917ലാണ് ബ്രിട്ടന്റെ നിര്‍ബന്ധത്തില്‍ സഖ്യകക്ഷികള്‍ക്കൊപ്പം ചേരുന്നത്. യാത്രാ, വാണിജ്യ കപ്പലുകള്‍ക്കുനേരെ ജര്‍മ്മനി ആക്രമണം തുടരുന്ന നാളിലായിരുന്നു പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ നിര്‍ണായക തീരുമാനമെടുത്തത്. ലോകരാഷ്ട്രീയത്തില്‍ ഇടപെടാതെ മാറിനിന്ന 19-ാം നൂറ്റാണ്ടില്‍ യുഎസ് വ്യാവസായികമായും സൈനികമായും പുരോഗതി പ്രാപിച്ചിരുന്നു. എന്നാല്‍ അതിനുശേഷം, ലോകരാഷ്ട്രീയത്തില്‍നിന്ന് യുഎസ് പൂര്‍‌ണമായി വിട്ടുനിന്നിട്ടില്ല. പടിഞ്ഞാറന്‍ അര്‍ധഗോളത്തിനപ്പുറം രാജ്യങ്ങളുടെ കാര്യത്തില്‍ ആവശ്യമില്ലാതെ തലയിടുകയും ചെയ്യുന്നുണ്ട്. അതിന് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ വകഭേദങ്ങള്‍ ഇല്ല എന്നതാണ് വസ്തുത. വന്‍ നശീകരണ ആയുധങ്ങളുടെ പേര് പറഞ്ഞ് ഇറാഖിലേക്കും, ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ പേരും പറഞ്ഞ് അഫ്ഗാനിസ്ഥാനിലേക്കും യുഎസ് പാളയമിറങ്ങിയത് ലോകം കണ്ടതാണ്. ട്രംപിലേക്കെത്തുമ്പോഴും കാര്യങ്ങളൊന്നും മാറിയിട്ടില്ല.

എന്തുകൊണ്ട് വെനസ്വേല?

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള (300 ബില്യണ്‍ ബാരല്‍) രാജ്യമാണ് വെനസ്വേല. അവിടെയാണ് പ്രസിഡന്റ് നിക്കോളാസ് മഡൂറോ ചൈനയ്ക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ വിറ്റത്. മാത്രമല്ല, ഏതാനും എണ്ണപ്പാടങ്ങളുടെ നിയന്ത്രണം ചൈനീസ് കമ്പനികള്‍ക്ക് കൈമാറുകയും ചെയ്തു. റഷ്യയും വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങുന്നുണ്ട്. ഇതൊക്കെയാണ് ട്രംപിനെ അലോസരപ്പെടുത്തിയത്. മഡൂറോയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുന്നതിലൂടെ ഇതിനെല്ലാം പരിഹാരം കാണാമെന്നാകും ട്രംപ് കണക്കുക്കൂട്ടുന്നത്. ചൈനയുടെയും റഷ്യയുടെയും സഹകരണം ഇല്ലാതാകുന്നതോടെ, യുഎസ് എണ്ണ കമ്പനികള്‍ക്ക് വെനസ്വേലയില്‍ കൂടുതല്‍ അവസരം ലഭ്യമാകും. യുഎസ് താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിനെ വാഴിച്ചാല്‍ വിഭവങ്ങളെ നിയന്ത്രിക്കാം. എണ്ണ ശേഖരത്തിനു പുറമേ, വലിയ വാതക നിക്ഷേപവും, ലാറ്റിന്‍ അമേരിക്കയിലെ ഗണ്യമായ സ്വര്‍ണ ശേഖരവും റെയര്‍ എര്‍ത്ത് എലമെന്റ്സും കൊണ്ട് സമ്പന്നമാണ് വെനസ്വേല. അതു കൂടി കണ്ടിട്ടുള്ളതാണ് ട്രംപിന്റെ നീക്കങ്ങള്‍.

മണ്‍റോ സിദ്ധാന്തം, റൂസ്‌വെൽറ്റ് കോറോളറി... ട്രംപും യുഎസും തുടരുന്ന രാഷ്ട്രീയ തെമ്മാടിത്തം
വിശാലമായ എണ്ണപ്പാടങ്ങള്‍ ലക്ഷ്യം വെച്ചുള്ള ട്രംപിന്റെ തന്ത്രം; മഡൂറോയ്‌ക്കെതിരായ നടപടിക്കു പിന്നിലെ കാരണം

ഇതൊന്നും വെനസ്വേലയിൽ മാത്രമായി ഒതുങ്ങിയേക്കില്ല എന്നതാണ് ആശങ്കയുടെ മറുവശം. ക്യൂബ, കൊളംബിയ, മെക്സികോ എന്നീ രാജ്യങ്ങള്‍ കൂടിയുണ്ട് ട്രംപിന്റെ പട്ടികയില്‍. വെനസ്വേലയുടെ കാര്യത്തില്‍ പറഞ്ഞ ന്യായം തന്നെയാണ് ഈ രാജ്യങ്ങളുടെ കാര്യത്തിലും ട്രംപ് മുന്നോട്ടുവയ്ക്കുന്നത്; "മയക്കുമരുന്നിന്റെ കാര്യത്തില്‍ ഈ രാജ്യങ്ങളൊന്നും കൃത്യമായ നടപടിയെടുക്കുന്നില്ല". വെനസ്വേലയ്ക്കെതിര ട്രംപ് ഉന്നയിച്ച മയക്കുമരുന്ന് കടത്ത് ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്ന് വ്യക്തമാണ്. യുഎന്‍ ഓഫിസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈമിന്റെ 2025ലെ വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ടിലോ, 2025ലെ യൂറോപ്യന്‍ ഡ്രഗ് റിപ്പോര്‍ട്ടിലോ വെനസ്വേലയ്ക്കെതിരെ ഇത്തരത്തിലൊരു പരാമര്‍ശം പോലുമില്ല. എന്നിട്ടും വെറും ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റൊരു പരമാധികാര രാജ്യത്തിനുമേല്‍ കടന്നുകയറാന്‍ ട്രംപിന് ആകുന്നു എന്നതാണ് ഏറ്റവും അപകടകരമായ സാഹചര്യം. അന്താരാഷ്ട്ര സംഘടനകളെയും വേദികളെയുമൊക്കെ നോക്കുക്കുത്തിയാക്കിയാണ് ട്രംപും യുഎസും 'രാഷ്ട്രീയ തെമ്മാടിത്തം' പയറ്റിക്കൊണ്ടിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com